ജോണ്സണ് വേങ്ങത്തടം
കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനു വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചില ഉത്തരങ്ങള്‍ക്കു വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ സംഘം.
സ്വര്‍ണക്കടത്ത്, തീവ്രവാദബന്ധം, കൂട്ടുപ്രതികളുമായുള്ള സൗഹൃദം, കണ്‍സള്‍ട്ടന്‍സി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി തൃപ്തികരമല്ലെന്നും ശിവശങ്കറിനു ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും അന്വേഷണ കേന്ദ്രങ്ങൾ പറയുന്നു.
ഏതുനിമിഷവും വീണ്ടും ചോദ്യം ചെയ്യാന്‍ തയാറായിട്ടാണ് എന്‍ഐഎ ശിവശങ്കറിനെ വിട്ടയച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അദ്ദേഹം നടത്തിയ വിദേശയാത്രകളും സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഐടി കന്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി ഐടി സെക്രട്ടറിയെന്നനിലയില്‍ നിരവധി യാത്രകളാണ് ശിവശങ്കര്‍ നടത്തിയത്. ഇതിൽ രണ്ടു യാത്രകൾക്കു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയായിരുന്നുവെന്നു സൂചനയുണ്ട്.
അവ്യക്തമായ മറുപടിയാണത്രെ ശിവശങ്കര്‍ നല്‍കിയത്. ഇതിൽ കൃത്യതവരുത്താൻ ശിവശങ്കറിന് എന്‍ഐഎ അവസരം നല്‍കിയിട്ടുണ്ട്. ശിവശങ്കറിനൊപ്പം വിദേശയാത്രകള്‍ നടത്തിയ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്റെ ഇടപാടുകളെക്കുറിച്ചും അന്വേഷണമുണ്ട്.
ഇവരുടെ യാത്രകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി യുഎഇയിലെ ഇന്ത്യന്‍ എംബസിയിലുള്ള ഐബി ഉദ്യോഗസ്ഥരുടെ സേവനവും എന്‍ഐഎ തേടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിനു ബന്ധമുണ്ടോയെന്ന് അറിയാൻ സെക്രട്ടേറിയറ്റിലെ കാമറാ ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധന അനിവാര്യമാണ്.
കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവച്ചശേഷവും ശിവശങ്കറെ അദ്ദേഹത്തെ ഓഫീസിലെത്തി കണ്ടതായി സരിത്തിന്റെയും മറ്റും മൊഴികളുണ്ട്. 2019 ജൂലൈ മുതൽ ഒരുവര്‍ഷത്തെ കാമറാദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണകള്ളക്കടത്തിനു കേരളത്തിലും വിദേശത്തും വിപുലമായ കണ്ണിയുണ്ടെന്നും യുഎഇയിൽനിന്നുള്ള സ്വർണക്കടത്തിന്റെ പ്രധാന കണ്ണി ഫൈസല്‍ ഫരീദാണെന്നും എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള പി.കെ. റമീസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്.
തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തിയെന്ന റമീസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആരെയൊക്കെ സന്ദര്‍ശിച്ചുവെന്നത് അന്വേഷിച്ചു വരുന്നു. റമീസിനു തീവ്രവാദബന്ധമുണ്ടെന്ന് എന്‍ഐഎ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. റമീസിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.
ഭീമമായ സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനാണ് സ്വര്‍ണക്കടത്തിലേക്കു തിരിഞ്ഞതെന്നു സ്വപ്ന കസ്റ്റംസിനു മൊഴി നല്കി. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയും കേസിലെ മുഖ്യപ്രതിയുമായ സരിത്തിന് വന്‍ സാന്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.
ഇതേത്തുടര്‍ന്നാണ് സ്വര്‍ണക്കടത്ത് നടത്താന്‍ തുടങ്ങിയതെന്നാണു സ്വപ്നയുടെ മൊഴി. സരിത്തിനു സാന്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്താത്തതിനാൽ ഈ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല.