വലിയപറമ്പ്: കടൽ കയറി തീരദേശത്ത് നാശം വിതക്കുന്നു. മഴക്ക് തെല്ലൊന്ന് ശമനമുണ്ടായ വേളയിലാണ് കടലേറ്റമുണ്ടായിട്ടുള്ളത്. നിരവധി പേരുടെ തെങ്ങുകൾ കടപുഴകി കടലിൽ പതിച്ചു.
50 മീറ്ററിലധികം കടൽ കരയിലേക്ക് കയറി. രണ്ടു ദിവസമായി കടലോരവാസികൾ ഭീതിയിലാണ്. ഉദിനൂർ കടപ്പുറം കാലിച്ചാൻകാവ് ക്ഷേത്രം മുതൽ കന്നുവീട് കടപ്പുറം, തൃക്കരിപ്പൂർ കടപ്പുറം, മാവിലാക്കടപ്പുറം ഭാഗങ്ങളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്.
നൂറുകണക്കിന് തെങ്ങുകൾ കടപുഴകി വീണതിന് പുറമെ കടലേറ്റം തടയാൻ സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി പല മേഖലകളിൽ നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങളും കടലെടുത്തു. ഉദിനൂർ കടപ്പുറത്തെ പി.വി. കാർത്യായണിയുടെ വീട്ടുപറമ്പിലെ നിരവധി തെങ്ങുകളാണ് കടലിൽ പതിച്ചത്.
കന്നുവീട് കടപ്പുറത്ത് കെ.വി. കുമാരന്റെ നാല് തെങ്ങുകൾ ഏതു സമയത്തും കടലിൽ വീഴാവുന്ന അവസ്ഥയിൽ കടപുഴകി ചാഞ്ഞുനിൽപ്പാണ്. കന്നുവീട് കടപ്പുറം, തൃക്കരിപ്പൂർകടപ്പുറം പ്രദേശങ്ങളിൽ വീതി കുറഞ്ഞ ഭാഗത്ത് കൂടി കടൽവെള്ളം കായലിലേക്ക് കര കവിഞ്ഞൊഴുകി.