തിരുവനന്തപുരം: കൂടുതൽ പ്രദേശങ്ങളിലേക്ക് കോവിഡ് വ്യാപിക്കുന്നതോടെ ജില്ലയിൽ സ്ഥിതി അതീവഗുരുതരം. പോലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കുമുൾപ്പെടെ രോഗം ബാധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്നലെ ആറ് പോലീസുകാർക്കു രോഗം സ്ഥിരീകരിച്ചു. ആറുപേരിൽ ഒരാൾ പൂന്തുറയിൽ ജോലി ചെയ്ത, എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറാണ്.
റൂറൽ എസ്പി ഓഫീസിലും സ്പെഷൽ ബ്രാഞ്ച് ആസ്ഥാനത്തും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാർ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
പോലീസുകാരന് രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ സ്പെഷൽ ബ്രാഞ്ച് ആസ്ഥാനം താത്കാലികമായി അടച്ചു. അതേസമയം തിരുവനന്തപുരം നഗരസഭയിലെ ഏഴു കൗണ്സിലർമാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മേയർ കെ. ശ്രീകുമാർ സ്വയം വീട്ടുനിരീക്ഷണത്തിലായി.
കോവിഡ് പരിശോധനയ്ക്കു വിധേയമായ ശേഷമാണ് മേയർ ഹോം ക്വാറന്റൈനിൽ പോയത്. എയർ ഇന്ത്യ സാറ്റ്സിലെ ഓപ്പറേഷൻ വിഭാഗത്തിലെ ഒരു ജീവനക്കാരനും രണ്ട് ചുമട്ടുതൊഴിലാളികൾക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. തീരദേശ മേഖലയിലാണ് എയർ ഇന്ത്യ സാറ്റ്സിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നതെന്നതും ആശങ്ക വർധിപ്പിക്കുന്നു.
അതേസമയം ജില്ലയിൽ സൂപ്പർ സ്പ്രെഡ് നടന്ന സ്ഥലങ്ങളിൽ നിന്നു കൂടുതൽ പുതിയ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി എന്നിങ്ങനെ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് നിലവിലുള്ളത്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
ഇടവ മുതൽ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ സോണിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി സ്പീക്കർ വി. ശശി, വി.ജോയ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.
കോവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളിൽ ലഭ്യമാക്കാൻ ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്താനും അത്യാവശ്യഘട്ടങ്ങളിൽ ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സഹായത്തോടെ ജീവൻരക്ഷാ മരുന്നുകൾ വീടുകളിൽ എത്തിക്കാനും യോഗത്തിൽ തീരുമാനിച്ചു.