കാട്ടാക്കട : ഇഴപിരിയാത്ത സൗഹൃദച്ചരടിൽ കോർത്തെടുത്ത അയ്യപ്പനും സുരേഷും ലോക സൗഹൃദ ദിനത്തിന്റെ വിശേഷമായി മാറുകയാണ്.
ഈ കോവിഡ് കാലത്തും ഇവരുടെ സൗഹ്യദത്തിന് ഏറെ തിളക്കം. രണ്ടു കുടുംബങ്ങളിൽ നിന്ന് തൊഴിൽ തേടി ഒരിടത്തെിയവരാണ് സുരേഷും( 38) അയ്യപ്പനും(38). ഇന്നവർ തമ്മിൽ പിരിയാനാകാത്ത ചങ്ങാതിമാരാണ്.
വേഷത്തിൽ മാത്രമല്ല, ഭക്ഷണകാര്യത്തിലും അഭിപ്രായങ്ങളിലും ഭിന്നതയില്ല. ഇവർ വിവാഹം കഴിച്ചതും ഒരേ ദിവസം. ഭാര്യമാരും മക്കളുമായും കഴിയുന്നതും ഒരു കൂരയിൽ. വേഷം, വാച്ച്, ചെരുപ്പ് എന്നിവയെല്ലാം കഴിഞ്ഞ 25 വർഷമായി അയ്യപ്പനും സുരേഷും ഒരേ നിറത്തിലും തരത്തിലുമുള്ളതാണ് ഉപയോഗിക്കാറ്.
ഭർത്താക്കന്മാർ പുലർത്തുന്ന ജീവിതത്തിലെ ഐക്യം ഭാര്യമാർക്കുമുണ്ട്. അയ്യപ്പന്റെ ഭാര്യ സിനിയും സുരേഷിന്റെ ഭാര്യ ശരണ്യയും എവിടെയും ഒരുമിച്ചേ പോകാറുള്ളൂ. ഒരേ നിറത്തിലുള്ള വേഷത്തിലും.
കാൽ നൂറ്റാണ്ടിന് മുൻപ് കണ്ടല കരിങ്ങൽ കമലാവിവാസത്തിൽ അയ്യപ്പനും വീരണകാവ് മൈലോട്ടൂമൂഴി കടയറ പുത്തൻ വീട്ടിൽ സുരേഷും കാട്ടാക്കടയിൽ എത്തുന്നത് സമാന്തര സർവീസ് നടത്തുന്ന ടെമ്പോസ്റ്റാൻഡിലെ ക്ലീനർമാരായി.
ഇവർ ചങ്ങാതികളായി. കിട്ടുന്ന ശമ്പളത്തിൽ മിച്ചം പിടിക്കുന്നത് ഇരുവരും ഒരിടത്ത് നിക്ഷേപിച്ചു. ഒരു ടെമ്പോ വാങ്ങി അവർ സ്വന്തമായി ബിസിനസ് രംഗത്ത് ഇറങ്ങി. കഠിനാധ്വാനികളായ ഇവരുടെ ചുവടുകൾ പിഴച്ചില്ല. ഒന്നിൽ നിന്നു പത്തിലേയ്ക്ക് വാഹനങ്ങളുടെ എണ്ണം പെരുകി.
ഇന്ന് വോൾവോ ബസുകളടക്കം 12 വാഹനങ്ങൾ സ്വന്തമായുള്ള അശ്വതി ട്രാവൽസിന്റെ ഉടമകളാണ് ഇരുവരും. വാഹനങ്ങളും കൂലിക്കാരും നിരവധിയുണ്ടെങ്കിലും അയ്യപ്പനും സുരേഷും ഇന്നും ഒരു ബുള്ളറ്റിലാണ് സഞ്ചാരം.
2009 ൽ ഒക്ടോബർ 2 ന് ഇരുവരും ഒരേ സമയം വിവാഹിതരായപ്പോഴും തമ്മിൽ അകലാൻ പാടില്ലെന്ന് തീരുമാനിച്ചു. ഇരുവർക്കും ഭാര്യമാർക്കൊപ്പം താമസിക്കാൻ കാട്ടാക്കട കൊമ്പാടിക്കൽ അശ്വതി എന്ന വീട് പണിതു.
ഇവിടെയാണ് ഇപ്പോഴും ഇവർ താമസിക്കുന്നത്. അയ്യപ്പന്റെ മകൻ അമ്പാടിയും മകൾ അശ്വതിയും പഠിക്കുന്നത് ഒരേ സ്കൂളിൽ. മൂന്നാം ക്ലാസിൽ, ഒരേ ഡിവിഷനിൽ. മക്കളും തങ്ങളെ പോലെ സൗഹ്യദത്തിന്റെ മധുരം നുണയണമെന്ന് ഇവർ ആഗ്രഹിക്കുന്നു.
ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത ഈ കാലത്ത്, തമ്മിൽ കലഹിക്കുന്ന ഒരു പാടു ജീവിതങ്ങൾക്കും സമൂഹത്തിനും ഇടയിൽ…