ദുരൂഹത പെരുകിയതോടെ മൂത്രപ്പുരകളിൽ മരിച്ചുകിടന്ന യുവതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലീസ് താരതമ്യം ചെയ്തു വിലയിരുത്തി.
മരിച്ചനിലയിൽ കണ്ടെത്തിയ 20 പേരും വിഷം ഉള്ളിൽച്ചെന്നാണ് മരിച്ചതെന്നത് ഇതിനു പിന്നിൽ പൊതുവായ ഒരു കാരണമുണ്ട് എന്ന നിഗമനത്തിലേക്കു പോലീസിനെ എത്തിച്ചു. രണ്ടു പേരുടെ രക്തമാണ് സാന്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നത്.
ഈ പരിശോധനയിൽ വിഷാംശം സയനൈഡ് ആണെന്നു തെളിഞ്ഞു. സ യനൈഡ് സാധാരണയായി ആരും ആത്മഹത്യക്ക് ഉപയോഗിക്കാറില്ല എന്നതു പോലീസ് കൂടുതൽ അന്വേഷണത്തിലേക്കു നീങ്ങാൻ അന്വേഷകരെ പ്രേരിപ്പിച്ചു.
അപ്പോഴും ഈ മരണങ്ങളുടെയെല്ലാം പിന്നിൽ ഒരു സീരിയൽ കില്ലർ ഒളിച്ചിരിപ്പുണ്ടെന്ന ധാരണ കർണാടക പോലീസിന് ഇല്ലായിരുന്നു. ഫോൺകോളുകളെ പിന്തുടർന്നുപോയെങ്കിലും ഒന്നിൽനിന്നു മറ്റൊന്നിലേക്കു നീണ്ടതല്ലാതെ അതിന്റെ യഥാർഥ ഉടമയെ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.
റെയ്ഡും തെരച്ചിലും
ദൂരൂഹ സാഹചര്യത്തിൽ മരിച്ച ഈ സ്ത്രീകൾക്കു സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണം. സെക്സ് റാക്കറ്റുകൾ ഉപയോഗിച്ച ശേഷം ഇവരെ കൊലപ്പെടുത്തിയതാണോയെന്ന സാധ്യതയാണ് പോലീസ് പരിശോധിച്ചത്.
ഇതുമായി ബന്ധപ്പെട്ടു ദക്ഷിണ കർണാടകയിലെ അഞ്ചു ജില്ലകളിലെ ഹോട്ടലുകളിലും ചെറുകിട ലോഡ്ജുകളിലും പോലീസ് റെയ്ഡ് നടത്തി. എന്നാൽ, ഈ സ്ത്രീകളെക്കുറിച്ച് അങ്ങനെയുള്ള വിവരങ്ങൾ ഒന്നുംതന്നെ ലഭിച്ചില്ല. ഇതോടെ അന്വേഷണം വഴിമുട്ടിയ സ്ഥിതിയായി. എന്നാൽ ഫോൺ നന്പരുകൾ നിരീക്ഷിച്ചുകൊണ്ടു പോലീസ് കാത്തിരുന്നു.
കാവേരിയുടെ ഫോൺ
കുറ്റവാളി എവിടെയെങ്കിലും ഒരു തുന്പ് അന്വേഷകർക്കായി ബാക്കിവയ്ക്കും എന്നു പറയുന്നതുപോലെ തന്നെ മോഹൻകുമാറും തന്നിലേക്കുള്ള ഒരു തുന്പ് പോലീസിനായി ബാക്കിവച്ചു. ഫോണുകൾ നിരീക്ഷിക്കുന്നതിനിടയിൽ മരിച്ചുപോയ കാവേരി എന്ന യുവതിയുടെ ഫോൺ സ്വിച്ച് ഓണായ വിവരം പോലീസ് കണ്ടെത്തി.
അതോടെ പോലീസ് ഈ ഫോണിന്റെ വിവരങ്ങൾ ട്രാക്ക് ചെയ്തു. ഒടുവിൽ ധനുഷ് എന്ന ചെറുപ്പക്കാരനാണ് ഫോൺ ഉപയോഗിക്കുന്നതെന്നു പോലീസ് കണ്ടെത്തി. ധനുഷിനെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ തന്റെ അമ്മാവനായ മോഹൻകുമാർ തന്നതാണ് ഫോൺ എന്നു ധനുഷ് വെളിപ്പെടുത്തി.
മോഹൻ കുടുങ്ങുന്നു
ഇതോടെ അന്വേഷണം പ്രഫ.മോഹൻ കുമാർ എന്ന സീരിയൽ കില്ലറിലേക്കു നീണ്ടു. മോഹൻ കുമാറിനെത്തേടി പോലീസ് നീങ്ങുന്നതിനിടെ കാവേരിയുടെ ഫോൺ നന്പറിൽനിന്നു സുമിത്രശേഖര പൂജാരി എന്ന സ്ത്രീയെ നിരന്തരം വിളിക്കുന്നതായി വിവരം ലഭിച്ചു. പോലീസുകാർ സുമിത്രയെ കണ്ടെത്തി.
