കോട്ടയം: ജില്ലയിൽ മോഷണം നിത്യസംഭവമാകുന്പോൾ അന്വേഷണം എങ്ങുമെത്തുന്നില്ലെന്നു പരാതി. കഴിഞ്ഞ ഒരാഴ്ചയ്ക്കി ടയിൽ ജില്ലയിൽ വിവിധ ഇടങ്ങളിലാണ് മോഷണ സംഭവങ്ങൾ അരങ്ങേറിയത്.
കുമാരനെല്ലൂരിലും പാറത്തോട്ടിലും നടന്നതിനു പിന്നാലെ ഇന്നലെ കറുകച്ചാലിൽ പട്ടാപ്പകലാണ് മോഷണം നടന്നത്. സമീപകാലത്തു നടന്ന മോഷണ സംഭവനങ്ങളിലൊന്നും പ്രതികളെ പിടിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.
കറുകച്ചാലിലെ വ്യാപാര സ്ഥാപനത്തിലെ മേശയ്ക്കുള്ളിൽ നിന്നും 8000രൂപയും ജീവനക്കാരിയുടെ രേഖകളും പണവുമടങ്ങിയ ബാഗും നഷ്ടപ്പെട്ടു. ചങ്ങനാശേരി-വാഴൂർ റോഡിൽ ബിവറേജസിന് സമീപം പ്രവർത്തിക്കുന്ന മോഡേണ് ബിൽഡിംഗ് എക്യുപ്മെന്റ്സ് എന്ന സ്ഥാപനത്തിലാണ് വ്യാഴാഴ്ച രണ്ടരയോടെ മോഷണം നടന്നത്.
ജീവനക്കാരായ സോളിയും ബിൻസിയും കടയുടെ പിൻവശത്തെ ഗോഡൗണിലേക്ക് സാധനങ്ങൾ ഇറക്കി വയ്ക്കാൻ പോയപ്പോഴാണ് സംഭവം. മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സോളിയുടെ ബാഗാണ് നഷ്ടമായത്. ബാഗിനുള്ളിൽ 400 രൂപയും എടിഎം കാർഡും, തിരിച്ചറിയിൽ കാർഡുകളും കടയുടെ താക്കോലും ഉണ്ടായിരുന്നു.
കറുകച്ചാൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരാഴ്ച മുൻപാണ് കുമാരനെല്ലൂരിലും പള്ളിയിലുൾപ്പെടെ അഞ്ചിടങ്ങളിൽ മോഷണം നടന്നത്. അവിടെയും പെട്ടിക്കട കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. പാറത്തോടുള്ള വീട് കുത്തിത്തുറന്നു പണം കവർന്നത് ബുധനാഴ്ച രാത്രിയാണ്.
പുതുമന ജസ്വിന്റെ വീട് കുത്തിത്തുറന്നാണ് 40,000 രൂപ മോഷ്ടാക്കൾ കവർന്നത്. ജില്ലയിലെ പലയിടങ്ങളിലും മോഷണം തുടർ സംഭവമായിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് കഴിയുന്നില്ല.
കഴിഞ്ഞ മാസം കാഞ്ഞിരപ്പള്ളി ബിഷപ് ഹൗസിനു സമീപം കിഴക്കേത്തലയ്ക്കൽ തോമസ് ജോർജിന്റെ വീട്ടിലും പൊടിമറ്റത്തു വിവിധ കടകളിലും മോഷണം നടന്നിരുന്നു. എല്ലാ സംഭവത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുന്നുവെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ മുതലെടുത്താണ് പലയിടത്തും മോഷണ പരന്പര അരങ്ങേറുന്നത്. മോഷ്ടാക്കൾ വിലസുന്പോൾ ജനങ്ങൾ ആശങ്കയിലാണ് കഴിയുന്നത്.