തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് യോഗത്തിൽ തീരുമാനമെടുക്കും.
നിശ്ചയിച്ചശേഷം നിയമസഭാ സമ്മേളനം റദ്ദാക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്. തലസ്ഥാനത്ത് ഉൾപ്പെടെ കോവിഡ് പടരുന്ന സാഹചര്യത്തിൽ സഭ ചേരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് യോഗം മാറ്റിവച്ചത്.
അതേസമയം, സഭാസമ്മേളനത്തിൽ സർക്കാരിനെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്ന പ്രതിപക്ഷം നിയമസഭ ഒഴിവാക്കുന്നതിനോട് യോജിച്ചിട്ടില്ല.
സഭാസമ്മേളനം മാറ്റിയതോടെ സർക്കാരിനെതിരെ പ്രതിപക്ഷം വി.ഡി.സതീശൻ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസും റദ്ദായി. അവിശ്വാസ പ്രമേയ നോട്ടീസിൽ നിന്നും രക്ഷപ്പെടാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണു നടപടിയെന്നു പ്രതിപക്ഷം ആരോപിക്കുന്നു. നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള തീരുമാനത്തെ ഒളിച്ചോട്ടമെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് കോവിഡ് പടർന്നു തുടങ്ങിയതോടെയാണ് ബജറ്റ് സമ്മേളനം പാതിവഴിയിൽ നിർത്തി സഭ കഴിഞ്ഞ മാർച്ച് 13നു പിരിഞ്ഞത്. ബജറ്റിന്റെ ഭാഗമായുള്ള ധനബിൽ പാസാക്കിയിരുന്നില്ല. ജൂലൈ 31നു മുൻപ് ധനബിൽ പാസാക്കണം.
കഴിഞ്ഞ 15നു ചേർന്ന മന്ത്രിസഭാ യോഗമാണ് ധനബിൽ പാസാക്കുന്നതിനായി 27ന് ഏകദിന നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്.
സമ്മേളനം നിശ്ചയിച്ചശേഷം സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്യുന്നത് ആദ്യം
കോവിഡിനെത്തുടർന്നു നിശ്ചയിച്ച നിയമസഭാ സമ്മേളനം സസ്പെൻഡ് ചെയ്യാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചതോടെ കേരള നിയമസഭയിൽ മറ്റൊരു ചരിത്രം കൂടി പിറന്നു.
നിയമസഭാ സമ്മേളനം നിശ്ചയിച്ചശേഷം ഒഴിവാക്കാൻ വീണ്ടും മന്ത്രിസഭ ഗവർണറോടു ശിപാർശ ചെയ്യുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യ സംഭവമാകും.
അടിയന്തരാവസ്ഥക്കാലത്ത് 1976ൽ നിശ്ചയിച്ച നിയമസഭാ സമ്മേളനത്തിന്റെ തീയതി ഒരു മാസത്തോളം നീട്ടുന്നതിനായി അന്നു മന്ത്രിസഭ ചേർന്നു ശിപാർശ ചെയ്തിരുന്നു.
നിശ്ചയിച്ച നിയമസഭാ സമ്മേളനം ഉപേക്ഷിക്കണമെന്ന ആവശ്യം ഇതുവരെ കേരള നിയമസഭ രൂപീകൃതമായശേഷം ഉയർന്നിട്ടില്ലെന്നാണു ചരിത്ര രേഖ.
കേരള നിയമസഭ രൂപീകൃതമാകുന്നതിനു മുന്പ് 1936ൽ ശ്രീമൂലം പ്രജാസഭയുടെ കാലത്ത് നിശ്ചയിച്ച നിയമസഭാ സമ്മേളനം ഒഴിവാക്കിയിരുന്നു.