തിരുവനന്തപുരം: സംസ്ഥാനത്തെ തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഒക്ടോബറിലോ നവംബറിലോ നടത്താൻ ആലോചന. കോവിഡിന്റെ പശ്ചാത്തലത്തിൽ പൂർണമായും ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പു നടത്തുക.
തദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടർ പട്ടിക ഈ മാസം രണ്ടാംവാരത്തിൽ പുറത്തിറക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ മരിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകൾ നീക്കാത്തതിൽ പരാതികൾ ഉയർന്നിരുന്നു.
ഏഴു ജില്ലകളിൽ വീതം രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തും. വോട്ടിംഗ് ഒരു മണിക്കൂർ നീട്ടും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാക്കും. നേരത്തെ ഇത് അഞ്ചു മണി വരെയായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനും വോട്ടിംഗ് ദിവസവും കർശന നിയന്ത്രണങ്ങളുണ്ടാകും.
പൊതുസമ്മേളനങ്ങൾക്ക് പകരം മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയിലൂടെയും നടത്തുന്ന പ്രചാരണത്തിനാകും മുൻതൂക്കം. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ചെറുസംഘങ്ങളായി വീടുകളിലെത്തി വോട്ട് ചോദിക്കാം. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കുന്ന ജീവനക്കാർക്കു മാസ്ക്കും കൈയുറകളും നൽകും.
എല്ലാ ബൂത്തിലും ഉദ്യോഗസ്ഥർക്കു മുന്നിൽ സാനിറ്റൈസറുണ്ടാകും. വോട്ടു ചെയ്യാൻ കയറുന്പോഴും ഇറങ്ങുന്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. കോവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ട് അല്ലെങ്കിൽ പ്രോക്സി വോട്ട് (വീട്ടിലെ മറ്റൊരാൾക്ക് വോട്ടിടാം) ചെയ്യാൻ അനുമതി നൽകും.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ശിപാർശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് – മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യും. താത്കാലിക ക്രമീകരണമായതിനാൽ ഇതിനായി ഓർഡിനൻസ് മതിയാകും.