കെ.ടി. വിൻസന്റ്
ചാവക്കാട്: ചുവപ്പ് നാടക്കാർ നൽകിയ വെള്ളകാർഡുമായി രണ്ടു കുടുംബങ്ങൾ ഓടാൻ തുടങ്ങിയിട്ടു വർഷം ഒന്നായി. മേലാളൻമാർ കനിയാത്ത കാരണം ഓലക്കുടിലിൽ താമസിക്കുന്നവർക്കു റേഷൻ കടയിൽനിന്ന് ഒന്നും ലഭിക്കില്ല. കാരണം കാർഡ് വെള്ളയാണ്.
സർക്കാർ ഭാഷയിൽ പറഞ്ഞാൽ മുൻഗണനേതര വിഭാഗത്തിലാണ് റേഷൻകാർഡ്. സർക്കാരിൽനിന്നു കൂടുതൽ സഹായം ലഭിക്കേണ്ട കാലഘട്ടത്തിൽ കാർഡിന്റെ നിറം ഇവർക്കു തിരിച്ചടിയായി.
എടക്കഴിയൂർ കാജാ കന്പനിക്കു സമീപം ചക്കന്റകത്ത് ഷീബക്കും മത്രംകോട്ട് ആതിരയ്ക്കുമാണ് ചുവപ്പുനാടയിൽ കുടുങ്ങി ആനുകൂല്യം നിഷേധിക്കുന്നത്.
കാർഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയിൽ പറഞ്ഞിരിക്കുന്ന കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടാൽ ചെയ്തുകൊടുക്കാവുന്ന ഉദ്യോഗസ്ഥർ സർക്കാരിലേക്കു അയച്ചു കാത്തിരിക്കുകയാണ്.
ആവശ്യത്തിനും അനാവശ്യത്തിനും രംഗത്ത് ഇറങ്ങുന്ന പൊതുപ്രവർത്തകർക്കും ഈ പാവങ്ങളുടെ കാര്യത്തിന് ഇടപെടാൻ നേരമില്ല. ആരാണ് ഈ വെള്ളകാർഡിന്റെ ഉടമകൾ? ഷീബയുടെ ഭർത്താവ് മത്സ്യത്തൊഴിലാളിയായ ശ്രീനിവാസൻ വൃക്കരോഗത്തിനും പ്രമേഹത്തിനും ചികിത്സയിൽ കഴിയുന്നു.
കുട്ടികൾ രണ്ടും വിദ്യാർഥികൾ. താമസിക്കുന്ന വീട് ഓലയും പനയും ചേർത്ത് നിർമിച്ച ഷെഡ്. യഥാസമയം കെട്ടിമേച്ചിൽ നടത്താൻ കഴിയാത്തതിനാൽ ഓലയ്ക്കു മുകളിൽ ഷീറ്റ് വലിച്ച് കെട്ടിയിരിക്കുന്നു.
അടുത്ത് താമസിക്കുന്ന മത്രംകോട്ട് ആതിരക്കും കുടുംബത്തിനും സ്ഥിതി മറിച്ചല്ല. ഭർത്താവ് ഉണ്ണികൃഷ്ണൻ ഹോട്ടൽ തൊഴിലാളിയാണ്. കോവിഡ് കാരണം പണിയില്ല.
മക്കൾ ജോലിക്കു പോകാനുള്ള പ്രായമില്ല. ജീവിതം തൊഴിലുറപ്പിൽനിന്നുള്ള വേതനം. ഓലയിൽ തീർത്ത ഷെഡിലാണ് താമസം. കെട്ടിമേച്ചിൽ നടത്താൻ കഴിയാത്തതിനാൽ ഷീറ്റ് വിരിച്ച് കഴിയുന്നു.
റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്കു മാറ്റുന്നതിനു കഴിഞ്ഞവർഷം അപേക്ഷ നൽകി. താലൂക്ക് സപ്ലൈ അധികൃതർ വിളിച്ച് ഹിയറിംഗ് നടത്തി. അതോടെ തീർന്നു നടപടികൾ. പിന്നീട് ഒന്നും സംഭവിച്ചിട്ടില്ല. ഉണ്ണികൃഷ്ണനും ശ്രീനിവാസനും പറയുന്നു.
പകൽപോലെ തെളിഞ്ഞു കിടക്കുന്ന ഈ ഓലക്കുടിലുകാരുടെ കുരുക്കഴിക്കാൻ ആർക്കും നേരമില്ല. ലോകംതന്നെ കൊറോണയുടെ കുരുക്കിലാണ്. അതിനിടയിൽ ഇതൊക്കെ എന്തു കുരുക്ക്.. എന്നാണു ബന്ധപ്പെട്ടവരുടെ മനോഭാവം.