കുറവിലങ്ങാട്: ദാന്പത്യവല്ലരിയിൽ മൊട്ടിട്ട ആദ്യകണ്മണിയുടെ അകാലവിയോഗത്തിൽ വിലപിക്കുകയാണ് മോനിപ്പള്ളി ഉൗരാളിൽ വീട്. മോനിപ്പള്ളി ഉൗരാളിൽ ജോയിയും കുടുംബവുമാണ് മൂത്തമകൾ മെറിന്റെ അകാലവിയോഗത്തിൽ ഞെട്ടിയിരിക്കുന്നത്.
അമേരിക്കയിൽ നഴ്സായ മകളെ ഭർത്താവ് കുത്തികൊലപ്പെടുത്തിയെന്ന വിവരം ഇന്നലെ രാത്രി പത്തോടെയാണ് മോനിപ്പള്ളിയിലെ വീട്ടിലെത്തിയത്. അമേരിക്കയിലുള്ള അമ്മായി മേഴ്സിയാണ് മെറിന്റെ മരണം വീട്ടിൽ വിളിച്ചറിയിച്ചത്. ഇന്നലെ വൈകുന്നേരവും മകൾ തന്നേയും ഭാര്യയേയും വിളിച്ചിരുന്നതായി ജോയി പറഞ്ഞു.
പിറവം മരങ്ങാട്ടിൽ കുടുംബാംഗമായ ജോയി വർഷങ്ങളായി അമ്മവീടായ മോനിപ്പള്ളി ഉൗരാളിലാണ് താമസം. ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങവേ പാർക്കിംഗ് ഏരിയായിൽവെച്ച് മകളെ ഭർത്താവ് കുത്തി കൊലപ്പെടുത്തിയതായാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. അമേരിക്കയിലെ മയാമി കോറൽ സ്പ്രിങ്സിലാണ് സംഭവം.
ബ്രൊവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായിരുന്ന മെറിനെ കുത്തിവീഴ്ത്തിയശേഷം കാർ കയറ്റി കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനും കുത്തേറ്റതായി അറിയാനായതെന്ന് ജോയി പറയുന്നുണ്ട്.
മെറിനെ പോലീസ് ഉടൻതന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് നെവിൻ കാറോടിച്ച് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. നെവിനെ പിന്നീട് സ്വയം കുത്തിമുറിവേൽപ്പിച്ച നിലയിൽ ഹോട്ടൽ മുറിയിൽ നിന്ന് പോലീസ് പിടികൂടി.
മിഷിഗണിലെ വിക്സനിൽ ജോലിയുള്ള നെവിൻ ഇന്നലെ കോറൽ സ്പ്രിങ്സിൽ എത്തി ഹോട്ടലിൽ താമസിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും നെവിൻ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു.
കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ആക്കിയ മെറിൻ പിന്നീട് ജോലിയിൽ പ്രവേശിച്ചു. ബ്രൊവാർഡ് ആശുപത്രിയിലെ ജോലി രാജി വച്ച് മറ്റൊരു ആശുപത്രിയിൽ ചേരാനിരിക്കെയാണ് ആക്രമണം. വെളിയനാട് സ്വദേശിയാണ് നെവിനും ചികിൽസയിലാണ്.
നെവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. പാലാ പാറപ്പള്ളിൽ കുടുംബാഗം മേഴ്സിയാണ് മെറിന്റെ മാതാവ്. ബിഎസ്എസ് നഴ്സിംഗ് വിദ്യാർത്ഥിനി മീര ഏക സഹോദരിയാണ്.
നാളെ മെറിന്റെ പിറന്നാളും വിവാഹവാർഷികവും
ഇരുപത്തിയഞ്ചാം പിറന്നാൾ ദിനത്തിലായിരുന്നു മെറിന്റെ വിവാഹം. 2017 ജൂലൈ 30ന്. നാളെ മൂന്നാം വിവാഹവാർഷികമായിരുന്നു. ഒപ്പം പിറന്നാളും. രണ്ട് വർഷം പിന്നിട്ടതോടെ ദാന്പത്യജീവിതത്തിൽ ആരംഭിച്ച കല്ലുകടി ഒടുവിൽ കൊലപാതകത്തിലെത്തി. അതും ഭാര്യയുടെ ജീവൻ ഭർത്താവിന്റെ കൈകളാൽ ഇല്ലാതാക്കപ്പെട്ടു.
