കോട്ടയം: മണർകാട് ചീട്ടുകളി കേന്ദ്രവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ സിപിഎം പ്രതിക്കൂട്ടിൽ. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പണമിടപാടുകാരനുമായ മാലം സുരേഷിനു സംരക്ഷണം നല്കുന്നതു ഭരണകക്ഷിയിൽപ്പെട്ട നേതാക്കൻമാരാണെന്ന വിവരങ്ങൾ ആദ്യഘട്ടത്തിൽ തന്നെ പുറത്തുവന്നിരുന്നു.
പിന്നീട് മാലം സുരേഷും മണർകാട് എസ്എച്ച്ഒയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. റെയ്ഡ് നടത്തി മണർകാട് ക്രൗണ്‍ ക്ലബിൽനിന്നു ചീട്ടുകളി പിടികൂടിയ ശേഷവും ക്ലബിന്റെ നടത്തിപ്പുകാരൻ മാലം സുരേഷിനെതിരെ കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല.
ദിവസങ്ങൾക്കു ശേഷം വിവിധ കോണുകളിൽ നിന്നും പ്രതിഷേധമുയർന്നതിന്റെ അടിസ്ഥാനത്തിലാണ് മാലം സുരേഷിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിപിഎം നേതാക്കൻമാരുടെ സ്വാധീനത്തിലാണ് ഇയാൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതെന്നാണ് ഉയർന്ന ആരോപണം.
കഴിഞ്ഞ ദിവസം സിപിഎം നേതാക്കളോടൊപ്പം മാലം സുരേഷ് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എം.എ. ബേബി മാലം സുരേഷിന്റെ വീടു സന്ദർശിച്ച ചിത്രങ്ങളും പുറത്തുവന്നു.
തമിഴ്നാട്ടിൽനിന്നുള്ള ഒരു മതനേതാവ് മാലം സുരേഷിനു വേണ്ടി എഴുതിയതെന്നു പറയപ്പെടുന്ന ശിപാർശ കത്തും പുറത്തുവന്നു. എന്നാൽ, കത്തിന്റെ ആധികാരികത ഇനിയും വ്യക്തമായിട്ടില്ല. ഇതു വ്യാജമായി ചമച്ചതാണോയെന്നും സംശയം ഉയർന്നിട്ടുണ്ട്.
മാലം സുരേഷിന്റെ ചീട്ടുകളി കേന്ദ്രത്തിലും പണമിടപാടിലുംചില ഉന്നത സിപിഎം നേതാക്കൾക്ക് ഉൾപ്പെടെ പടി കിട്ടുന്നതായും ആരോപണമുണ്ട്. പോലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ മാസങ്ങളായി അരങ്ങേറിയ വൻ ചൂതാട്ടം പോലീസ് അവഗണിച്ചതിനു പിന്നിൽ സിപിഎം നേതാക്കളുടെ സംരക്ഷണമാണെന്നാണ് പറയപ്പെടുന്നത്.
ഇതിനു പുറമേ ചീട്ടുകളി നടന്നിരുന്ന ക്രൗണ്‍ ക്ലബിൽ രാഷ്ട്രീയക്കാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പതിവു സന്ദർശകരായിരുന്നുവെന്നും പരാതികളുണ്ടായിരുന്നു.
പോലീസുകാരെ ഉന്നത സ്വാധീനത്തിലും കൃത്യമായി വൻതുക മാസപ്പടി നല്‍കിയുമാണ് മാലം സുരേഷ് തനിക്കൊപ്പം നിർത്തിയിരുന്നത്. മുഖ്യമന്ത്രിയുമായി പോലും വ്യക്തിപരമായി അടുപ്പമുണ്ടെന്നു മാലം സുരേഷ് പ്രചരിപ്പിച്ചിരുന്നു.