സ്വന്തം ലേഖകൻ
തൃശൂർ: മാവോയിസ്റ്റ്, ഭീമ കൊറേഗാവ് സംഘർഷ ബന്ധം ആരോപിച്ച് മുംബൈയിൽ അറസ്റ്റിലായ തൃശൂർക്കാരൻ ഹാനി ബാബു വിദ്യാർഥിയായിരുന്നപ്പോൾ രാഷ്ട്രീയത്തിലേ ഇല്ലായിരുന്നെന്ന് അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകർ. അവിശ്വസനീയം എന്നാണ് അധ്യാപകർ പ്രതികരിച്ചത്.
തൃശൂർ പൂങ്കുന്നം സ്വദേശിയായ ഹാനി ബാബു ശ്രീ കേരളവർമ കോളജിലാണ് ബിഎയും എംഎയും പഠിച്ചത്. 1991 ൽ മികച്ച മാർക്കോടെ എംഎ പാസായ ഹാനി ബാബു തുടർന്ന് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലാണ് ഗവേഷണ ബിരുദം നേടിയത്. തുടർന്നാണു ഡൽഹി യൂണിവേഴ്സിറ്റിയിൽ അധ്യാപകനായത്.
വിദ്യാർഥിയായിരുന്നപ്പോൾ വളരെ ശാന്തനായിരുന്നു. ശങ്കരംകുളങ്ങര ക്ഷേത്രത്തിനരികിലെ മുസലിയാർ വീട്ടിൽ തറയിൽ കുടുംബം. ഇപ്പോൾ വീട് ഇല്ല. ഹാനി ബാബുവിന്റെ അമ്മ ഇപ്പോഴും കോളജിനരികിലെ ഫ്ളാറ്റിൽ താമസിക്കുന്നുണ്ട്.
രണ്ടു സഹോദരന്മാരുണ്ട്. കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഡോ. എം.ടി. ഹരീഷും, എഴുത്തുകാരനും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ കംപാരറ്റീവ് ലിറ്ററേച്ചർ പ്രഫസറുമായ എം.ടി. അൻസാരിയുമാണ് സഹോദരങ്ങൾ. ഡൽഹി യൂണിവേഴ്സിറ്റിയിലെ മിറാൻഡ് ഹൗസ് കോളജിലെ പ്രഫസർ ഡോ. ജെന്നി റൊവേനയാണു പത്നി.
ഏതാനും വർഷങ്ങളായി ഹാനി ബാബു ദളിതർക്കുവേണ്ടി വാദിക്കുകയും ഡൽഹി യൂണിവേഴ്സിറ്റിയിൽ എബിവിപി നിലപാടുകളെ എതിർക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റായി അറിയപ്പെട്ടിരുന്നു.
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ തെലുങ്കു കവി വരവരറാവു അടക്കം 12 പേരിൽ ഒരാളും കൊല്ലം സ്വദേശിയുമായ റോണ വിൽസനുമായി അടുത്ത സൗഹാർദമുണ്ടായിരുന്നു. ഇതിന്റെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റു ചെയ്തത്.
ഒരാഴ്ച മുന്പ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയായിരുന്നു. വീട്ടിൽനിന്ന് ലാപ്ടോപ്പും പെൻഡ്രൈവുകളും രണ്ടു പുസ്തകങ്ങളും പിടിച്ചെടുത്തിരുന്നു. ഹാനി ബാബുവിന്റെ സഹോദരന്മാരായ അൻസാരിയും ഹരീഷും എല്ലാവരുമായി അടുത്തിടപഴകുകയും തുറന്നു സംസാരിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ ഹാനി ബാബു വളരെ അച്ചടക്കത്തോടെ, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും ചെയ്തിരുന്നു: മുപ്പതിലേറെ വർഷം മുന്പ് അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകർ ഓർക്കുന്നു. രണ്ടര വർഷം മുന്പ് തൃശൂരിലെ ഒരു കോളജിൽ പ്രഭാഷണത്തിനായി അദ്ദേഹം എത്തിയിരുന്നു.