കഴിഞ്ഞ വർഷം ഡിസംബർ 20ന് മെറിനും ഭർത്താവ് നെവിനും മകളും ഒരുമിച്ചാണ് നാട്ടിലെത്തിയതെങ്കിലും അമേരിക്കയിലേക്കുള്ള മടക്കം ഒരുമിച്ചായിരുന്നില്ല. നെവിന്റെ ചങ്ങനാശേരിയിലെ വീട്ടിലേക്കാണ് വിദേശത്തുനിന്ന് മെറിൻ ഭർത്താവിനൊപ്പമെത്തിയതെങ്കിലും ജനുവരിയിൽ നെവിൻ തനിയേ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു.
നെവിന് പിന്നാലെ മെറിൻ ജുനവരി 29ന് തനിയെ അമേരിക്കയിലേക്ക് മടങ്ങി. തൊടുപുഴ മുട്ടം സ്വദേശിനിയുടെ കുടുംബത്തോടൊപ്പമായിരുന്നു മെറിൻ താമസിച്ചിരുന്നത്. ഈ വീട്ടിൽ നിന്നാണ് ജോലിക്ക് പോയിരുന്നത്. മറ്റൊരിടത്തായിരുന്നു നെവിന്റെ ജോലിയും താമസവും.
സ്ഥലംമാറ്റവും വിവാഹമോചനവും കാത്തിരുന്നു
കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ മെറിനും നെവിനുമായി ദാന്പത്യപ്രശ്നങ്ങൾ ഉണ്ടായതോടെ വിവാഹബന്ധത്തിൽ നിന്ന് വേർപിരിയാനുള്ള നിയമനടപടികളിലായിരുന്നു ഇവരെന്ന് മെറിന്റെ പിതാവ്.
വീട്ടിൽവെച്ച് ഉപദ്രവിച്ചതിനെ തുടർന്ന് ചങ്ങനാശേരി പോലീസിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നതായും നടപടികൾ പുരോഗമിക്കുകയായിരുന്നുവെന്നും മെറിന്റെ പിതാവ് ജോയി പറയുന്നു.
മെറിൻ നിലവിൽ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് അടുത്തദിവസം മാറാനിരിക്കുകയായിരുന്നു. മറ്റൊരിടത്ത് ജോലി ലഭ്യമായ സാഹചര്യത്തിലായിരുന്നു മാറ്റമെന്നും ജോയി പറയുന്നു. വർഷങ്ങൾ അമേരിക്കയിൽ താമസിച്ചുള്ള പരിചയവും ജോയിക്കുണ്ട്.
അമ്മയുടെ വീഡിയോ കോൾ ഇനിയില്ല, ഒന്നുമറിയാതെ മുത്തുമണി
അമേരിക്കയിൽ ജനിച്ച് നാട്ടിൽ വളരുന്ന മുത്തുമണിയെന്ന നോറയ്ക്ക് അമ്മയുമായുള്ള കണ്ടുമുട്ടൽ വീഡിയോ കോളിലൂടെയായിരുന്നു. ഇന്നലേയും അമ്മ മെറിൻ മകളെ വിളിച്ചിരുന്നു. എല്ലാദിവസവും വിളിക്കുന്ന പതിവാണ് മെറിന് .
ഇനിയൊരിക്കലും അമ്മ വിളിക്കില്ലെന്ന് നോറയ്ക്ക് അറിയില്ല. രണ്ടു വയസ് പിന്നിട്ട നോറയ്ക്ക് തന്റെ അമ്മ സ്വർഗയാത്രയായെന്നും അറിയില്ല. കഴിഞ്ഞ മാസമായിരുന്നു നോറയുടെ രണ്ടാം പിറന്നാൾ. അമ്മയുടെ വിയോഗമറിഞ്ഞ് ഉൗരാളിൽ വീട്ടിലേക്ക് പലരും വരുന്പോഴും അവൾ പതിവ് തെറ്റിക്കാതെ സംസാരിച്ചും ചിരിച്ചും നടക്കുകയാണ്.