അഗളി: നീണ്ട എഴുപത്തിനാലു വർഷത്തെ ദാന്പത്യജീവിതത്തിനു തിരശീല വീഴ്ത്തി കഥാനായകൻ കൂടൊഴിഞ്ഞു. അഗളി കുറവൻപാടിയിൽ വടക്കേടത്ത് വർഗീസ്- ഏലിക്കുട്ടി ദന്പതികൾക്കാണ് എഴുപത്തിനാലുവർഷത്തെ ദാന്പത്യ ജീവിതം നയിക്കാൻ അസുലഭ ഭാഗ്യം ലഭിച്ചത്.
നാലുതലമുറയുടെ നായകനായി അമരത്തിരുന്ന വർഗീസി (വർഗീസ് പാപ്പൻ) ന്റെ സംസ്കാരകർമം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഇന്നലെ ഉച്ചക്ക് 12 ന് കുറവൻപാടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടത്തി.
പാലാ അമനകര നീറന്താനം ഇടവകയിലെ മാണി-കത്രീന ദന്പതികളുടെ എട്ടുമക്കളിൽ മൂന്നാമനായിരുന്നു വർഗീസ്. പാലാ മരങ്ങാട്ടുപള്ളിയിൽ ഇലക്കാട് തൊണ്ടിക്കൽ ജോസഫ്-മറിയം ദന്പതികളുടെ എട്ടുമക്കളിൽ മൂത്തയാളായ ഏലിക്കുട്ടിയാണ് സഹധർമിണി. 1947ൽ നീറന്താനം ഇടവകപള്ളിയിൽ വച്ചായിരുന്നു താലികെട്ട്.
1969 ൽ നീറന്താനത്തെ ഭൂമിവിറ്റ് സകുടുംബം അട്ടപ്പാടിയിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് നൂറുകണക്കിന് കുടുംബങ്ങളും രണ്ടു ഇടവകപ്പള്ളിയുമുള്ള കുറവൻപാടി ദേശത്ത് പന്ത്രണ്ടോളം കുടുംബങ്ങൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്.
റോഡും വെളിച്ചവും മറ്റു അടിസ്ഥാന സൗകര്യങ്ങളൊന്നും എത്തിപ്പെടാത്ത കുറവൻപാടിയിൽ പ്രതികൂല കാലാവസ്ഥയോട് പടവെട്ടി മണ്ണിനെ പൊന്നാക്കി മാറ്റി വർഗീസ്-ഏലിക്കുട്ടി ദന്പതികൾ.
സന്തതിപരന്പരകളും ബന്ധുക്കളുമടക്കം വലിയൊരു സുഹൃദ് വലയം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. സദാ പ്രസന്നവദനനും സൗമ്യ ശീലനുമായിരുന്ന അദ്ദേഹത്തെ വർഗീസ് പാപ്പൻ എന്നാണ് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്നത്.
1997 ൽ ഇവരുടെ അന്പതാം വിവാഹവാർഷികം കുറവൻപാടി ഇടവകപള്ളിയിൽ ആഘോഷിച്ചിരുന്നു. നാഗാലാൻഡ്, ബീമാപ്പൂർ, എസ്എബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയറായ സിസ്റ്റർ കാതറിൻ മകളാണ്. സിസ്റ്റർ കാതറിൻ സഭാവസ്ത്രം സ്വീകരിച്ചതിന്റെ അന്പതാംവാർഷികം 2018 ൽ സെന്റ് സെബാസ്റ്റ്യൻ ഇടവകപള്ളിയിൽ നടന്നിരുന്നു.
വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്നെങ്കിലും മരണത്തിന് തൊട്ടടുത്തദിവസം വരെയും പരസഹായമില്ലാതെയാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്.
പ്രിയതമന്റെ വേർപാടിൽനിന്നും തൊണ്ണൂറ്റിമൂന്നുകാരിയായ ഏലിക്കുട്ടി ഇനിയും മുക്തയായിട്ടില്ല. മകൻ മാനുവൽ ജോർജിനോടും ഭാര്യ മൂക്കൻതോട്ടത്തിൽ ആൻസിക്കുമൊപ്പമാണ് കഴിയുന്നത്. സഹോദരി ത്രേസ്യാമ്മ പൈലി (90) കുറവൻപാടി ഉണ്ണിമലയിൽ താമസിക്കുന്നുണ്ട്. സഹോദരങ്ങളായ ഒൗസേപ്പച്ചൻ പാലമറ്റത്തും തൊമ്മച്ചൻ നീറന്താനത്തുമാണ് താമസം.
സിസ്റ്റർ കാതറിൻ, മേരി ചാക്കോ, ഗ്രേസി സെബാസ്റ്റ്യൻ, മാനുവൽ ജോർജ് (ബേബിച്ചൻ), ജോസ് വർഗീസ് (റിട്ടയേഡ് അധ്യാപകൻ ജിഎച്ച് എസ് നെച്ചുള്ളി) എന്നിവർ മക്കളും സെബാസ്റ്റ്യൻ കുരീക്കാട്ടിൽ, ആൻസി മാനുവൽ, ലാലി കുന്നുംഭാഗത്ത് (അധ്യാപിക എഫ് എംഎച്ച്എസ് കരിങ്കല്ലത്താണി), പരേതനായ ചാക്കോ നെടുങ്ങാട് എന്നിവർ മരുമക്കളുമാണ്.