കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ സമൂഹമാധ്യമങ്ങള്‍ വഴി ‘വ്യാജ പോംവഴി’ പടരുന്നു. വെളുത്തുള്ളി കഴിച്ചാല്‍ കോവിഡ് തടയാമെന്നും കൊതുക് കടിച്ചാല്‍ കോവിഡ് പകരുമെന്നും തുടങ്ങി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
കൊതുകുകള്‍ ഒരിക്കലും കോവിഡ് രോഗം പരത്തില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രോഗികളുടെ ശരീരസ്രവങ്ങളിലൂടെയാണു കൊറോണ വൈറസ് പടരുന്നത്.
വെളിത്തുള്ളി കോവിഡ് തടയുമെന്നതും വ്യാജപ്രചാരണമാണ്. വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇത് കോവിഡ് തടയില്ല. ഇതിനു പുറമേ മദ്യം കഴിക്കുന്നവര്‍ക്ക് കോവിഡ് പകരില്ലെന്നും പ്രചാരണം നടത്തുന്നുണ്ട്.
എന്നാല്‍ മദ്യം വൈറസിനെ തടയില്ലെന്നും രോഗം ഗുരുതരമാക്കാന്‍ സാധ്യതയേറെയാണെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നതായി പോലീസ് മുന്നറിയിപ്പ് നല്കി.
ഭക്ഷണത്തില്‍ കുരുമുളക് ചേര്‍ത്താല്‍ കോവിഡിനെ തടയാനാകില്ല. 5 ജി നെറ്റ്വര്‍ക്ക് വഴി കോവിഡ് പടരില്ല. റേഡിയോ തരംഗങ്ങള്‍ക്കൊപ്പം വൈറസ് സഞ്ചരിക്കില്ല.
25 ഡിഗ്രി സെല്ഷ്യസിലേറെയുള്ള താപനില കോവിഡ് വ്യാപനം തടയുമെന്ന് പ്രചാരണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വ്യാപനം തടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ദീര്‍ഘനേരം ശ്വാസം പിടിച്ചുവയ്ക്കാന്‍ കഴിയുന്നവര്‍ക്കു കോവിഡ് ബാധയില്ലെന്ന പ്രചാരണം തെറ്റാണ്. നേരിയ രോഗബാധയുള്ളവര്‍ക്കും അതിനാകും.
ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ കോവിഡിനെ തടയാനാകില്ല. ചൂടുവെള്ളത്തില്‍ കുളിച്ചാലും ശരീര താപനില 36.5- 37 ഡിഗ്രി സെല്‍ഷ്യസില്‍ തുടരും. അള്‍ട്രാവയലറ്റ് രശ്മികള്‍ കോവിഡ് തടയില്ല. ചര്‍മത്തിനും കണ്ണിനും ഇത് ഹാനികരമാണ്.
ശാരീരിക അകലം ഉറപ്പാക്കി വ്യായാമം ചെയ്യുക. മാസ്ക് ഉപയോഗിച്ചുകൊണ്ട് വ്യായാമം ചെയ്യുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
നനഞ്ഞ മാസ്കുകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പാദരക്ഷകള്‍ വഴി വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും കുട്ടികള്‍ പാദരക്ഷകളില്‍ തൊടാനുള്ള സാഹചര്യം കുറയ്ക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
വ്യാജ ചികിത്സാരീതികളുടെയും തെറ്റായ പ്രചാരണങ്ങളുടെയും പിന്നിലെ വാസ്തവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അവരുടെ വെബ്സൈറ്റിലൂടെയും വിശദീകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.