പറവൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് തകർന്നടിഞ്ഞ് പറവൂരിലെ കയർ വ്യവസായം. തൊഴിലാളികൾ നിർമിക്കുന്ന കയർ സംഘങ്ങൾ വഴി ശേഖരിച്ചാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്.
എന്നാൽ കോവിഡ് ശക്തിപ്രാപിച്ചതോടെ ഇത് പൂർണമായും നിലച്ചു. തൊഴിലാളികൾ ഉത്പദിപ്പിച്ച കയർ വിറ്റഴിക്കപ്പെടാത്തതിനാൽ മാസങ്ങളായി തൊഴിലാളികൾക്ക് ഇതിന്റെ വേതനം നൽകാനായിട്ടില്ല സംഘങ്ങൾകായിട്ടില്ല.
കയർ ഫെഡാണ് സംഘങ്ങളിൽ നിന്നും കയർ ശേഖരിച്ച് വില്പന നടത്തുന്നത്. പ്രധാനമായും മഹാരാഷ്ട്രയിലേക്കാണ് പറവൂരിൽനിന്നും കയർ കയറ്റുമതി ചെയ്തിരുന്നത്. കയർ നീക്കം നിലച്ചതോടെ കയർഫെഡ് സംഘങ്ങൾക്ക് നൽകേണ്ട തുകയും മാസങ്ങളായി കുടിശികയാണ്.
പ്രതിസന്ധി മറികടക്കാൻ കയർഫെഡും കേന്ദ്ര സംസ്ഥാന സർക്കാരുകളും സഹായിക്കണമെന്ന് കയർ വർക്കേഴ്സ് യൂണിയൻ നേതാവും വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.എം. അന്പ്രോസ് ആവശ്യപ്പെട്ടു.
മുത്തകുന്നം വാവക്കാട് പ്രദേശങ്ങൾ ഒരു കാലത്ത് കയർ നിർമാണത്തിന് പേരുകേട്ട ഇടമായിരുന്നു. ഇപ്പോഴും എട്ട് സംഘങ്ങളിലായി അഞ്ഞൂറിൽപരം തൊഴിലാളികൾ ഈ മേഖലയിലുണ്ട്.
ഇതിൽ വടക്കേക്കരയിലെ വാവക്കാട് 15, 16 വാർഡുകൾ കോവിഡിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ടെയ്മെന്റ് സോണുകളായിരുന്നു. ഇതും തൊഴിലാളികളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ്.
കയർ തൊഴിലാളികൾക്ക് പ്രതിസന്ധി മറികടക്കാൻ കൂലി കുടിശിക നൽകുകയും കോവിഡ് കാലയളവിൽ സർക്കാർ സൗജ്യന അരി നൽകുകയും ചെയ്യണമെന്ന് വാവക്കാട് കയർ സഹകരണ സംഘം പ്രസിഡന്റ് കെ.എൻ. സതീശൻ ആവശ്യപ്പെട്ടു.