കാഞ്ഞങ്ങാട്: റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെതിരെ ഹാഷ് ടാഗ് പ്രചാരണവുമായി കാഞ്ഞങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍. ‘ചന്ദ്രേട്ടന് എവിടെയാ’ എന്ന് പേരിട്ടിരിക്കുന്ന ഹാഷ് ടാഗ് പ്രചാരണം ഫലത്തില്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേളികൊട്ടാവുകയാണ്.
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ജില്ലയിലെ ജനങ്ങളുടെ കൂടെ നില്‍ക്കേണ്ടിയിരുന്ന മന്ത്രി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളില്‍ നിശബ്ദനായിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ്, ഡിസിസി ജനറല്‍ സെക്രട്ടറി ഹരീഷ് പി. നായര്‍ തുടങ്ങിയ നേതാക്കളാണ് പ്രചാരണത്തിന്റെ മുന്‍നിരയില്‍.
അതേസമയം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്കുപ്പായം തയ്പിച്ച് കാത്തിരിക്കുന്നവരാണ് മന്ത്രി ചന്ദ്രശേഖരനെതിരായ പ്രചാരണത്തിനു പിന്നിലെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്.
സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ വൈസ് ചെയര്‍മാനെന്ന നിലയില്‍ സംസ്ഥാനത്തുടനീളം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാന്‍ ഉത്തരവാദപ്പെട്ട ആളാണ് റവന്യൂമന്ത്രിയെന്നും അവര്‍ പറയുന്നു. അതേസമയം മന്ത്രിയെ പ്രതിരോധിക്കാന്‍ സിപിഎം നേതാക്കളാരും രംഗത്തുവന്നിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്.