ഭാര്യയോടു പകതോന്നിയാൽ ഒരാൾക്ക് ഇത്രയും ക്രൂരനാകാൻ കഴിയുമോ? അതും സമൂഹത്തിൽ വിലയും നിലയും ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവിന്..
കോളിളക്കം സൃഷ്ടിച്ച തന്തൂരി കൊലക്കേസ് പുറത്തുവന്നപ്പോൾ ജനങ്ങളുടെ മനസിൽ ആദ്യം ഉയർന്ന ചോദ്യം ഇതാണ്. 1995ൽ നടന്ന അരുംകൊല ഇന്നും ജനങ്ങളുടെ മനസിലുണ്ട്. ഇതിനു കാരണം ഈ കൊലക്കേസ് അത്രത്തോളം ചർച്ചാവിഷയം ആയിരുന്നു എന്നതു തന്നെ.
1995 ജൂലൈ രണ്ട്
ന്യൂഡൽഹിയിലെ ശർമ മന്ദിർ മാർഗിലാണ് സുശീൽകുമാറിന്റെ താമസം. യൂത്ത് കോൺഗ്രസ് നേതാവാണ്. അന്നു രാത്രി സുശീൽ കുമാർ വീട്ടിലേക്കു കയറി വരികയാണ്.
അപ്പോഴാണ് ഭാര്യ നൈന സാഹ്നി(25) ആരോടോ ഫോണിൽ സംസാരിക്കുന്നതു സുശീൽ കുമാർ കാണുന്നത്. ഭർത്താവിനെ കണ്ടതും എന്തോ ഒളിപ്പിക്കാനുള്ളതുപോലെ നൈന തത്രപ്പെടുന്നതായി അയാൾക്കു തോന്നി. ഭാര്യ മദ്യം കഴിക്കുന്നുമുണ്ട്. ഇതോടെ കുറെനാളായി അടക്കിപ്പിടിച്ചിരുന്ന ചില സംശയങ്ങൾ സുശീലിന്റെ മനസിൽ നുരപൊട്ടി.
അവൾ മറ്റാരുമായോ ബന്ധം പുലർത്തുന്നുണ്ടെന്ന് അയാൾക്കു തോന്നി. പാഞ്ഞു ചെന്ന ഇയാൾ ബലംപ്രയോഗിച്ചു ഫോൺ കൈക്കലാക്കി. എന്നിട്ടു ഭാര്യ വിളിച്ച നന്പറിലേക്കു തിരിച്ചുവിളിച്ചു. മറു തലയ്ക്കൽ മത്ലൂബ് കരീമിന്റെ ശബ്ദം.
നൈനയുടെ ക്ലാസ്മേറ്റായിരുന്നു മത്ലൂബ്. കോൺഗ്രസ് പ്രവർത്തകനും. ഡൽഹി യൂത്ത് കോണ്ഗ്രസ് വനിതാ വിഭാഗം ജനറൽ സെക്രട്ടറിയായിരുന്നു നൈന. ക്ലാസ്മേറ്റ്സ് എന്നതിനോടൊപ്പം ഇവർ ഒരേ പാർട്ടിയിൽ വിശ്വസിക്കുന്നവരും.
നൈനയും മത്ലൂബും തമ്മിലുള്ള ബന്ധത്തെ സുശീൽ കുമാർ സംശയിക്കാൻ തുടങ്ങിയിട്ടു കുറേക്കാലമായി. മത്ലൂബുമായി സംസാരിക്കാനോ അടുക്കാനോ പാടില്ലായെന്നു സുശീൽകുമാർ ഭാര്യയ്ക്കു താക്കീത് നൽകിയിരുന്നതുമാണ്. ഫോണിന്റെ മറുതലയ്ക്കൽ മത്ലൂബ് ആണെന്നു മനസിലായതോടെ സുശീൽ കുമാറിന്റെ സകല നിയന്ത്രണവും നഷ്ടമായി.
വെടിയേറ്റ് നൈന
ക്ഷുഭിതനായ സുശീൽകുമാർ അടുത്ത നിമിഷം തന്റെ തോക്കെടുത്തു നൈനയുടെ നേരേ നിറയൊഴിച്ചു. ഒന്നല്ല, മൂന്നു പ്രാവശ്യം. വെടിയേറ്റ നൈന പിടഞ്ഞു മരിച്ചു. ഭാര്യ മരിച്ചുവെന്നു തോന്നിയ സുശീൽ കുമാർ പരിഭ്രാന്തനായി.
മൃതദേഹം എങ്ങനെ മറവു ചെയ്യുമെന്നതായിരുന്നു അയാളെ അങ്കലാപ്പിലാക്കിയത്. കുഴിച്ചിടുന്നതും ഉപേക്ഷിക്കുന്നതുമൊക്കെ റിസ്ക് ആണെന്ന് അയാൾ ഉറപ്പിച്ചു. പോരെങ്കിൽ നൈനയും അറിയപ്പെടുന്ന രാഷ്ട്രീയക്കാരിയാണ്. വാർത്ത പുറത്തേക്കു വന്നാൽ കോളിളക്കം ഉണ്ടാകുമെന്ന് അയാൾക്കറിയാമായിരുന്നു.
