സ്വന്തം ലേഖകൻ
തൃശൂർ: ഇടയ്ക്കയിൽ ദേശീയഗാനം ചിട്ടപ്പെടുത്തി പ്രശസ്ത ഇടയ്ക്ക വാദകൻ ഡോ. തൃശൂർ കൃഷ്ണകുമാർ. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നതിനാൽ ഏറെ സമയമെടുത്താണ് ദേശീയഗാനത്തെ ഇടയ്ക്കയുടെ നാദഭംഗിയിലേക്ക് കൊണ്ടുവന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു.
യുട്യൂബിൽ കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത ഇടയ്ക്കവാദനത്തിലൂടെയുള്ള ദേശീയഗാനം ഇതിനകം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരിക്കാം ഒരാൾ ഇടയ്ക്കയിൽ ദേശീയഗാനം അവതരിപ്പിക്കുന്നതെന്ന് കൃഷ്ണകുമാർ പറയുന്നു.
ഒരുപാട് രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അതിലേറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ നാടിനെ തന്നെയാണെന്നും ഇന്ത്യയെപോലെയും കേരളത്തെ പോലെയും മനോഹരമായ വേറെ ഒരിടം ഈ ലോകത്തുണ്ടെന്നു തോന്നിയിട്ടില്ലെന്നും അതു തന്നെയാണ് നമ്മുടെ ദേശീയഗാനത്തെ തന്റെ ഇഷ്ടവാദ്യമായ ഇടയ്ക്കയിലേക്ക് സന്നിവേശിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു.
ലോക്ഡൗണ്‍ സമയമായതിനാൽ മറ്റുള്ള യാതൊരു സംഗീതോപകരണങ്ങളും ഇല്ലാതെ ഇടയ്ക്കയിൽ മാത്രമാണ് ദേശീയഗാനം ചിട്ടപ്പെടുത്തിയത്. ഇടയ്ക്ക ഒരു താളവാദ്യമായതിനാൽ ഏറെ നിയന്ത്രണങ്ങൾ കൊട്ടുന്പോൾ വേണമായിരുന്നുവെന്നും അല്ലെങ്കിൽ ദേശീയഗാനത്തിന്റെ വരികളും ഈണവും കേൾക്കുന്നവർക്ക് ഫീൽ ചെയ്യില്ലെന്നതുകൊണ്ട് നൂറല്ല 110 ശതമാനം നിയന്ത്രണം പാലിച്ചാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
പല തവണയായി കൊട്ടാനാകുമായിരുന്നില്ല. ഒറ്റയടിക്ക് കൊട്ടിപ്പോകണമായിരുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.കഴിഞ്ഞ 35 വർഷത്തിലേറെയായി സംഗീതരംഗത്ത് പല പ്രശസ്തർക്കൊപ്പവും പരിപാടികളിൽ പങ്കെടുക്കുന്ന കൃഷ്ണകുമാറിന് ദേശീയഗാനം ഇടയ്ക്കയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് കരുതുന്നത്.
ഇത് കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനത്തിനുള്ള സമർപണമാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കൂടുതൽ പെർഫെക്ഷനോടെ ഇത് ഭംഗിയാക്കാനുള്ള ശ്രമത്തിലാണ് ഈ കലാകാരൻ. തൃശൂർ വരന്തരപ്പിള്ളി തൃക്കൂർ മഠത്തിൽ പരേതനായ അനന്തരാമയ്യരുടെയും പാർവതി അമ്മാളുടേയും മകനാണ് കൃഷ്ണകുമാർ.
പ്രശസ്ത മോഹിനിയാട്ടം നർത്തകി കലാമണ്ഡലം കവിത കൃഷ്ണകുമാർ പത്നിയും പാർവ്വതി മകളുമാണ്. രാഷ്ട്രപതിയായിരുന്ന സമയത്ത് ഡോ.എ.പി.ജെ.അബ്ദുൾകലാം തൃശൂരിൽ സന്ദർശനത്തിനെത്തിയപ്പോൾ ഒരു പരിപാടിയിൽ കൃഷ്ണകുമാറിന്റെ ഇടയ്ക്ക വാദനം കേട്ട് കൃഷ്ണകുമാറിനെ അടുത്തുവിളിച്ച് ഇടയ്ക്ക വാങ്ങി അതെക്കുറിച്ച് ചോദിച്ചറിഞ്ഞ അപൂർവ നിമിഷങ്ങൾ അന്ന് വലിയ വാർത്തയായിരുന്നു.