ഇടുക്കി: കോവിഡ് ബാധിച്ച് എസ്ഐ മരിച്ചു. ഇടുക്കി സ്പെഷൽ ബ്രാഞ്ച് എസ്ഐ തൊടുപുഴ പൂച്ചപ്ര വരന്പനാൽ വി.പി.അജിതൻ (55) ആണ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്. മന്ത്രി എം.എം. മണിയുടെ ബന്ധുവാണ് അജിതൻ.
ഇടുക്കി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന അജിതൻ വർക്കിംഗ് അറേഞ്ച്മെന്റിൽ ഇടുക്കി സ്പെഷൽബ്രാഞ്ചിൽ എസ്ഐ ആയി ജോലി നോക്കുകയായിരുന്നു.
ഹൃദ്രോഗത്തിന് ചികിൽസയിലായിരുന്ന ഇദ്ദേഹത്തിന് ഭാര്യയിൽനിന്നാണ് രോഗം ബാധിച്ചതെന്നാണ് വിവരം. ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ഭാര്യ രമണിക്ക് ചെറുതോണി കോളനി സ്വദേശിനിയായ സ്ത്രീയിൽനിന്നാണ് രോഗം പകർന്നത്.
ഇദ്ദേഹത്തിന്റെ മകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇരുവരും കഴിഞ്ഞ ദിവസം കോവിഡ് മുക്തരായിരുന്നു. ഭാര്യാസഹോദരി ഇപ്പോഴും ചികിത്സയിലാണ്.
ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന അജിതനെ കഴിഞ്ഞ ബുധനാഴ്ച രോഗം മൂർശ്ചിച്ചതിനെ ത്തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയത്.
കോവിഡ് ബാധിതനായാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പച്ചതെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന വിവരം. സംസ്കാരം ഇന്നു രാവിലെ കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: അക്ഷയ, അഫിൻ.