വടകര: ആളുകള്‍ കണ്ടെയ്ന്മെന്റ് സോണിലെ നിയന്ത്രണം പാലിക്കുന്നില്ലെന്നു പറഞ്ഞ് വടകര പോലീസ് മധ്യവയസ്കന്റെ തല തല്ലിപ്പൊളിച്ചതായി പരാതി. നിസിപ്പാലിറ്റിയിലെ തീരദേശമേഖലയായ പുറങ്കര അവറാങ്കത്ത് നൗഷാദിനാണ് (48) തലയ്ക്കു സാരമായി അടിയേറ്റത്. തലയിലെ മുറിവില്‍ നാലു തുന്നിക്കെട്ടുമായി വീട്ടില്‍ കഴിയുകയാണ് നൗഷാദ്.
വീടിനു മുന്നിലിട്ടാണ് കഴിഞ്ഞ ദിവസം എസ്ഐ ഇദ്ദേഹത്തെ തല്ലിയത്. മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും പുറത്ത് എന്തിനിറങ്ങി എന്നു ചോദിച്ചായിരുന്നു അടിയെന്നു പറയുന്നു. കടലും നൗഷാദിന്റെ വീടുമായി 50 മീറ്റര്‍ മാത്രമേ ദൂരമുള്ളൂ. ഇയാളുടെ ആറ് വയസുള്ള പേരക്കുട്ടി മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് പോലീസ് വരുന്നത്.
കുട്ടിയെ അകത്തേക്ക് വിളിച്ച് കൊണ്ട് വരുവാന്‍ മുറ്റത്ത് ഇറങ്ങിയപ്പോഴാണ് എസ്ഐയും സംഘവും എത്തിയതും നൗഷാദിനെ അടിച്ച് വീഴ്ത്തിയതും. തല പൊട്ടി രക്തം വാര്ന്നൊലിക്കുന്നതുകണ്ട സ്ത്രീകള്‍ ബഹളം വച്ചപ്പോഴാണ് എസ്ഐയും സംഘവും പിന്മാറിയതും പിരിഞ്ഞ് പോയതും.
പിന്നീട് നാട്ടുകാരാണ് നൗഷാദിനെ ആശുപത്രിയില്‍ എത്തിച്ചത്.മത്സ്യത്തൊഴിലാളിയ ഇദ്ദേഹം ഹൃദ്രോഗിയായതിനാല്‍ സ്ഥിരമായി ജോലിക്കു പോകാറില്ല. കോവിഡിന്റെ പേരില്‍ മത്സ്യബന്ധനം നിരോധിച്ചതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് കഴിയുന്നത്
. ഇതിനിടയിലാണ് പോലീസ് മര്‍ദനവും. തലയില്‍ തുന്നിക്കെട്ടുമായി കഴിയുന്ന നൗഷാദിനെയും കൂട്ടി സിഐ മുമ്പാകെ പൊതുപ്രവര്‍ത്തകര്‍ നേരിട്ട് ചെന്നു പരാതി പറഞ്ഞു. മര്‍ദനത്തിനിടയില്‍ എസ്ഐ എടുത്ത മൊബൈല്‍ ഫോണ്‍ സിഐ മുമ്പാകെ നൗഷാദിനു തിരികെക്കൊ ടുത്തു.
മര്‍ദനത്തില്‍ നടപടി തേടി നൗഷാദ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ്.