കണ്ണൂര്‍: വാട്സ് ആപ് ഗ്രൂപ്പില്‍ നഗ്നചിത്രം പോസ്റ്റ് ചെയ്തെന്ന വിവാദവുമായി ബന്ധപ്പെട്ട് സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി കെ.പി. മധുവിനെ സ്ഥാനത്തുനിന്ന് നീക്കി.
ജില്ലാനേതാക്കളുടെ സാന്നിധ്യത്തില്‍ പയ്യന്നൂര്‍ ഏരിയകമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് നടപടി. കെ.പി. മധുവിനെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍നിന്നും മാറ്റിയിരിക്കുകയാണ്.
പുതിയ ഏരിയ സെക്രട്ടറിയായി വി. കുഞ്ഞികൃഷ്ണന് ചുമതല നല്കി. ഇന്ന് പയ്യന്നൂര്‍ ഏരിയകമ്മിറ്റിക്കു കീഴിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റികളിലും യോഗം ചേര്‍ന്ന് കെ.പി. മധുവിനെതിരേയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു നഗ്നചിത്രം അയച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ചിത്രം പിന്‍വലിക്കാന്‍ ശ്രമം നടത്തിയെങ്കിലും പിന്‍വലിക്കാനായില്ല. ഇതിനുപിന്നാലെ മധു വാട്സ് ആപ്പ് ഗ്രൂപ്പ് വിടുകയും ചെയ്തു.
മറ്റാര്‍ക്കോ വ്യക്തിപരമായി അയച്ച ചിത്രസന്ദേശം അറിയാതെ പാര്‍ട്ടി ഗ്രൂപ്പില്‍ ഇട്ടുപോയതാകാമെന്നുപറഞ്ഞ് ഒരുവിഭാഗം വിഷയത്തെ നിസാരവത്കരിക്കാന്‍ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ ഇതിനെതിരേ മറ്റൊരുവിഭാഗം ശക്തമായി രംഗത്തുവരികയും ജില്ലാനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. പയ്യന്നൂര്‍ സിപിഎമ്മിലെ ഗ്രൂപ്പുകളിയും ഇതിനുപിന്നിലുണ്ടെന്നാണ് പാര്‍ട്ടിയിലെതന്നെ ഒരുവിഭാഗം പറയുന്നത്.