
പുതുക്കാട് : ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാതെ വലഞ്ഞ യുവാവിന് സ്വന്തം വീട് ഒഴിഞ്ഞു നൽകി ഓട്ടോ ഡ്രൈവറും കുടുംബവും വേറിട്ട മാതൃകയായി.
നെന്മണിക്കര പട്ടിയക്കാരൻ ഡേവിസാണ് നന്മയുള്ള വൃത്തിയുമായി മുന്നോട്ടുവന്നത്. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്ന ഡേവീസിന്റെ കുടുംബം യുവാവിനായി വീട് ഒഴിഞ്ഞു നൽകുകയായിരുന്നു.
സമീപവാസിയായ യുവാവ് രണ്ടുദിവസം മുൻപാണ് ഗൾഫിൽ നിന്നെത്തിയത്.
യുവാവ് വരുമെന്നറിഞ്ഞതുമുതൽ ഇയാളുടെ കുടുംബം മറ്റൊരു വീടിനായി അലഞ്ഞെങ്കിലും തരപ്പെട്ടില്ല. ആരോഗ്യ പ്രവർത്തകയായ സഹോദരിയും, അവരുടെ രണ്ടു കുട്ടികളും, അമ്മയും, സഹോദരനും, തൃശൂർ മാർക്കറ്റിൽ യൂണിയൻകാരനായ പിതാവുമാണ് യുവാവിന്റെ വീട്ടിലുള്ളത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ ആർക്കും പുറത്തിറങ്ങാനും ജോലിക്ക് പോകാനും കഴിയില്ലെന്നറിഞ്ഞതോടെയാണ് ഈ കുടുംബം മറ്റൊരു വീട് തേടിയത്.ഇവരുടെ അവസ്ഥ തിരിച്ചറിഞ്ഞ ഡേവീസ് തന്റെ വീട് നൽകാമെന്ന് യുവാവിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു.
ഭാര്യ മിനിയും മക്കളായ ക്രിസ്റ്റീനയും സ്നേഹയും പൂർണ പിന്തുണ നൽകിയതോടെ ഡേവീസിന് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല. യുവാവ് എത്തുന്നതിന് മുൻപ് തന്നെ വീട് അണുനശീകരണം നടത്തി.ആരോഗ്യ വിഭാഗത്തിന്റെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതിനായി വീടിന് ചുറ്റും കവചങ്ങൾ തീർത്ത് വീട്ടിലേക്കുള്ള സന്ദർശകരെയും വിലക്കി.
അവശ്യം വേണ്ട വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമായി പുറത്തിറങ്ങിയ ഡേവീസിന് തങ്ങളുടെ വീട്ടിൽ താമസമൊരുക്കിയാണ് യുവാവിന്റെ കുടുംബം സ്നേഹം തിരിച്ചുനൽകിയത്. ആ വീട്ടിലെ ഒരു മുറിയിലാണ് ഡേവീസും കുടുംബവും ഇപ്പോൾ കഴിയുന്നത്.
ഒല്ലൂർ ചീരാച്ചി വളവിൽ പത്തു വർഷമായി ഓട്ടോ ഓടിച്ചാണ് ഡേവീസ് ഉപജീവനം തേടുന്നത്. നാലു വർഷമായിനെന്മണിക്കരയിലാണ് താമസം.
കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ ഗ്രാമം മുങ്ങിയപ്പോൾ പ്രവാസികളാണ് പല കുടുംബങ്ങളേയും സഹായിച്ചതെന്ന തിരിച്ചറിവും അവരോടുള്ള ബഹുമാനവുമാണ് ഇത്തരത്തിലൊരു കാര്യത്തിന് പ്രചോദനമായതെന്ന് ഡേവീസ് പറയുന്നു.