ഷാഖറേ ഖലീലി ഒരിക്കലും ഇങ്ങനെ അവസാനിക്കേണ്ട ഒരു സ്ത്രീ ആയിരുന്നില്ല. എന്നിട്ടും അവരുടെ ഒടുക്കം അതി ദയനീയമായിപ്പോയി. ഉന്നതകുല ജാതയായി ജനിച്ച് ആർഭാടപൂർവം ജീവിച്ചവർ.
ഏതു നശിച്ച നേരത്താണോ അവർക്ക് അക്ബർ മിർസ ഖലീലിയുമായുള്ള ദാന്പത്യ ബന്ധം അവസാനിപ്പിക്കാൻ തോന്നിയത്. അങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നും അവർ ആർഭാടപൂർവം നമുക്കിടയിൽ ജീവിച്ചേനെ.
ആരാണ് ഷാഖറേ ഖലീലി?
1947 ഓഗസ്റ്റ് 27ന് മദ്രാസിൽ ജനിച്ചു. സിംഗപ്പൂരിലും മറ്റുമായി വിദ്യാഭ്യാസം. പേർഷ്യയിൽനിന്ന് ഇന്ത്യയിലെത്തിയ മുസ്ലിം പ്രഭു കുടുംബത്തിലെ അംഗം. മൈസൂർ ദിവാൻ ആയിരുന്ന സർ മിർസ ഇസ്മയിലിന്റെ കൊച്ചുമകൾ.
പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമായ ഗുലാം ഹുസൈൻ നമാസിയുടെയും സർ മിർസ ഇസ്മയിലിന്റെ മകൾ ഗൗഹർ താജ് ബീഗത്തിന്റെയും മകൾ.
ആവശ്യത്തിനു പണവും പ്രതാപവും എല്ലാ സൗകര്യങ്ങളുമുള്ള കുടുംബത്തിലെ അംഗമായി വളർന്നു. അങ്ങനെ പ്രതാപത്തോടെ വളർന്ന ഷാഖറെയുടെ വിവാഹം പതിനെട്ടാം വയസിൽ നടന്നു. അതും കുടുംബത്തിൽനിന്നു തന്നെ.
ഓസ്ട്രേലിയയിലെയും ഇറാനിലെയും ഇന്ത്യൻ നയതന്ത്രപ്രതിനിധിയായിരുന്നു അക്ബർ മിർസ ഖലീലി. ഇദ്ദേഹവുമായുള്ള ഷാഖറേയുടെ വിവാഹം 1964ൽ ആണ് നടക്കുന്നത്. ഇവരുടെ ജീവിതം സന്തോഷത്തോടെ മുന്നോട്ടു നീങ്ങി.
ഈ ബന്ധത്തിൽ നാലു പെൺകുട്ടികളും ഉണ്ടായി. അക്ബർ-ഷാഖറേ ബന്ധത്തിന് ഉലച്ചിൽ തട്ടിയത് വളരെ പെട്ടെന്നാണ്. ഒരുമിച്ചു ജീവിതം മുന്നോട്ടുപോകാൻ കഴിയില്ലെന്നു മനസിലാക്കിയതോടെ 1985ൽ ഇവർ ബന്ധം വേർപ്പെടുത്തി.
രണ്ടാം ഭർത്താവ്
അക്ബർ മിർസയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ ഷാഖറേ ഇവരുടെ കുടുംബത്തിലെതന്നെ കാര്യസ്ഥനായ സ്വാമി ശ്രദ്ധാനന്ദ് എന്നറിയപ്പെടുന്ന ആളുമായി അടുത്തു. മുരളി മനോഹർ മിശ്ര എന്നായിരുന്നു അയാളുടെ ആദ്യ പേര്.
പിന്നീട് ഇദ്ദേഹം സ്വാമി ശ്രദ്ധാനന്ദ് എന്ന പേരിലേക്കു മാറി. തന്നിൽ ആകൃഷ്ടയായ ഷാഖറെ വലിയൊരു പുളിങ്കൊന്പാണെന്ന് അയാൾ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ഒന്നും വച്ചു താമസിപ്പിക്കാൻ ആഗ്രഹിച്ചില്ല. അടുപ്പത്തെ വിവാഹത്തിലേക്കു കൊണ്ടുചെന്നെത്തിക്കാനും അയാൾക്കു കഴിഞ്ഞു.
എന്നാൽ, ഷാഖറെയുടെ പേരിലുള്ള ഭാരിച്ച സ്വത്തുവകകളിൽ ആയിരുന്നു ശ്രദ്ധാനന്ദിന്റെ കണ്ണ്. എന്നാൽ, ഷാഖറെയുടെ മനസ് മുഴുവൻ അയാളോടുള്ള സ്നേഹമായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് അയാളുടെ ദുഷ്ടലാക്കൊന്നും മനസിലായതേയില്ല.
പ്രണയം തലയ്ക്കു പിടിച്ചതോടെ കുടുംബവും സാമൂഹികമായ ചുറ്റുപാടുകളുമെല്ലാം വലിച്ചെറിഞ്ഞു ഷാഖറെ അയാളോടൊപ്പം ജീവിതം ആരംഭിച്ചു. എല്ലാവരെയും അദ്ഭുതപ്പെടുത്തിയ കാര്യം മൈസൂരിലെ മുൻ ദിവാന്റെ കൊച്ചുമകൾ വിദ്യാഭ്യാസം പോലുമില്ലാത്ത ഒരുവനെ ഇഷ്ടപ്പെട്ട് അവന്റെ പിന്നാലെ പോയ വാർത്തയായിരുന്നു.
