കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഭാവി ഇന്നറിയാം. എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസത്തിലേക്കു കടന്നതോടെ അഭ്യൂഹങ്ങളും വര്‍ധിക്കുകയാണ്.
രണ്ടു തവണയായി 14 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ശിവശങ്കറില്‍നിന്ന് ഇതുവരെ ഒന്നും ലഭിച്ചില്ലെന്നു വാദം ഒരു ഭാഗത്തുനിന്ന് ഉയരുമ്പോള്‍ ഇന്നത്തെ ചോദ്യം ചെയ്യലിനുശേഷം ശിവശങ്കറിനെ പ്രതിപട്ടികയിലാണോ സാക്ഷിപ്പട്ടികയിലാണോ ഉള്‍പ്പെടുത്തേണ്ടതെന്ന നിഗമനത്തില്‍ എന്‍ഐഎ എത്തിച്ചേരുമെന്നാണു മറ്റൊരു വാദം.
ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യംചെയ്തിട്ടും തീരുമാനമെടുക്കാനാകാത്ത അവസ്ഥ എന്‍ഐഎ അഭിമുഖീകരിക്കുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
രാജ്യത്തുതന്നെ ആദ്യമായാണ് മുതിര്‍ന്ന ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരേ ഇത്തരമൊരു കേസില്‍ ഇത്രയേറെനേരം ചോദ്യം ചെയ്യുന്നത്. ഫോണ്‍ വിളി സംബന്ധിച്ചും പ്രതികളുമായുള്ള ബന്ധത്തെയും സംബന്ധിച്ചാണ് കൂടുതല്‍ ചോദ്യങ്ങളെന്നുമാണു വിവരം.
ആദ്യതവണ തിരുവനന്തപുരത്തുവച്ച് നടത്തിയ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടതാണു ഇപ്പോഴത്തെ ചോദ്യങ്ങളും. സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നു എന്‍ഐഎ കരുതുന്നില്ലെങ്കിലും ഇവരെ ഏതെങ്കിലും തരത്തില്‍ സഹായിച്ചിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നത്.
ആദ്യഘട്ടങ്ങളില്‍ ആത്മവിശ്വാസത്തോടെ ചോദ്യങ്ങളെ നേരിട്ട ശിവശങ്കര്‍ ഇന്നലെ ചെറുതായൊന്നു പതറിയെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഴുവന്‍ സന്നാഹത്തോടെയാണു എന്‍ഐഎയുടെ നീക്കങ്ങള്‍. കേസുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലും ശിവശങ്കര്‍ സഹകരിക്കുന്നുണ്ടെന്നാണു ഇന്നലെ അദേഹത്തിന്റെ അഭിഭാഷകന് വ്യക്തമാക്കിയത്.
കേസില്‍ മറച്ചുവയ്ക്കാനൊന്നുമില്ല. മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന ഉത്തമവിശ്വാസമുള്ളതുകൊണ്ടാണ് അതിനു ശ്രമിക്കാത്തത്. അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാന് അദേഹത്തിനു സാധിക്കുന്നു.
കേസില്‍ ശിവശങ്കര്‍ ഇതുവരെ പ്രതിയായിട്ടില്ലെന്നുമാണു അഭിഭാഷകന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതേസമയം, വിവിധ കോണുകളില്‍നിന്ന് വലമുറുക്കുന്ന എന്‍ഐഎ ചോദ്യം ചെയ്യലിന്റെ ഏതെങ്കിലും സമയം ശിവശങ്കര്‍ നല്കുന്ന മൊഴികള്‍ പരസ്പര വിരുദ്ധമെന്ന നിഗമനത്തിലെത്തിയാല്‍ നടപടികള്‍ കടുപ്പിക്കുമെന്നുതന്നെയാണു പുറത്തുവരുന്ന വിവരങ്ങള്‍.