സ്വന്തം ലേഖകൻ
തൃശൂർ: സ്വർണക്കടത്തു കേസിലെ പ്രധാന കണ്ണിയെന്ന കരുതുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദിന്റെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ തേടി അന്വേഷണസംഘം.
സ്വർണക്കടത്തും മറ്റും ഉൾപ്പടെ വൻ സാന്പത്തിക സ്രോതസിനുടമയാണ് ഫൈസൽ ഫരീദെന്ന് അന്വേഷണസംഘം ഉറച്ചു വിശ്വസിക്കുന്പോഴും ഫൈസലിന്റെ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകളിൽ ഇയാൾ കാര്യമായ സാന്പത്തിക ഭദ്രതയുള്ള ആളല്ല എന്ന വിവരമാണ് കിട്ടിയിരിക്കുന്നത്.
വളരെ നാമമാത്രമായ തുക മാത്രമേ ഫൈസൽ ഫരീദിന്റെ അക്കൗണ്ടുകളിൽ അന്വേഷണസംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടുള്ളു. സഹകരണബാങ്കിൽ 37 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നും വാഹനവായ്പയെടുത്തത് തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിന് ജപ്തി നടപടിയും ഫൈസലിനെതിരെയുള്ളതായി അന്വേഷണസംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൈപ്പമംഗലം മൂന്നുപീടികയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഇയാളുടെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചു ലഭിച്ച രേഖകൾ പ്രകാരം നടത്തിയ അന്വേഷണങ്ങളിലാണ് ഇയാളുടെ ദുർബലമായ സാന്പത്തിക ഇടപാടുകളുടെ ചിത്രം കിട്ടിയത്.
എന്നാൽ ഇതല്ല ഫൈസലിന്റെ യഥാർഥ അക്കൗണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. എപ്പോഴെങ്കിലും പിടിക്കപ്പെട്ടാൽ അതുവരെ സംഭരിച്ച സ്വത്തും പണവും നഷ്ടപ്പെടാതിരിക്കാൻ ബുദ്ധിപൂർവം ഫൈസൽ സാന്പത്തിക ഇടപാടുകൾ മറ്റാരുടെയങ്കിലും പേരിലാക്കിയിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
ഇപ്പോൾ പരിശോധിച്ച അക്കൗണ്ടുകളിലൊന്നും കഴിഞ്ഞ കുറച്ചുവർഷങ്ങളായി സാന്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. എൻആർഐ അക്കൗണ്ടിലും ഇടപാടുകളുണ്ടായിട്ടില്ലെന്ന് മനസിലായിട്ടുണ്ട്.
അതേസമയം കൈപ്പമംഗലത്തെ അടച്ചിട്ട വീട്ടിൽ എൻഐഎ സംഘം അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു നോട്ടീസ് പതിച്ചു ദിവസങ്ങളായെങ്കിലും തുടർനടപടികളൊന്നുമായിട്ടില്ല. വിദേശത്തുനിന്നു ഫൈസലിനെ എപ്പോൾ ഇന്ത്യയിലെത്തിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും അറസ്റ്റടക്കമുള്ള നടപടികൾ.
കൈപ്പമംഗലത്തേക്കു ഫൈസൽ എത്തില്ലെങ്കിലും എൻഐഎ സംഘത്തിന്റെ നിരീക്ഷണം ഈ മേഖലയിൽ തുടരുന്നുണ്ടെന്നാണ് സൂചന.
ഫൈസൽ ഫരീദിന്റെ യഥാർഥ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.
ഇതിന്റെ ഭാഗമായി ഫൈസലുമായി ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിക്കുന്നതായാണ് വിവരം. അതേസമയം, സ്വർണക്കടത്തു കേസിൽ ദേശവിരുദ്ധ സംഘടനകൾക്കു ബന്ധമുണ്ടോയെന്ന അന്വേഷണവും എൻഐഎ ശക്തമാക്കിയിട്ടുണ്ട്.