സ്വന്തം ലേഖകന്‍
കൊച്ചി: മലയാളസിനിമയില്‍ വില്ലനായും സ്വഭാവനടനായും തിളങ്ങിയ അനില്‍ മുരളി പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്.
സൂപ്പര്‍താര സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അനിൽ പോലീസ് വേഷങ്ങളിൽ കൂടുതല്‍ മികവ് കാട്ടി. വില്ലനായിട്ടും സൂപ്പര്‍താരങ്ങൾക്കൊപ്പം പിടിച്ചുനില്ക്കാന് സാധിച്ചുവെന്നത് അനിലിന്റെ അഭിയനയത്തികവ് എടുത്തുകാട്ടുന്നു.
സീരിയലുകളിലൂടെയാണ് അഭിനയം തുടങ്ങിയതെങ്കിലും പെട്ടെന്നുതന്നെ സിനിമയിലേക്കു കടന്നു. തിരുവനന്തപുരത്തെ ഹോട്ടലില്‍ അവസരം ചോദിച്ചെത്തിയ ചെറുപ്പക്കാരനില്‍ സംവിധായകൻ വിനയന് തന്റെ വില്ലനെ കണ്ടെത്തിയതോടെയായിരുന്നു തുടക്കം.
1993ൽ പുറത്തിറങ്ങിയ ‘കന്യാകുമാരിയില്‍ ഒരു കവിത’ അങ്ങനെ അനില്‍ മുരളിയുടെ ആദ്യസിനിമയായി. അനിലിലെ നടനെ വളര്‍ത്തുന്നതില്‍ സംവിധായകരായ ജോഷി, അനില്‍ബാബു തുടങ്ങിയവരും വലിയ പങ്കുവഹിച്ചു.
അവരുടെ സിനിമകളില്‍ അനിലിനു ശക്തമായ വേഷങ്ങൾ ലഭിച്ചു. വാല്‍ക്കണ്ണാടി എന്ന കലാഭവന്‍ മണി സിനിമയിലെ അനില്‍ മുരളി അവതരിപ്പിച്ച വില്ലന്‍ വേഷം അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തി. സംവിധായകന് ലെനിന് രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം ചെയ്തു.
ജോസഫ്, ലയണ്‍, ബാബാ കല്യാണി, പുത്തന്‍പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെ.എല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ആമേന്‍, ചാക്കോ രണ്ടാമന്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, നസ്രാണി, പുതിയമുഖം, കളക്ടര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.
ഫോറന്‍സിക് ആയിരുന്നു അവസാന ചിത്രം. വില്ലനായും സഹനടനായും ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിലെ തിളക്കമേറിയ പ്രകടനം മറ്റുഭാഷകളിലേക്കും അനവധി അവസരങ്ങളൊരുക്കി.
തമിഴിലെ നിമിര്‍ന്തുനില്‍, കനിതന്‍, കൊടി തുടങ്ങിയ സിനിമകളിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൈയടി നേടി. അവസാനനാളുകളിൽ തമിഴ്സിനിമയാണ് ശക്തമായ വേഷങ്ങള്‍ അനിലിനു നല്‍കിയത്.