കൊണ്ടോട്ടി: സംസ്ഥാനത്ത് നാലു വർഷത്തിനിടെ സിവിൽ സപ്ലൈസ് വകുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന്് 486 ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽ.
സർക്കാർ തലത്തിൽ 168 പേർക്കെതിരെയും വകുപ്പ് തലത്തിൽ 318 പേർക്കെതിരെയുമാണ് നടപടി. ഇതിൽ പകുതിയും റേഷനിംഗ് ഇൻസ്പെക്ടർമാരാണ്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന്റെയും ക്രമക്കേടിൽ ഉൾപ്പെട്ടതിന്റെയും പേരിലാണ് ഉദ്യോഗസ്ഥർക്കെതിരേ നടിപടിയെടുത്ത്.
സർക്കാർ തലത്തിൽ 78 റേഷനിംഗ് ഇൻസ്പെക്ടർമാർക്കെതിരേയും വകുപ്പ് തലത്തിൽ 166 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. നിയമ നടപടിക്ക് വിധേയരമായവരിൽ 85 പേർ താലൂക്ക് സപ്ലൈ ഓഫീസർമാരാണ്. ഇവരിൽ 45 പേർ വകുപ്പ് നടപടിക്കും 41 പേർ സർക്കാർ തലത്തിലും നടപടിയും നേരിട്ടു.
അസിസ്റ്റന്റ് താലൂക്ക് ഓഫീസർമാരിൽ 34 പേർ വകുപ്പ് തലത്തിലും 13 പേർ സർക്കാർ തലത്തിലും നടപടി നേരിടുകയാണ്. ക്ലർക്കുമാരിൽ 71 പേരാണ് വകുപ്പ് തലത്തിൽ അന്വേഷണം നേരിടുന്നത്. 24 പേർ സർക്കാർ തലത്തിലും അന്വേഷണം നേരിടുന്നുണ്ട്.
ഡെപ്യൂട്ടി കണ്ട്രോളർ ഓഫ് റേഷനിംഗ്് വിഭാഗത്തിൽ മൂന്നുപേരും ജില്ലാ സപ്ലൈ ഓഫീസർമാരിൽ നാലുപേരും സർക്കാർ തലത്തിൽ നടപടി നേരിടുന്നു.
ഡ്രൈവർമാരിൽ മൂന്നുപേരും ഓഫീസ് അറ്റൻഡന്റുമാരിൽ രണ്ടുപേർക്കെതിരേയുമാണ് സർക്കാർ തലത്തിൽ കേസ്. ഓഫീസ് അറ്റൻഡന്റുമാരിൽ രണ്ടുപേർ വകുപ്പു തലത്തിലും നടപടി നേരിടുന്നു.
റേഷൻ വിതരണ രംഗത്തെ അഴിമതി ഒഴിവാക്കാനായി 333 സ്വകാര്യ മൊത്ത വിതരണക്കാരെ ഒഴിവാക്കി റേഷൻ സാധനങ്ങൾ വാതിൽപ്പടി വിതരണം നടത്തിവരികയാണ്. അഴിമതി തടയാനായി ഗുണഭോക്താക്കളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്തു. റേഷൻ കടകൾ കംപ്യൂട്ടർവത്കരിച്ചിട്ടുമുണ്ട്.