തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ഇന്നലെ അഞ്ചു മണിക്കൂർ ചോദ്യം ചെയ്തെങ്കിലും നിർണായക തെളിവുകൾ ലഭിക്കാത്തതിനാലാണ് വിട്ടയച്ചതെന്ന് എൻഐഎ വൃത്തങ്ങൾ.
ശിവശങ്കറും സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്നാ സുരേഷും സരിത്തും സന്ദീപ് നായരുമായും ബന്ധമുണ്ടെന്ന് തെളിഞ്ഞെങ്കിലും സ്വർണം കടത്താൻ സഹായം ചെയ്തതായി ബന്ധപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ശിവശങ്കറും മറ്റു പ്രതികളുമായുള്ള പാലം സ്വപ്നാ സുരേഷാണ്. ശിവശങ്കറുമായി പരിചയപ്പെട്ടത് സ്വപ്ന വഴിയെന്നാണ് സരിത്ത് ഉൾപ്പടെയുള്ള പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ശിവശങ്കറും സ്വപ്നയും ഈ മൊഴി ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
സ്വപ്നയുടെ മദ്യ സത്കാര പാർട്ടികളിലടക്കം പങ്കെടുത്തിട്ടുണ്ടെങ്കിലും സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഇത്തരം ഒരു വിവരം അറിഞ്ഞതു തന്നെ സരിത്തിന്റെ അറസ്റ്റിനു ശേഷമാണെന്നുമെന്ന് ശിവങ്കർ നേരത്തെ കസ്റ്റംസിന് നൽകിയ അതേ മൊഴി ഇന്നലെ എൻഐഎയോടും ആവർത്തിച്ചത്.
ശിവശങ്കറിനെ സംശയത്തിന്റെ മുനയിൽ നിർത്തിയിരിക്കുന്ന പ്രധാന മൊഴി സരിത്തിന്റേതാണ്. തങ്ങൾ സ്വർണക്കടത്തു നടത്തുന്ന വിവരം ശിവങ്കറിന് അറിയാമെന്നാണ് സരിത്തിന്റെ മൊഴി. എന്നാൽ ഈ മൊഴി ശിവശങ്കർ നിഷേധിക്കുകയാണ്. ഇനി അതു സാധൂകരിക്കണമെങ്കിൽ ശക്തമായ ഒരുതെളിവ് ലഭിക്കണം.
അതിനുള്ള ശ്രമത്തിലാണ് എൻഐഎ. ഇന്നലത്തെ ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ അന്വേഷണ സംഘം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇതു കസ്റ്റഡിയിലുള്ള പ്രതികളെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്ത് പരിശോധിക്കും. സരിത്ത് സ്വർണകടത്തിൽ ശിവശങ്കറിന് ബന്ധമുണ്ടെന്ന് പറഞ്ഞെങ്കിലും സ്വപ്നാ സുരേഷ് ഇതുവരെ ഇക്കാര്യം പറഞ്ഞിട്ടില്ല.
ശിവങ്കറുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നത് സ്വപ്നാ സുരേഷാണ്. അതിനാൽ സ്വപ്നയുടെ മൊഴി ശിവശങ്കറിന്റെ കാര്യത്തിൽ പ്രധാനമാണ്. പലതരത്തിൽ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തെങ്കിലും ഇതുവരെ ശിവശങ്കറിനെതിരായ ശക്തമായ ഒരു തരത്തിലുമുള്ള മൊഴി സ്വപ്ന നൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.
സ്വപ്നയെ വീണ്ടും എൻഐഎ ചോദ്യം ചെയ്യും. ശിവശങ്കർ സ്വപ്നയുമായുള്ള ദീർഘകാലത്തെ ബന്ധം സംബന്ധിച്ച് വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സ്വപ്നയോട് വീണ്ടും ചോദിച്ചറിയും. ഇതിനിടെ ഇന്നലെ അഞ്ചു മണിക്കൂർ ചോദ്യം ചെയ്ത വിട്ടയച്ച എം ശിവങ്കറിനോട് ചോദ്യം ചെയ്യലിന് കൊച്ചിയിലെ എൻഐഎ ഓഫീസിൽ തിങ്കളാഴ്ച ഹാജരാകാൻ എൻഐഎ നോട്ടീസ് നൽകിയിട്ടുണ്ട്.
ഈ ചോദ്യം ചെയ്യൽ ശിവശങ്കറിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിവശങ്കറിന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലാണ്.
ഇവിടെ സ്വപ്നാ സുരേഷ് ഉൾപ്പടെയുള്ള സ്വർണക്കടത്തു കേസിലെ പ്രതികൾ വന്നിട്ടുണ്ടോയെന്ന് അറിയാനാണ് എൻഐഎ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ ഇന്നോ നാളയോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻഐഎ. ഇതു പരിശോധിക്കുന്ന സമയം കൂടി കണക്കു കൂട്ടിയാണ് തിങ്കളാഴ്ച ശിവശങ്കറിനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
ഇപ്പോൾ തന്നെ ഭരണ പ്രതിക്ഷങ്ങൾ തമ്മിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വലിയ വാക്പോരിലാണ്. ഇതിനാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ എൻഐഎ കൂടുതൽ കടുത്ത നടപടികളിലേയ്ക്ക് കടക്കു. സ്വപ്നയുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും ആണ് ഇനി ശിവശങ്കറിനെ സംബന്ധിച്ച് നിർണായകമാവുക.