ഒടുവിൽ മൃതദേഹം കത്തിച്ചു കളയാൻ അയാൾ തീരുമാനിച്ചു. അതുവഴി മുഴുവൻ തെളിവുകളും നശിക്കുമെന്നും അയാൾ കണക്കൂകൂട്ടി. തുടർന്ന് ഭാര്യയുടെ ശരീരം യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാതെ അയാൾ ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചു.
തുടർന്നു തന്റെ റസ്റ്ററന്റിലേക്കു കൊണ്ടുപോയി. റസ്റ്ററന്റ് മാനേജർ കേശവ കുമാറിന്റെ സഹായത്തോടെ തന്തൂരി അടുപ്പിൽ മൃതദേഹത്തിന്റെ കഷണങ്ങൾ കത്തിച്ചു.
എന്നാൽ, സംഗതി പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. മൃതദേഹഭാഗങ്ങൾ പൂർണമായി കത്തിച്ചുകളയാൻ അവർക്കു കഴിഞ്ഞില്ല. കാണാതായ നൈനയെ തേടിയുള്ള അന്വേഷണങ്ങൾ തന്തൂരി റസ്റ്ററന്റിലേക്കും എത്തി.
പോലീസ് എത്തുന്നു
അശോക് യാത്രി നിവാസിലെ ബഗിയ റസ്റ്ററന്റിന്റെ തന്തൂരി അടുപ്പിൽ മൃതദേഹാവശിഷ്ടങ്ങൾ പാതി കരിഞ്ഞ നിലയിൽ പോലീസ് കണ്ടെത്തി. മലയാളിയും ഓച്ചിറ സ്വദേശിയുമായ ഡൽഹി പോലീസിലെ കോണ്സ്റ്റബിൾ അബ്ദുൽ നസീർ കുഞ്ഞാണ് ഈ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഇതോടെയാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നൈന കൊല്ലപ്പെട്ടതു തീപ്പൊള്ളലേറ്റെന്നായിരുന്നു. എന്നാൽ, രണ്ടാമത് നടത്തിയ വിശദമായ പോസ്റ്റ്മോർട്ടത്തിൽ നൈനയുടെ ശരീരത്തിൽനിന്നു വെടിയുണ്ടകൾ കണ്ടെത്തുകയായിരുന്നു.
ആദ്യം വധശിക്ഷ
വിചാരണക്കോടതി സുശീൽകുമാറിനു 2003ൽ വധശിക്ഷ നൽകി. തുടർന്ന് 2007ൽ കീഴിക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. എന്നാൽ, സുപ്രീംകോടതിയിലേക്കും കേസ് നീണ്ടു.
നിയമയുദ്ധത്തിനൊടുവിൽ വധശിക്ഷയിൽ ഇളവു ചെയ്തു സുപ്രീം കോടതി ജീവപര്യന്തമാക്കി ശിക്ഷ കുറച്ചു. 23 വർഷത്തെ ശിക്ഷ അനുഭവിച്ച ശേഷം ഹൈക്കോടതി ഇളവു നൽകി. ഇതോടെ സുശീൽ കുമാർ 2018 ഡിസംബർ 21ന് ഡൽഹി ജയിൽ മോചിതനായി.
ദാന്പത്യബന്ധത്തിലെ താളപ്പിഴയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഭാര്യയ്ക്കു മറ്റൊരാളോടുണ്ടായിരുന്ന അടുപ്പമാണ് സുശീലിനെ പ്രകോപിപ്പിച്ചതെന്നും സുപ്രീം കോടതി വിലയിരുത്തിയിരുന്നു.
സമൂഹത്തിനെതിരെയുള്ള കുറ്റമായി നൈനയുടെ കൊലപാതകത്തെ കാണാനാവില്ലെന്നും പ്രതിക്കു ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതകം നിഷ്ഠുരമായ രീതിയിലായിരുന്നുവെന്നതിനു സംശയമില്ല. എന്നാൽ, കൃത്യത്തിലെ ക്രൂരത കണക്കിലെടുത്തു മാത്രം വധശിക്ഷ നൽകാനാവില്ല.
പ്രതി വീണ്ടും ഇത്തരം കുറ്റങ്ങൾ ചെയ്യുമെന്നു വിലയിരുത്താവുന്ന തെളിവുകളില്ല. പ്രതിക്കു മാനസാന്തരമുണ്ടാവില്ലെന്നു വിലയിരുത്താനാവില്ല.
പ്രായാധിക്യമുള്ള മാതാപിതാക്കളുടെ ഏക മകനാണു പ്രതി. വധശിക്ഷ ലഭിക്കുന്നവർക്കുള്ള തടവിലാണ് 10 വർഷമായി പ്രതി കഴിഞ്ഞിരുന്നത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുന്നതെന്നും സുപ്രീംകോടതി വിശദീകരിച്ചിരുന്നു.
നൈനയെ കൊലപ്പെടുത്തിയതിൽ നേരിട്ടു പങ്കില്ലാത്ത കേശവ് കുമാറിനെ പിന്നീടു കോടതി വിട്ടയച്ചു. എങ്കിലും കേസിൽ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കുറ്റത്തിന് ഏഴു വർഷത്തോളം കേശവ് കുമാർ ജയിലിൽ കിടന്നു.