വൈപ്പിന്‍: ചെറായി പാടത്തും മാലിപ്പുറത്തും സമാന്തര മത്സ്യവ്യാപാരം നടക്കുന്നതായി പരാതി. അന്യസംസ്ഥാന ലോറികളെത്തിക്കുന്ന മത്സ്യങ്ങള്‍ കണ്ടെയ്ൻമെന്റ് സോണ്‍ ഉള്‍പ്പെടെയുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുകിട കച്ചവടക്കാരെത്തിയാണ് വാങ്ങുന്നത്. പലരും സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് തമ്പടിക്കുന്നതത്രേ.
ചെറായി പാടത്ത് പറവൂര്‍ക്കുള്ള റൂട്ടില്‍ കള്ളുഷാപ്പിനു മുന്നിലാണ് കച്ചവടം. പുലര്‍ച്ചെ നാലിനാണ് കച്ചവടം തുടങ്ങുക. രണ്ടിടത്തും ആളുകളുടെ വന്‍ കൂട്ടമായിരിക്കും. മുനമ്പം, കാളമുക്ക് ഹാര്‍ബറുകള്‍ കണ്ടെയ്ൻമെന്റ് സോണായി അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് അനധികൃത കച്ചവടങ്ങള്‍ നടക്കുന്നത്.
മാലിപ്പുറം പാലത്തിനു വടക്ക് ഭാഗത്തും ഈ സമയത്ത് തന്നെയാണ് കച്ചവടം. രണ്ടിടത്തും അന്യസംസ്ഥാനത്തുനിന്നും എത്തുന്ന മത്സ്യങ്ങളാണ് വിറ്റഴിക്കുന്നത്.
ഇത് വാങ്ങാന്‍ കണ്ടെയ്ൻമെന്റ് സോണുകളായ ആലുവ, ചെല്ലാനം, കളമശേരി മേഖലയിലുള്ള കച്ചവടക്കാരുള്‍പ്പെടെ ജില്ലയിലെ കിഴക്കന്‍ മേഖലയിലുള്ള ചെറുകിട കച്ചവടക്കാരും കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വീടുകളിലെത്തി മത്സ്യവില്ക്കുന്ന കച്ചവടക്കാരുമാണ് എത്തുന്നത്.
വലിയ വാഹനങ്ങളും ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും പുലര്‍ച്ചെ മൂന്നിനു തന്നെ ഈ മേഖലകളില്‍ തമ്പടിക്കും. ആറുമണിവരെ കച്ചവടം നീളും. എന്നാല്‍ വൈപ്പിന്‍-പറവൂര്‍ മേഖലകളില്‍ കോവിഡ്-19 സമ്പര്‍ക്കത്തിലൂടെ പകര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അനധികൃത മത്സ്യവ്യാപാരം
നിരോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി അയച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പോലീസോ പഞ്ചായത്തുകളോ ആരോഗ്യ അധികൃതരോ വേണ്ട നടപടികള്‍ സ്വീകരിക്കാതെ വന്നപ്പോഴാണ് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയത്.