സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് വ്യാപനഭീഷണി തുടരുന്പോൾ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ തൃശൂരിലേക്ക് എത്തുന്നത് ആശങ്ക ഉയർത്തുന്നു. പുത്തൂരിൽ സുവോളജിക്കൽ പാർക്കിൽ രോഗം സ്ഥിരീകരിച്ച പത്തുപേരും അന്യസംസ്ഥാനക്കാരാണ്.
തൃശൂർ നഗരത്തിലും ജില്ലയിലും നിർമാണ പ്രവർത്തനങ്ങളടക്കമുള്ള പല പണികൾക്കും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാതെ നിവൃത്തിയില്ലാത്തതിനാൽ ഇവരുടെ വരവ് നിയന്ത്രിക്കാനാകില്ലെന്ന എതിർവാദവും ഉയരുന്നുണ്ട്.
എന്നാൽ മാസ്ക് ധരിക്കാതെയും സുരക്ഷാ മാർഗങ്ങൾ പാലിക്കാതെയും സാമൂഹിക അകലം നോക്കാതെയും കൂട്ടംകൂടിയിരിക്കുന്ന അന്യസംസ്ഥാനക്കാർ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
രാവിലെ തൃശൂർ നഗരത്തിൽ തെക്കേഗോപുര നടയ്ക്കു സമീപം തന്പടിക്കുന്ന അന്യസംസ്ഥാനക്കാർ യാതൊരുവിധ മുൻകരുതൽ നടപടികളും കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അന്യസംസ്ഥാനത്തു നിന്നുള്ളവർ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാൻ പാടുള്ളൂവെന്നാണു ചട്ടമെങ്കിലും സാമാന്യവിദ്യാഭ്യാസം പോലുമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ ഇതൊന്നും നോക്കാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ നിന്നും പോലീസ് കസ്റ്റ ഡിയിലെടുത്ത തമിഴ്നാട് സ്വദേശിയായ പൂക്കച്ചവടക്കാരൻ ഇത്തരത്തിൽ പെട്ടയാളാണ്. തമിഴ്്നാട്ടിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയാതെ നേരെ പൂക്കച്ചവടത്തിനു വന്നിരിക്കുകയായിരുന്നു ഇയാൾ.
ക്വാറന്റൈനിൽ കഴിഞ്ഞവരാണോ അന്യസംസ്ഥാന തൊഴിലാളികൾ എന്നറിയാതെയാണു പലരും ഇവരെ പണികൾക്കു കൊണ്ടുപോകുന്നത്. ആരോഗ്യവകുപ്പും വളരെ ഗൗരവത്തോടെയാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വരവിനെ നോക്കിക്കാണുന്നത്.
അവരില്ലെങ്കിൽ ഇവിടെ ഒരു പണിയും നടക്കില്ലെന്ന് അധികാരികൾതന്നെ പറയുന്പോൾ അവരുടെ വരവിനു തടയിടാനാവില്ലെന്നു വ്യക്തമാകുന്നു. അന്യസംസ്ഥാന തൊഴിലാളികൾ വന്നില്ലെങ്കിൽ കൃഷിപ്പണി പോലും നടക്കില്ലെന്നാണ് അധികൃതർതന്നെ പറയുന്നത്.
അതിർത്തി കടന്നെത്തുന്ന എല്ലാ തൊഴിലാളികളേയും നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ പാർപ്പിച്ച് ആവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തി കോവിഡ് ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രമേ പുറത്തുവിടാൻ പാടുള്ളൂവെന്ന കർശന നിർദേശം ഇവരെ കൊണ്ടുവരുന്ന കരാറുകാർക്കും മറ്റും നൽകിയിട്ടുണ്ട്.
പുറത്തിറങ്ങിയാലും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അന്യസംസ്ഥാനക്കാരെ ബോധവത്കരിക്കുന്നുണ്ട്.