ഭർത്താവായ നയതന്ത്ര ഉദ്യോഗസ്ഥനെയും നാലു മക്കളെയും ഇട്ടെറിഞ്ഞിട്ടുപോയ ഷാഖറെയെ പലരും വിമർശിച്ചു.
ഷാഖറെയെ കാണാതാകുന്നു
അക്ബറുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും ഷാഖറെ പെൺമക്കളുമായുള്ള അടുപ്പം മുന്നോട്ടു കൊണ്ടുപോയിരുന്നു. 1991മുതൽ ഒരു സുപ്രഭാതത്തിൽ ഷാഖറെയെ കാണാതായി.
ഇതിൽ സംശയം തോന്നിയ രണ്ടാമത്തെ മകൾ തന്റെ അമ്മയെ കാണാനില്ലായെന്നു ബംഗളൂരു പോലീസിൽ പരാതി നൽകി. കാണാതായ കേസിൽ പോലീസ് അന്വേഷണം തുടങ്ങി. തന്റെ ഭാര്യയെ കാണാത്തതിൽ ശ്രദ്ധാനന്ദും ദുഃഖം പ്രകടിപ്പിച്ചു.
സംശയത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ ഇയാളെ തിരിച്ചും മറിച്ചുമെല്ലാം ചോദ്യംചെയ്തു. പക്ഷേ, ഒരുത്തരവും കിട്ടിയില്ല. പക്ഷേ, പോലീസ് അങ്ങനെ വിട്ടില്ല. അവർ മറ്റൊരു തന്ത്രം പ്രയോഗിച്ചു.
ശ്രദ്ധാനന്ദിന്റെ പരിചാരകരിൽ ഒരാൾക്കു പോലീസ് തന്ത്രങ്ങൾ മദ്യം വാങ്ങി നൽകി അയാളിൽനിന്നു വിവരങ്ങൾ ചോർത്തി. അയാൾ പറഞ്ഞതു ഞെട്ടിക്കുന്ന ഒരു കഥയായിരുന്നു.
ആ ശവപ്പെട്ടിയിൽ
പരിചാരകൻ ചൂണ്ടിക്കാട്ടിയ സ്ഥലം പോലീസ് പരിശോധിച്ചു. 1991ൽ കാണാതായ ഷാഖറെ ഖലീലിയുടെ മൃതദേഹം 1994ൽ പോലീസ് വീട്ടുമുറ്റത്തുനിന്നു കണ്ടെത്തി.
ഭാര്യയെ കൊന്നു കുഴിച്ചുമൂടിയിട്ട് ഒന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ നടക്കുകയായിരുന്നു ശ്രദ്ധാനന്ദ്. പരിചാരകന്റെ സഹായം സ്വാമിക്കു മൃതദേഹം മറവു ചെയ്യുന്നതിൽ ലഭിച്ചിരുന്നു.
ഇതിന്റെ പേരിൽ പരിചാരകൻ ധാരാളം പണവും കൈപ്പറ്റിയിരുന്നു. ശ്രദ്ധാനന്ദും പരിചാരകനും കൂടി ഷാഖറെയ്ക്കു മയക്കുമരുന്നു നൽകിയ ശേഷം ജീവനോടെ ശവപ്പെട്ടിയിലാക്കി കുഴിച്ചുമൂടുകയായിരുന്നു.
അസ്ഥികൂടത്തോടൊപ്പം ആഭരണങ്ങളും വസ്ത്രങ്ങളുടെ ചില ഭാഗങ്ങളും ആ കുഴിമാടത്തിൽനിന്നു ലഭിച്ചു. ഷാഖറെയുടെ പരിചാരിക ആഭരണവും വസ്ത്രവുമെല്ലാം തിരിച്ചറിഞ്ഞു. ഈ പരിചാരികയും സംശയത്തിന്റെ നിഴലിലായിരുന്നു.
വധശിക്ഷയും ജീവപര്യന്തവും
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ അക്ബർ മിർസ ഖലീലിയുടെ ആദ്യ ഭാര്യയായ ഷാഖറെ ഖലീലിയുടെ കൊലപാതകം രാജ്യത്തെ മുഴുവൻ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. ഈ കേസ് കോളിളക്കമുണ്ടായി.
തെളിവുകൾ എതിരായതോടെ സ്വാമി അറസ്റ്റിലായി. 1991 ഏപ്രിൽ 28നാണ് ഷാഖറെ കൊല്ലപ്പെട്ടത്.
2005 മേയ് 21 ന് കീഴ്ക്കോടതി സ്വാമിയെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഹൈക്കോടതി 2005 സെപ്റ്റംബർ 12ന് കീഴ്ക്കോടതി ശിക്ഷ ശരിവച്ചു. പിന്നീട് സ്വാമി സുപ്രീംകോടതിയെ സമീപിച്ചു. 2008 ജൂലൈ 22ന് സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു.
ഡിഎൻഎ പരിശോധനകൾ അടക്കം പല ശാസ്ത്രീയ മാർഗങ്ങളും സ്വീകരിച്ച ഈ കേസ് ഇന്നും ക്രിമിനൽ ചരിത്രത്തിലെ മായാത്ത അധ്യായമായി നിൽക്കുന്നു.