തട്ടിക്കൊണ്ടുപോകലും കൊലപാതകവുമൊക്കെ നമ്മുടെ രാജ്യത്തു പുതിയ സംഭവങ്ങളല്ല. എന്നാൽ, രാജ്യത്തിന്റെയൊന്നാകെ ശ്രദ്ധ നേടിയ ചില സംഭവങ്ങൾ ഇന്നും പലരുടെയും മനസിൽനിന്നു മാഞ്ഞിട്ടില്ല. അത്തരമൊരു സംഭവമാണ് 1978ൽ അരങ്ങേറിയ ബില്ല കേസ്.
സ്വതന്ത്ര ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കൊലക്കേസ് ആണ് രംഗ- ബില്ല കൊലക്കേസ്. ഇന്ത്യൻ നേവിയിലെ ക്യാപ്റ്റൻ ആയിരുന്ന മദൻ മോഹൻ ചോപ്രയുടെ മക്കളായിരുന്നു ഗീതയും സഞ്ജയും.
ഗീതയ്ക്കു പതിനാറര വയസ്. ഡൽഹി ജീസസ് ആൻഡ് മേരി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി. സഞ്ജയിനു പതിനാലു വയസ്. ഡൽഹി മോഡേൺ സ്കൂളിലെ പത്താം ക്ലാസ് വിദ്യർഥി.
കൊടും കുറ്റവാളികൾ
1978 ഓഗസ്റ്റ് 26. മുംബൈയിലെ വലിയ ശല്യക്കാരായ ക്രിമിനലുകളായിരുന്നു കുൽജീത് സിംഗ് എന്ന രംഗയും ജസ്ബീർ സിംഗ് എന്ന ബില്ലയും. കൊള്ളയും കൊലയും നിത്യത്തൊഴിൽ ആക്കിയവർ.
മോഷ്ടിച്ച ഫിയറ്റ് കാറിൽ മുംബൈയിൽനിന്നു ഡൽഹിയിലേക്കുള്ള യാത്രയിലാണ് ഇരുവരും.അന്നു ഗീതയ്ക്കും സഞ്ജയിനും ആകാശവാണിയുടെ യുവവാണിയിൽ ലൈവ് റേഡിയോ പ്രോഗ്രാം അവതരിപ്പിക്കാൻ പോകേണ്ടതുണ്ടായിരുന്നു.
ഏതെങ്കിലും വാഹനത്തിനു കൈ കാണിച്ചു ലിഫ്റ്റ് ചോദിച്ചുവാങ്ങി സൻസദ് മാർഗിലെ ആകാശവാണിയിലേക്കു ചെല്ലുക. റിക്കാർഡിംഗ് കഴിയുന്പോൾ രാത്രി ഒമ്പതോടെ ആകാശവാണി ഗേറ്റിൽനിന്ന് അച്ഛൻ വാഹനവുമായി എത്തി തിരിച്ചു വീട്ടിലെത്തിക്കും.
ഇതായിരുന്നു കുട്ടികളും അച്ഛനും തമ്മിലുള്ള ധാരണ. വാഹനത്തിനു കൈ കാണിച്ചു ലിഫ്റ്റ് ചോദിച്ചുവാങ്ങിയുള്ള യാത്ര അക്കാലത്ത് അവിടങ്ങളിൽ പതിവായിരുന്നു.
കാറുമായി അവർ
ഗീതയും സഞ്ജയും ആകാശവാണിയിലേക്കു പോകാൻ കാത്തുനിൽക്കുന്പോഴാണ് രംഗയും ബില്ലയും ഫിയറ്റ് കാറുമായി അതുവഴി വരുന്നത്. കാറിലുള്ളത് ആരെന്നറിയാതെ കുട്ടികൾ കാറിനു കൈ കാട്ടി.
വണ്ടി നിർത്തിയ രംഗയും ബില്ലയും കുട്ടികളെ കാറിൽ കയറ്റി. കുട്ടികൾ വീടിനു സമീപത്തുനിന്നു ഫിയറ്റ് കാറിൽ ലിഫ്റ്റ് ചോദിച്ചു കയറിപ്പോവുന്നതു പ്രദേശവാസിയായ എം.എസ്. നന്ദ കണ്ടിരുന്നു. അപ്പോൾ ചെറിയൊരു ചാറ്റൽ മഴയും പെയ്യുന്നുണ്ടായിരുന്നു.
നിലവിളി ശബ്ദം
വൈകിട്ട് ആറരയോടെ ഗുരുദ്വാരാ ബംഗ്ളാ സാഹിബിനടുത്തു വച്ച് നോർത്ത് അവന്യൂ ലക്ഷ്യമിട്ടു പായുന്ന ഫിയറ്റ് കാർ ഭഗവാൻ ദാസ് എന്ന മറ്റൊരാളും കണ്ടു. ആ കാറിനുള്ളിൽനിന്നു കുട്ടികളുടെ നിലവിള ശബ്ദം കേട്ട് ഭഗവാൻ ദാസ് ഓടിച്ചെന്നു.
