
തൊടുപുഴ : ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് പോലീസുകാർക്കായി തൊടുപുഴ ഡിവൈഎസ്പി ഇന്നലെ പുറത്തിറക്കിയ സർക്കുലറിനെ പരിഹസിച്ച് പോലീസുകാരന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ജീവനക്കാർ കോവിഡ്-19 പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അവധിയിലായാലും ക്വാറന്റൈനിലാകാതെ നോക്കണമെന്നും ക്വാറന്റൈനിലായാൽ സ്വന്തം നിലയിൽ ചെലവ് വഹിക്കണമെന്നും ഇവർ വകുപ്പുതല നടപടി നേരിടേണ്ടിവരുമെന്നുമുള്ള സർക്കുലറാണ് വിവാദത്തിലായത്.
ഡിവൈഎസ്പിമാർ മുഖേനയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സർക്കുലർ നൽകിയത്.സിവിൽ പോലീസ് ഓഫീസർമാർ കച്ചവട-വ്യാപാര സ്ഥാപനങ്ങളിൽ പോകുന്നത് ഒഴിവാക്കി ഓണ്‍ലൈൻ വഴി സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണം.
ഇക്കാര്യത്തിൽ മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.സർക്കുലറിലെ വിവരങ്ങൾ എല്ലാ സ്റ്റേഷനുകളിലും അറിയിക്കണമെന്നും ഇന്ന് ഉച്ചയ്ക്ക് 12നു മുന്‍പായി ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനെതിരെയാണ് പോലീസുകാരന്റെ ഭാര്യ ഫേസ്ബുക്ക് പോസ്റ്റിട്ടത്. “കേൾക്കുന്നുണ്ടോ പോലീസുകാരൻ കെട്ടിയോനെ.’ എന്നുതുടങ്ങിയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
സർക്കുലർ അനുസരിച്ച് വീട്ടിലേക്ക് ആവശ്യമായതെല്ലാം ഓണ്‍ ലൈനിൽ വാങ്ങിക്കോണമെന്നും റേഷൻ കടയിലും മാവേലി സ്റ്റോറിലും ഓണ്‍ലൈൻ സൗകര്യം ഏർപ്പെടുത്താൻ മേലധികാരിയോട് പറയണമെന്നുമാണ് പോസ്റ്റിലെ നിർദേശം.
പോലീസുകാർ ഇനി കണ്ടെയ്ൻമന്റ് സോണിൽ ഡ്യൂട്ടിക്ക് പോകില്ലെന്നും അഥവാ പോകേണ്ടി വന്നാൽ കൊറോണയോട് തന്റൊപ്പം വരരുതെന്നും വന്നാൽ താൻ വകുക്കു തല നടപടിയ്ക്കു വിധേയനാകേണ്ടി വരുമെന്ന് അഭ്യർഥിക്കണമെന്നും മറ്റുമാണ് പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.
ബഹുമാനപ്പെട്ട ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെയും തൊടുപുഴ ഡിവൈഎസ്പി അദ്ദേഹത്തിന്റെയും അറിവിലേക്കായി പറയട്ടെ…ഒരു പോലീസുകാരനും കൊറോണയെ വിളിച്ച് വീട്ടിൽ കൊണ്ടുപോകാറില്ല സാർ.. അത്രമേൽ കരുതലോടെയാണ് ഓരോ പോലീസുകാരനും ഈ സിറ്റുവേഷൻ കൈക്കാര്യം ചെയ്യുന്നത്..ഇതൊരു മാതിരി സർക്കുലർ ആയി പോയി സാർ..
മനുഷ്യത്വരഹിതമായ ഈ സർക്കുലർ പിൻവലിക്കുക തന്നെ വേണം.. ഇത്രയും മോശം അവസ്ഥയിലും ജോലി ചെയ്യുന്ന പോലീസുകാർക്ക് കൊടുക്കാൻ പറ്റിയ മെഡലാണ് സാർ വകുപ്പ് തല നടപടി… എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
