തിരുവനന്തപുരം : കോവിഡ് സമ്പർക്കവ്യാപനം അതിരൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ ഇന്നു മുതൽ പൂട്ടിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
നഗരത്തിൽ പ്രവർത്തിക്കാൻ അനുമതിയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം കൃത്യമായും പാലിക്കണം. കടകളുടെ സ്ഥല പരിമിതി അനുസരിച്ച് കൃത്യമായ സാമൂഹിക അകലം പാലിക്കാൻ കഴിയുന്ന തരത്തിലിള്ള എണ്ണം ആൾക്കാരെ മാത്രമേ കടകൾക്കുള്ളലേക്ക് കടത്തി വിടാൻ പാടുള്ളൂ.
അതിനായി ഓരോ ആളിനും നിൽക്കുന്നതിന് കുറഞ്ഞത് ഒരു മീറ്റർ അകലം മാർക്ക് ചെയ്യണം. കടകളിലെ ജീവനക്കാർ കൃത്യമായും മാസ്കും കൈയ്യുറയും ധരിക്കണം. കടയിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് സാനിറ്റെസർ നൽകണം.
വ്യാപാരസ്ഥാപനങ്ങളിൽ പരിമിതമായ ജിവനക്കാരെ വച്ചു മാത്രമേ പ്രവർത്തിപ്പിക്കുവാൻ പാടുള്ളൂ. രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ എന്നുള്ള പ്രവർത്തന സമയക്രമം കൃത്യമായി പാലിക്കണം.
കണ്ടെയ്ൻമെന്റ് സോണുകളില്‍ രാവിലെ ഏഴുമുതല്‍ വൈകുന്നേരം നാലുവരെയാണ് പ്രവര്‍ത്തന സമയം. ആരോഗ്യ വകുപ്പും പോലീസും നൽകുന്ന കോവിഡ് ജാഗ്രതാ നിർദേശങ്ങൾ എല്ലാ കടകളിലും നടപ്പിലാക്കണം.
വിലക്കു ലംഘനം നടത്തുന്ന കടയുടമകൾക്കെതിരേയും സാധനം വാങ്ങാനെത്തുന്നവർക്കെതിരേയും എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കും. നിർദേശം ലംഘിക്കുന്ന കടകൾ മുന്നറിയിപ്പില്ലാതെ ഇന്നുമുതൽ പൂട്ടിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.