കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ്ബാധ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കുന്നു.
നിലവില്‍ ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരുമടക്കം 12 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 150 ഓളം പേരുടെ പരിശോധനാഫലം വരാനിരിക്കുകയാണ്.
ഫലം പുറത്തുവരുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണു സൂചന. കോവിഡ് വ്യാപനത്തിനുശേഷം കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ ഗുരുതരാവസ്ഥയിലായ രോഗികളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.
മെച്ചപ്പെട്ട ചികിത്സയിലൂടെ ഭൂരിഭാഗംപേരും കോവിഡ് മുക്തിനേടുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരില്‍ രോഗം ബാധിക്കാത്തതും കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നൽകി. എന്നാല്‍, കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനംതന്നെ താളം തെറ്റി.
കോവിഡ് ഇതരരോഗികളുടെ വാര്‍ഡില്‍നിന്നാണു ഡോക്ടര്‍മാര്‍ക്കു രോഗം ബാധിച്ചതെന്ന് അറിയുമ്പോഴാണു പ്രശ്നത്തിന്റെ ഗൗരവം പുറത്തുവരുന്നത്. ഈ ദിവസങ്ങളില്‍ ഇവിടെയെത്തിയ മുഴുവന്‍ രോഗികളുടെയും വിശദവിവരങ്ങള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ പരിശോധിച്ചുവരികയാണ്.
കോവിഡ് ഇതരവിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയ ചിലര്‍ക്കു പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ജില്ലകളില്‍നിന്നുള്ള രോഗികളും ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നു. ഇക്കാര്യങ്ങളും അധികൃതര്‍ പരിശോധിച്ചുവരികയാണ്.
സാധാരണക്കാരായ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ രോഗികള്‍ക്ക് ഏക ആശ്രയമായിരുന്നു മെഡിക്കല്‍ കോളജ്. കോവിഡ് വ്യാപനം വന്നതോടെ രോഗികള്ക്കിവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഗുരുതരമായ രോഗികളല്ലാത്തവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നില്ല. പരമാവധി അതതു പ്രദേശത്തെ ആശുപത്രികളെ ആശ്രയിക്കണമെന്നാണു ജില്ലാഭരണകൂടം നൽകിയിരിക്കുന്ന നിര്‍ദേശം. ഒപിയിലെ പരിശോധനയും കുറച്ചിരിക്കുകയാണ്.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവര്ക്കാണു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാല്‍ എല്ലാ വിഭാഗങ്ങളിലും നിലവില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന ഭൂരിഭാഗംപേരും ക്വാറന്റൈനില്‍ പോകേണ്ട അവസ്ഥയിലുമാണ്. ഇതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.