പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് സ്വാതന്ത്ര്യസമര സ്മാരകമായി നവീകരണം നടത്തുന്ന രാജേന്ദ്രമൈതാനത്തിന്റെ നിർമാണം വിവാദത്തിലേക്ക്.
ദേശീയപാതയുടെയും പഞ്ചായത്ത് റോഡിന്റെയും ഇടയ്ക്കുള്ള മൈതാനത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് നിലവിലുള്ള നിർമാണ ചട്ടങ്ങൾ ലംഘിച്ചാണെന്ന വിവാദമാണുയരുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് പൊൻകുന്നത്തെ വണ്ടിപ്പേട്ടയായിരുന്ന മൈതാനം പിന്നീട് സ്വാതന്ത്ര്യ സമര കാലത്ത് അനവധി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജേന്ദ്ര മൈതാനമായി.
1947 ജൂലൈയിൽ തിരുവനന്തപുരത്ത് പേട്ട മൈതാനിയിൽ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ സമരത്തിന് നേർക്കുണ്ടായ വെടിവെപ്പിൽ മരിച്ച രാജേന്ദ്രൻ എന്ന 13കാരന്റെ സ്മരണയിലാണ് വണ്ടിപ്പേട്ടയായിരുന്ന മൈതാനം പൊൻകുന്നം രാജേന്ദ്ര മൈതാനമെന്ന് പേരിട്ടത്.
പൊൻകുന്നത്ത് എ.കെ. പാച്ചു പിള്ളയുടെ നേതൃത്വത്തിൽ പി. ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നാമകരണം നടത്തിയത്. 1911-ൽ ബ്രിട്ടനിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണം നടന്നപ്പോൾ അതിന്റെ സ്മരണക്കായി ഈ മൈതാനത്ത് കിണർ നിർമിക്കപ്പെട്ടു.
മജിസ്ട്രേട്ടിന്റെ നിർദ്ദേശ പ്രകാരം അന്ന് പ്രദേശത്തെ ഓരോ കുടുംബത്തിൽ നിന്നും നൂറ് രൂപാ വീതം പിരിച്ചെടുത്താണ് കിണർ നിർമിച്ചത്. ഈ കിണറുൾപ്പെടെയുള്ള നവീകരണമാണ് നടത്തുന്നത്. 25 ലക്ഷം രൂപയുടെ നവീകരണമാണ് നടത്തുന്നത്.
മിനിലോറി പാർക്കിംഗ് മൈതാനമായ രാജേന്ദ്രമൈതാനത്ത് സ്ഥിരം വേദി, മൈതാനമാകെ മേൽക്കൂര, കവാടം തുടങ്ങിയവയാണ് നിർമിക്കുന്നത്.
ദേശീയപാതയിൽ നിന്നും മൈതാനത്തിന്റെ ഒരുവശത്തെ ടൗൺഹാൾ റോഡിൽ നിന്നും ആവശ്യമായ ദൂരപരിധി പാലിക്കാതെയാണ് നിർമാണമെന്നാണിപ്പോൾ ആക്ഷേപമുയരുന്നത്.
ദേശീയപാതയുമായുള്ള ദൂരപരിധി പാലിച്ചിട്ടുണ്ടോയെന്ന സംശയത്തിൽ ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ദേശീയപാതാവിഭാഗത്തിന് പരാതി നൽകി. സാമൂഹിക മാധ്യമങ്ങളിലൂടെയും നിർമാണത്തെക്കുറിച്ച് ആരോപണങ്ങൾ പ്രചരിക്കുന്നുണ്ട്.
സ്വാതന്ത്ര്യസമര സ്മാരകം പൊൻകുന്നത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നതാണെന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാർ പറഞ്ഞു. വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ ചട്ടങ്ങളും പാലിച്ചാണ് നിർമാണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ അനുമതിയോടെയാണ് നിർമാണം. ദേശീയപാതയിൽ നിന്നും പഞ്ചായത്ത് റോഡിൽ നിന്നും ദൂരപരിധി പാലിച്ചാണ് നിർമാണം. സർക്കാർ നിർമാണത്തിനുള്ള എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും ഗിരീഷ്കുമാർ വിശദീകരിച്ചു.