
തിരുവല്ല: നിറഞ്ഞൊഴുകുന്ന മണിമലയാറ്റിലൂടെ 20 കിലോമീറ്ററിലേറെ ഒഴുകിയ വീട്ടമ്മ വീണ്ടും ജീവിതത്തിലേക്ക്. മണിമല കാവുംപടി തൊട്ടിയില്‍ ഓമന (65)യാണ് ഒഴുക്കില്‍പ്പെട്ടത്.
കിലോമീറ്ററുകള്‍ ഒഴുകിവന്ന ഇവരെ ഇന്നലെ രാവിലെ 10.30 നു കുറ്റൂര്‍ തോണ്ടറ പാലത്തിനു സമീപത്ത് വള്ളത്തിലെത്തിയവർ രക്ഷിക്കുകയായിരുന്നു. തിരുവല്ല ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. ഓമനയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.30നു മണിമല പോലീസ് സ്റ്റേഷനു സമീപമുള്ള കുറ്റിപ്പുറം കടവിൽ കുളിക്കാനിറങ്ങിയ ഓമന ഒഴുക്കിൽപ്പെടുകയായിരുന്നു. കാല്‍തെറ്റി വീണതാകാമെന്നാണു ബന്ധുക്കള്‍ പറയുന്നത്.
രാവിലെ തിരുമൂലപുരം കിഴക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു സമീപത്തുണ്ടായിരുന്ന ഒരാൾ നദിയിൽക്കൂടി ആരോ ഒഴുകിപ്പോകുന്നതു കണ്ടു. ഉടന്‍തന്നെ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. അവര്‍ ഡിങ്കി ബോട്ടില്‍ തെരച്ചില്‍ ആരംഭിച്ചു.
ഇതിനിടെ, കുറ്റൂർ തോണ്ടറ പാലത്തിനു സമീപം താമസിക്കുന്ന തൈപ്പള്ളത്ത് റെജി വർഗീസ് വള്ളത്തിലെത്തി ഓമനയെ കരയ്ക്കെത്തിക്കുകയായിരുന്നു.
ഉടന്‍തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഓമനയുടെ നില തൃപ്തികരമാണെന്ന് മകന് രാജേഷ് പറഞ്ഞു. ഓമനയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മണിമല പോലീസില്‍ പരാതി നല്‍കിയിരുന്നു.