മലപ്പുറം/കാസർഗോഡ്: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി. മലപ്പുറത്തും കാസർഗോഡുമാണ് മരണങ്ങൾ.
മലപ്പുറത്ത് തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ(71) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
കാസർഗോഡ് മരിച്ചത് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ(70) ആണ്. ജില്ലയിലെ അഞ്ചാമത്തെ കോവിഡ് മരണമാണിത്.
ഇന്ത്യയിൽ ഒറ്റദിവസത്തെ കോവിഡ് മരണം 692; ആകെ രോഗികൾ 14 ലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 692 പേർ. 257 പേർ മരിച്ച മഹാരാഷ്ട്രയാണു ശനിയാഴ്ച കൂടുതൽ ആളുകൾ മരിച്ച സംസ്ഥാനം. തമിഴ്നാട്- 89, ഡൽഹി 29, കർണാടക- 72, ആന്ധ്രാപ്രദേശ്- 52, ഉത്തർപ്രദേശ്- 32, ഗുജറാത്ത്- 22 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണങ്ങൾ. 32,096 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത്.
രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ശനിയാഴ്ച 48,479 പേർക്കാണു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13,85,494 ആയി. ഇതിൽ 4.6 ലക്ഷം എണ്ണം ആക്ടീവ് കേസുകളാണ്.
രാജ്യത്ത് തുടർച്ചയായ നാലാം ദിവസമാണ് 40,000-ന് മേൽ രോഗികളുണ്ടാകുന്നത്. വെള്ളി- 48,888, വ്യാഴം- 48,443, ബുധൻ- 45,601 എന്നിങ്ങനെയായിരുന്നു രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം.
ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 3.6 ലക്ഷം ആളുകൾക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. ശനിയാഴ്ച മാത്രം ഇവിടെ 9,251 പേർക്കു രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്- 6,988, ആന്ധ്രാപ്രദേശ്- 7,813, കർണാടക- 5,072, ഉത്തർപ്രദേശ്- 2,971, പശ്ചിമ ബംഗാൾ- 2,404, ബിഹാർ- 2,803, ഡൽഹി- 1,142, ഗുജറാത്ത് 1,081, രാജസ്ഥാൻ- 1,120, ആസാം- 1,165, ഒഡീഷ- 1,320, കേരളം- 1,103 എന്നിവയാണ് ആയിരത്തിനുമേൽ രോഗികളുള്ള മറ്റു സംസ്ഥാനങ്ങൾ.