വടക്കഞ്ചേരി: നെല്ല് സംഭരണം സംബന്ധിച്ച് സപ്ലൈകോയുടെ പുതിയ ഉത്തരവ് സ്വകാര്യ മില്ലുകാരേയും തമിഴ്നാട്ടിലെ മില്ല് ലോബികളേയും സഹായിക്കാനുള്ള ഗൂഢതന്ത്രമാണെന്നും അതുവഴി കമ്മീഷൻ പറ്റാൻ നൂതന വഴി തുറക്കലാണെന്നും കർഷക യൂണിയൻ ജില്ലാ കമ്മിറ്റി ആരോപിച്ചു .
സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പാഡി മാർക്കറ്റിംഗ് ഓഫീസർ ഇറക്കിയ ഉത്തരവാണ് കർഷക പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇനി മുതൽ സപ്ലൈകോ കർഷകരുടെ വീടുകളിൽ നിന്നോ പാടത്തു നിന്നോ കളത്തിൽ നിന്നോ നെല്ല് സംഭരിക്കില്ലെന്നാണ് ഉത്തരവ്.
പാഡി മാർക്കറ്റിംഗ് ഓഫീസർ നിശ്ചയിക്കുന്ന സംഭരണ കേന്ദ്രത്തിൽ നിന്നാകും നെല്ലു് ഏറ്റെടുക്കുക. 500 മുതൽ 1000 ഹെക്ടർവരെയുള്ള സ്ഥലത്തിനായി ഒരു സംഭരണ കേന്ദ്രം എന്ന രീതിയിലാണ് സംഭരണ കേന്ദ്രം നിശ്ചയിക്കുക. ഇത്തരത്തിൽ സംഭരണം നടത്തണമെന്ന് കേന്ദ്ര നിർദേശമുണ്ടെന്ന് പറഞ്ഞാണ് കർഷകരെ കഷ്ടപ്പെടുത്തുന്ന സമീപനം സപ്ലൈ സ്വീകരിക്കുന്നത്.
കർഷകരുമായി ആലോചിക്കാതെ പാഡി ഓഫീസർക്ക് ഏകപക്ഷീയമായി സംഭരണ കേന്ദ്രം നിശ്ചയിക്കാൻ അധികാരമില്ലെന്നിരിക്കെ ചട്ടവിരുദ്ധമായി ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കർഷക യൂണിയൻ ആവശ്യപ്പെട്ടു.
ജില്ലയിൽ ഒരിടത്തും തന്നെ 1000 ഹെക്ടർ നെൽപാടം ഒന്നിച്ചില്ലെന്നതാണ് വസ്തുത. രണ്ടോ മൂന്നോ പഞ്ചായത്തുകൾക്ക് ഒരു സംഭരണ കേന്ദ്രം എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങും.1000 ഹെക്ടർ എന്നു പറയുന്പോൾ 10 കിലോമീറ്ററിനു് ഒരു സംഭരണ കേന്ദ്രം അങ്ങനെയാകും.
ഇത്രയും ദൂരം നെല്ല് എത്തിക്കുന്നതിന് ഒരു വാഹനം വാടകയ്ക്ക് വിളിക്കേണ്ടി വരും അതിന്റെ വാടക, ഒരു കയറ്റുകൂലി, ഒരിറക്കുകൂലി, എന്നിങ്ങനെ മൂന്നു ചെലവുകൾ കർഷകൻ വഹിക്കണം. ഒരു ക്വിന്റലിന് ഏകദേശം 200 രൂപയോളം അധിക ചെലവ് കർഷകന് വരും.
ചെറുകിട കർഷകനാണെങ്കിൽ ചെലവിന്റെ തോത് വീണ്ടും വർദ്ധിക്കും. കഷ്ട്ടപ്പാടുകളും അധിക ചെലവുമാകുന്പോൾ കർഷകർ കിട്ടിയ വിലക്ക് നെല്ല് വിൽക്കാൻ നിർബന്ധിതരാകും. തമിഴ്നാട്ടിലെയും കേരളത്തിലെയും സ്വകാര്യ മില്ലുടമകൾക്കായിരിക്കും ഇതിന്റെ ഗുണം കിട്ടുക.
മില്ലുടമകൾക്ക് ലഭിക്കുന്ന സാന്പത്തിക നേട്ടത്തിന്റെ ഒരു വിഹിതം ലക്ഷ്യമിട്ട് ഉദ്യോഗസ്ഥർ നടത്തുന്ന ഈ കള്ളക്കളി കർഷകനെയും കാർഷിക വൃത്തിയേയും പ്രോത്സാഹിപ്പിക്കുന്ന കേരളാ സർക്കാരിന്റെ മുഖം വികൃതമാക്കുമെന്ന് യോഗം വിലയിരത്തി.
സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയെ തുരങ്കം വയ്ക്കുന്ന ഉന്നതോദ്യോഗസ്ഥരുടെ വഞ്ചനാപരമായ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രിയും കൃഷി വകുപ്പു മന്ത്രിയും സംയുക്തമായി ഇടപെട്ട് ജില്ലയിലെ നെല്ല് സംഭരണം സത്വരമായി പരിഹരിക്കണമെന്നും സിവിൽസപ്ലൈസ് കോർപ്പറേഷനും ജില്ലാ പാഡി മാർക്കറ്റിംഗ് ആഫീസറുടെ വിവാദ ഉത്തരവിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കർഷക യൂണിയൻ (എം) ആവശ്യപ്പെട്ടു.
യോഗം ജില്ലാ പ്രസിഡന്റ് തോമസ് ജോണ് കാരുവള്ളി ഉത്ഘാടനം ചെയ്തു. പാർട്ടി ജില്ലാ സെക്രട്ടറി റജി ഉള്ളരിക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ . ടൈറ്റസ് ജോസഫ്, കർഷക യൂണിയൻവൈസ് പ്രസിഡന്റ് വർഗീസ് കെ തോമസ്, ജില്ലാ സെക്രട്ടറിമാരായ ജോസ് വടക്കേക്കര, പി. മോഹൻ ദാസ് ,യൂത്ത്ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് സന്തോഷ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.