മുന്നിലെ സീറ്റിൽ രണ്ടു പുരുഷന്മാർ ഇരിക്കുന്നു. പിന്നിലെ സീറ്റിൽ രണ്ടു കുട്ടികളും. ദാസ് നോക്കുമ്പോൾ, ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നയാളിന്റെ മുടിക്കു പിടിച്ചു പിന്നിലേക്കു വലിക്കുകയാണ് ആ പെൺകുട്ടി. ആൺകുട്ടിയാകട്ടെ, ഡ്രൈവർക്കൊപ്പമുള്ളയാളോടു മല്ലുപിടിക്കുന്നു.
കാർ വളരെ വേഗത്തിൽ പാഞ്ഞുപോയതിനാൽ ദാസിന് ആ കാർ തടുത്തു നിർത്താനായില്ല. കാർ വില്ലിംഗ്ടൺ ആശുപത്രിയുടെ ദിശയിലേക്കു ഓടിച്ചുകൊണ്ടുപോയി. പക്ഷേ, ദാസ് കാറിന്റെ നമ്പർ ഓർത്തുവച്ചു -എച്ച്ആർകെ 8930.
കാറിനുള്ളിലെ സംഭവങ്ങൾ കണ്ടിട്ടു പന്തികേടു തോന്നിയ ഭഗവാൻ ദാസ് കാറിനെക്കുറിച്ചുള്ള വിരങ്ങൾ 6.45 ആയപ്പോഴേക്കും ഡൽഹി പോലീസിൽ വിളിച്ചറിയിച്ചു. എന്നാൽ, പോലീസ് കൺട്രോൾ റൂം ഓപ്പറേറ്റർ കാറിന്റെ നമ്പർ എഴുതിയെടുത്തപ്പോൾ തെറ്റിപ്പോയി. എച്ച്ആർകെ 8930 എന്നതിനു പകരം എംആർകെ 8930 എന്നാണ് പോലീസുകാരൻ കുറിച്ചെടുത്തത്.
രക്ഷപ്പെടാൻ ശ്രമം
ഭഗവാൻ ദാസ് കണ്ട സ്ഥലത്തുനിന്ന് അല്പമകലെ വീണ്ടുമൊരാൾ കാറിൽനിന്നു കുട്ടികളുടെ ബഹളവും രക്ഷപ്പെടാനുള്ള ശ്രമവും കണ്ടിരുന്നു. ഡൽഹി ഡവലപ്പ്മെന്റ് അഥോറിറ്റിയിലെ ജൂണിയർ എൻജിനിയറായിരുന്ന ഇന്ദർജിത് സിംഗ് ആയിരുന്നു കുട്ടികളെ ആപത്കരമായ സാഹചര്യത്തിൽ കണ്ടത്.
സ്കൂട്ടറിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്നു ഇന്ദർജിത്. വില്ലിംഗ്ടൺ ആശുപത്രിക്കടുത്തുള്ള ബാബാ ഖഡക് സിംഗ് മാർഗിൽ ഏകദേശം 6.45ഒാടെയാണ് കാർ കണ്ടത്. അപ്പോഴും കാറിനുള്ളിൽ പിടിവലി നടക്കുന്നുണ്ടായിരുന്നു. ഇന്ദർജീത് സ്കൂട്ടറുമായി കാറിനെ ലക്ഷ്യമാക്കി മുന്നോട്ടുപോയി.
സ്കൂട്ടറിൽ തങ്ങളെ പിന്തുടർന്ന ഇന്ദർജീതിനോടു കാറിലെ ആൺകുട്ടി തന്റെ ചോരപൊടിഞ്ഞ ചുമൽ കാണിച്ചു സഹായമിരന്നു. സിംഗ് കാറിനെ പിന്തുടർന്നു. കാർ ശങ്കർ മാർഗിലേക്കു തിരിഞ്ഞു. സിംഗ് പിന്നാലെ ചെന്നു.
എന്നാൽ, അവിടെ വച്ച് ഒരു റെഡ് ലൈറ്റ് ജമ്പ് ചെയ്തുകൊണ്ടു പാഞ്ഞുപോയ കാറിനെ തടയാൻ സിംഗിനായില്ല. ഇന്ദർജിത് സിംഗ് എന്തായാലും നമ്പർ കൃത്യമായിത്തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞുകൊടുത്തു. എന്നാൽ, ആ വിവരത്തിന്മേലും എന്തുകൊണ്ടോ ഫലപ്രദമായ ഒരു നടപടിയും ഡൽഹി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
യുവവാണിയിൽ അവരില്ല
എട്ടോടെ ക്യാപ്റ്റൻ ചോപ്രയും ഭാര്യയും തങ്ങളുടെ മക്കളുടെ പ്രോഗ്രാം കേൾക്കാൻ വേണ്ടി റേഡിയോ ട്യൂൺ ചെയ്തു. പക്ഷേ, മക്കളുടെ ശബ്ദം യുവവാണിയിൽ കേട്ടില്ല. സാങ്കേതികമായ എന്തെങ്കിലും കാരണത്താൽ പരിപാടി റദ്ദാക്കിയതാവുമെന്ന് അവർ കരുതി.
