കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ട് ഇന്ന് ആറ് മാസം പിന്നിടുമ്പോള്‍ ജില്ലയില്‍ ആശങ്കയേറെ. നിലവില്‍ 827 പേരാണു ജില്ലയിലെ ആശുപത്രികളില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ആറു മാസം പിന്നിടുമ്പോള്‍ ജില്ലക്കാരായ 1,697 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 1,309 പേര്‍ക്ക് കഴിഞ്ഞ 20 ദിവസത്തിനുള്ളിലാണു രോഗം ബാധിച്ചതെന്നതു കൂടുതല്‍ ആശങ്കയുളവാക്കുന്നു. ശേഷിക്കുന്ന 388 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മാര്‍ച്ച് 20 മുതല്‍ ജൂലൈ ഒന്‍പതുവരെയുള്ള 110 ദിവസത്തിനിടെയാണ്.
കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ആശങ്കയ്ക്കു പുറത്തായിരുന്നു ജില്ലയെങ്കിലും വിദേശത്തുനിന്നു പ്രവാസികളുടെ വരവ് തുടങ്ങിയതോടെ ചിത്രം മാറി. ഇതോടെ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം രാജ്യത്തെതന്നെ കോവിഡിന്റെ ശ്രദ്ധാകേന്ദ്രമായി മാറി.
ആറു മാസം പിന്നിടുമ്പോള്‍ ആശങ്ക വര്‍ധിച്ച ജില്ലകളിലൊന്നായി എറണാകുളവുമുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലടക്കം ഇതുവരെ 85,251 പ്രവാസികളാണു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 518 വിമാനങ്ങളിലായാണു ഇത്രയേറെപ്പേര്‍ കൊച്ചിയിലെത്തിയത്.
മേയ് ഏഴിന് അബുദാബിയില്നിന്നായിരുന്നു ആദ്യവിമാനം. കഴിഞ്ഞ മാസം 30 വരെ 322 വിമാനങ്ങളും ഈ മാസം ഇതുവരെ 196 എണ്ണവും കൊച്ചിയിലെത്തി. 1,260 പ്രവാസികളാണു ഇന്നുമാത്രം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലെത്തുന്നത്.
ഗള്‍ഫ് മേഖലയ്ക്കു പുറമേ സാന്‍ഫ്രാന്‍സിസ്കോ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവാസികളുമാണ് ഇന്ന് നാട്ടിലെത്തുന്നത്. ഗള്‍ഫ് മേഖലയില്‍നിന്നു ജക്കാര്‍ത്ത, ക്വലാലംപൂര്‍ എന്നിവിടങ്ങളില്‍നിന്നായി ഇന്നലെ ഏഴ് വിമാനങ്ങളിലായി 1,120 പ്രവാസികള്‍ കൊച്ചിയിലെത്തി.
ആഭ്യന്തര യാത്രികരുമായി 822 വിമാനങ്ങളും ഇതുവരെ കൊച്ചിയിലെത്തി. ഇത്രയും വിമാനങ്ങള്‍ തിരികെ വിവിധ സംസ്ഥാനങ്ങളിലേക്കു യാത്രക്കാരുമായി പുറപ്പെടുകയുംചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍നിന്നു വിമാനമാര്‍ഗം 38,112 പേര് കൊച്ചിയിലിറങ്ങിയപ്പോള്‍ 30,033 പേര് മടങ്ങി.
സൗദിയിലേക്ക് ഉള്‍പ്പെടെ 1,500ഓളം ആരോഗ്യപ്രവര്‍ത്തകരും കൊച്ചിയില്‍നിന്നു പറന്നു. ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകാന്‍ പ്രത്യേക വിമാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.