ഇരിട്ടി: നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക്.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തിലിരിക്കെയാണ് ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചുകൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
നഗരസഭയിലെ കൂളിചെമ്പ്ര 13-ാം വാര്‍ഡിലാണ് യുവാവിന്റെ വീടെങ്കിലും ഇയാള്‍ നിരവധി തവണ ക്വാറന്റൈന് ലംഘിച്ച് ഇരിട്ടി ടൗണില്‍ എത്തിയതായും പലരുമായി സമ്പര്‍ക്കത്തിലായതായും കണ്ടെത്തി. വീട്ടില്‍ നടന്ന ജന്മദിനാഘോഷച്ചടങ്ങില് പങ്കെടുത്തവരില്‍ കൂറേ പേര് ടൗണുമായി സ്ഥിരമായി ബന്ധപ്പെടുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്.
ഞായറാഴ്ചയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയും ഇയാള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
യുവാവുമായി പ്രൈമറി തലത്തില്‍ ബന്ധപ്പെട്ടവരുടെ കൂട്ടത്തില്‍ കൂത്തുപറമ്പില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളും ഉള്‍പ്പെട്ടിട്ടുണ്ട്. നഗരസഭാ വാര്‍ഡ് തല സുരക്ഷാസമിതി നടത്തിയ അന്വേഷണത്തില്‍ കോവിഡ് ബാധിച്ച യുവാവുമായി 20ല്‍ അധികം പേര് ഹൈ റിസ്ക്ക് സമ്പര്‍ക്കത്തില്‍പ്പെട്ടവരായി കണ്ടെത്തി.
ഇവരെ മുഴുവന്‍ ക്വാറന്റൈന് സെന്ററിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ 200ല്‍ അധികം പേര് ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രൈമറി സമ്പര്‍ക്കത്തിലുള്ളവര്‍ മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെട്ടതായും കണ്ടെത്തി.