എന്തായാലും, എട്ടേ മുക്കാലോടെ ക്യാപ്റ്റൻ ചോപ്ര തന്റെ സ്കൂട്ടറിൽ സൻസദ് മാർഗിലുള്ള ആകാശവാണി ഗേറ്റിലെത്തി. പക്ഷേ, സ്ഥിരം നിൽക്കാറുള്ള സ്ഥലത്തു മക്കളെ കാണുന്നില്ല. ആകാശവാണിയിൽ അന്വേഷിച്ചപ്പോൾ അവർ എത്തിയിട്ടില്ല എന്നറിയിച്ചു.
അടുത്തുള്ള ടെലിഫോൺ ബൂത്തിൽ കയറി ക്യാപ്റ്റൻ വീട്ടിലെ ലാൻഡ് ലൈനിൽ വിളിച്ചു മക്കൾ വീട്ടിലെത്തിയോയെന്നു ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ചോപ്ര ആകെ പരിഭ്രാന്തനായി.
വീട്ടിലേക്കു തിരികെച്ചെന്ന ക്യാപ്റ്റൻ മക്കൾ ചെന്നിട്ടുണ്ടാകാൻ സാധ്യതയുള്ള എല്ലാ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കും മാറിമാറി വിളിച്ചുകൊണ്ടിരുന്നു.
അപ്പോഴൊന്നും ഒരു തട്ടിക്കൊണ്ടു പോകലിന്റെ സാധ്യത വീട്ടുകാരുടെ മനസിലൂടെ കടന്നുപോയിരുന്നില്ല. കുട്ടികൾക്കെന്തോ അപായം പറ്റിയെന്ന തോന്നൽ വന്നതോടെ ചോപ്ര പോലീസിൽ പരാതി നൽകി.
രംഗയും ബില്ലയും ആശുപത്രിയിൽ
രാത്രി 10.15ന് രംഗയും ബില്ലയും വില്ലിംഗ്ടൺ ആശുപത്രിയിൽ അടിയന്തര ശുശ്രൂഷ തേടിച്ചെന്നിരുന്നു. ബില്ലയുടെ തലയിൽ സാമാന്യം വലിയൊരു മുറിവുണ്ടായിരുന്നു. ഒരു മോഷണശ്രമത്തിനിടെ കള്ളന്മാർ തന്നെ ആക്രമിച്ചതാണെന്നാണ് ബില്ല ഡോക്ടറോടു പറഞ്ഞത്.
ആശുപത്രിയിൽ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ രൺബീർ സിംഗ് ബില്ലയുടെ മൊഴി രേഖപ്പെടുത്തി. കാളിമന്ദിറിന് അടുത്തുള്ള ഇടറോഡിൽ വച്ചാണ് അക്രമിക്കപ്പെട്ടതെന്നും തങ്ങളുടെ വാച്ച് മോഷ്ടിച്ചെന്നും അവർ പോലീസുകാരനു മൊഴി നൽകി.
രാത്രി പതിനൊന്നോടെ മന്ദിർ മാർഗ് സ്റ്റേഷനിൽനിന്ന് ഇരുവരുടെയും വിശദമായ മൊഴിയെടുക്കാൻ രണ്ടു പോലീസുകാരെത്തി. പോലീസുകാർ സംഭവം നടന്നിടത്തേക്കു കൊണ്ടുപോകാൻ പറഞ്ഞപ്പോൾ, ഇരുവരും തങ്ങൾ വന്ന കാറിൽത്തന്നെ കയറ്റി പോലീസുകാരെ കൊണ്ടുപോയി.
രംഗയും ബില്ലയും ചൂണ്ടിക്കാണിച്ചിടത്തു മോഷണ സംഭവം നടന്ന ലക്ഷണമൊന്നും കണ്ടില്ല. അടുത്ത ദിവസം വീണ്ടും സ്റ്റേഷനിൽ വന്നു മൊഴി തരണം എന്നും പറഞ്ഞ് പോലീസുകാർ അവരെ വിട്ടു. എന്നാൽ, അടുത്ത ദിവസം അവർ സ്റ്റേഷനിൽ ചെന്നില്ല.
അന്വേഷണത്തിൽ, രംഗയും ബില്ലയും തന്ന മൊഴിയിലെ അഡ്രസും അവർ വന്ന കാറിന്റെ നമ്പറുമെല്ലാം വ്യാജമാണെന്നു തെളിഞ്ഞു. ക്രിമിനലുകളായ അവർ ആശുപത്രിയിൽ വരാൻ നേരം ഫിയറ്റ് കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി സ്കൂട്ടറിന്റെ നമ്പർ ആക്കിയിരുന്നു. ഡിഎച്ച്ഐ 280.
(തുടരും).