മോഹൻ കുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ അവരെ ധരിപ്പിച്ചു. പോലീസ് പറഞ്ഞ കഥകൾ കേട്ട് അവർ ഞെട്ടിത്തരിച്ചുപോയി. സുമത്രയെ ധൈര്യപ്പെടുത്തി മോഹൻ കുമാറിനെ കുടുക്കാൻ അവർ വഴി പോലീസ് കെണിയൊരുക്കി. അങ്ങനെ ഒടുവിൽ രാജ്യം കണ്ട കൊടും കുറ്റവാളികളിലൊരാളായ മോഹൻകുമാർ അറസ്റ്റിലായി.
പ്രതി മോഹൻ തന്നെയോ?
മോഹൻകുമാറിനെ നേരിട്ടു കണ്ടപ്പോൾ പോലീസ് അന്പരന്നു. കാരണം അയാൾക്ക് ഒരു കൊലയാളിയുടെ യാതൊരു രൂപഭാവങ്ങളും ഇല്ലായിരുന്നു. നിഷ്കളങ്ക ഭാവത്തോടെ നിൽക്കുന്ന ഇയാൾക്ക് ഇത്രയധികം കൊലപാതകങ്ങൾ ചെയ്യാനാകുമോയെന്നതു പോലീസിനെ ആശയക്കുഴപ്പത്തിലാക്കി.
അറസ്റ്റിലായ മോഹൻ കുമാറിനെ കസ്റ്റഡിയിൽ വാങ്ങിയ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഞെട്ടിക്കുന്ന സംഭവപരന്പരകളാണ് അയാൾക്കു പറയാനുണ്ടായിരുന്നത്. വിവാഹ വാഗ്ദാനം നല്കിയാണ് യുവതികളുമായി അടുപ്പം സ്ഥാപിച്ചിരുന്നത്.
കുറെനാൾ ഫോണിലൂടെയുള്ള സംസാരത്തിലൂടെ വിശ്വാസം പിടിച്ചുപറ്റും. അവർ തന്റെ വരുതിയിലായിക്കഴിഞ്ഞു എന്നു മനസിലാക്കിയാൽ പിന്നെ നഗരങ്ങളിലെ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള ഏതെങ്കിലും ലോഡ്ജിലോ ഹോട്ടലിലോ മുറിയെടുക്കും. ആ രാത്രി അവർക്കൊപ്പം ചെലവിടും.
പിന്നീട് ഗർഭിണിയാകാതിരിക്കാനുള്ള ഗർഭനിരോധന ഗുളികയാണെന്നു പറഞ്ഞു നേരത്തെ സയനൈഡ് കലർത്തി സൂക്ഷിച്ച ഗുളിക നല്കും.
സംശയം തോന്നാത്ത മുങ്ങൽ
സംഭവസ്ഥലത്ത് തന്നെക്കുറിച്ചുള്ള ഒരു സൂചനയും ലഭിക്കാത്ത വിധം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഇയാളുടെ ഒാരോ നീക്കങ്ങളും. ഗുളിക നൽകിയിട്ട് മൂത്രശങ്കയുണ്ടാകാൻ സാധ്യതയുള്ളതിനാൽ ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ മൂത്രപ്പുരയിലെത്തി കഴിക്കണമെന്നു നിർദേശിച്ചു പറഞ്ഞുവിടും.
ഇങ്ങനെ അകലെനിന്ന് ഇവരുടെ മരണം ഇയാൾ ഉറപ്പാക്കും. ഇതിനകംതന്നെ തന്ത്രത്തിൽ ഊരി വയ്പിച്ച അവരുടെ ആഭരണങ്ങളും മൊബൈൽ ഫോൺ സിം കാർഡും സ്വന്തമാക്കി സ്ഥലംവിടും. ഈ സിം കാർഡ് ഉപയോഗിച്ചാവും അടുത്ത ഇരയുമായുള്ള ഇടപാടുകൾ.
അങ്ങനെ ഇയാൾ എല്ലാ സംഭവത്തിലും അദൃശ്യനായി നിൽക്കും. ചോദ്യം ചെയ്യലിൽ 32 കൊലപാതകങ്ങൾ താൻ നടത്തിയതായി പോലീസിനോടു മോഹൻ കുമാർ സമ്മതിച്ചെങ്കിലും ഇരുപതെണ്ണത്തിൽ മാത്രമാണ് പോലീസിനു യഥാർഥ സാക്ഷികളെയും തെളിവുകളും കണ്ടെത്താൻ സാധിച്ചത്.
ദക്ഷിണ കന്നട, മടിക്കേരി, ഹാസന്, ബംഗളൂരു, മൈസൂരു, കേരളത്തിലെ കാസർഗോഡ് തുടങ്ങിയ ജില്ലകളിലേക്കു നീണ്ടിരുന്നു ഇയാളുടെ കൊലപാതക പരന്പരകൾ. 2009 ഒക്ടോബര് 21നാണ് മോഹന് കുമാര് പോലീസ് പിടിയിലാകുന്നത്.
വിനിത, ശാരദ, ശശികല, ബേബി നായിക്, അനിത, ഹേമ, വിജയലക്ഷ്മി, യശോദ, പുഷ്പ, സുനന്ദ തുടങ്ങിയവരൊക്കെ ഇയാളുടെ ക്രൂരവിനോദത്തിൽ ജീവൻ നഷ്ടമായവരാണ്.
(തുടരും)
തയാറാക്കിയത്: റെനീഷ് മാത്യു