വടക്കഞ്ചേരി: തൊഴിലുറപ്പ് തൊഴിലിന്റെ രൂപവും ഭാവവുമെല്ലാം മാറുകയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും മറ്റു പ്രഫഷണൽ കോഴ്സുകൾ കഴിഞ്ഞവരുമെല്ലാം ഈ തൊഴിൽ രംഗത്തേക്ക് കടന്നുവരുന്നു.
തൊഴിലുറപ്പു തൊഴിലാളികളെല്ലാം വിദ്യാഭ്യാസ യോഗ്യതയിൽ പിന്നോക്കക്കാരും പ്രായമായവരുമാണെന്ന കാഴ്ചപ്പാടുകൾ തിരുത്തിയാണ് സംസ്ഥാനത്തുതന്നെ ഇതാദ്യമായി കണ്ണന്പ്ര പഞ്ചായത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ഇന്നലെ തൊഴിലുറപ്പ് പണിക്കിറങ്ങിയത്.
ഇരുപതുവയസു മുതൽ 35 വയസു വരെയുള്ള 20 പേരാണ് ദിവസം 291 രൂപ കൂലി കിട്ടുന്ന തൊഴിലുറപ്പ് പണിക്കിറങ്ങിയത്. പഞ്ചായത്തിലെ മഞ്ഞപ്രയ്ക്കടുത്ത് തെക്കെതറയിൽ വലിയകുളം നവീകരണമാണ് ഇവരുടെ ആദ്യതൊഴിൽ.
മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമെല്ലാം ജോലി ചെയ്തിരുന്നവരാണ് ഇവരെല്ലാം. കോവിഡ് മാരിയെ തുടർന്ന് ജോലിനഷ്ടടപ്പെട്ട് നാട്ടിൽ തിരിച്ചെത്തി വരുമാനമില്ലാതെ ദുരിതക്കയങ്ങളിലായപ്പോഴാണ് തൊഴിലുറപ്പുപണി തേടിയെത്തിയത്.
ഇവർക്ക് തൊഴിൽ വേഗത്തിലാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ഡി.രെജിമോനും വൈസ് പ്രസിഡന്റും മുൻ വൈസ് പ്രസിഡന്റ് എം.കെ.സുരേന്ദ്രനും വാർഡ് മെംബർ കെ.സതീഷും പിന്തുണയുമായെത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.സുലോചന, ബിപിഒ ബഷീർ എന്നിവരുടെ ഇടപെടലുകൾ കൂടിയായതോടെ ചെറുപ്പക്കാർക്ക് പുതിയ തൊഴിൽമേഖല തുറക്കുകയായിരുന്നു.
വയലിനോട് ചേർന്നുള്ളതാണ് ഈ വലിയകുളം. പേരുപോലെ മൂന്നരയേക്കർ വിസ്തൃതമായ കുളമാണിത്. എന്നാൽ കുറേക്കാലമായി കുളം ചണ്ടിനിറഞ്ഞു ചതുപ്പുപോലെയായി. ചണ്ടി മുഴുവൻ നീക്കം ചെയ്യലാണ് ആദ്യദൗത്യം.
150 പേർ കോവിഡിന്റെ സാമൂഹ്യ അകലം പാലിച്ചാണ് പണി നടത്തുന്നത്. കുളം നവീകരണത്തിന്റെ ആദ്യഘട്ടമായി അഞ്ചുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്ത് ആക്ഷൻ പ്ലാൻ അംഗീകരിച്ച് ബ്ലോക്കിന് നല്കിയാൽ 75 ലക്ഷം രൂപയുടെ പ്രോജക്ട് ജില്ലാ പഞ്ചായത്ത് കൂടി അംഗീകരിച്ച് നടപ്പിലാക്കാനാകുമെന്ന് നവീകരണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമ്മുണ്ണി പറഞ്ഞു.
കുളത്തിനു ചുറ്റും സംരക്ഷണ മതിൽക്കെട്ടി ഒരുവശത്ത് ഉദ്യാന സമാനമായ സൗകര്യം ഒരുക്കാനാണ് പദ്ധതി. ഗ്രാമഭംഗി ആസ്വദിച്ച് സായാഹ്നങ്ങളിൽ ഒത്തുകൂടാൻ ഇരിപ്പിടങ്ങളും നിർമിക്കും. മത്സ്യംവളർത്തലും നീന്തൽ പരിശീലനവും മത്സര ട്രാക്കുകൾ ഒരുക്കാനും ആലോചനയുണ്ട്.
കുളം നവീകരിക്കുന്നതോടെ പ്രദേശത്തെ മറ്റു ജലസ്രോതസുകളിലും വെള്ളമാകും. അതു വഴി കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകും. കൃഷിക്കും ഈ ജലസ്രോതസ് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.