എടപ്പാൾ: കോവിഡ് പ്രതിരോധത്തിന്റെ കാവലാളുകൾക്കു ഭക്ഷണമെത്തിച്ച് സന്നദ്ധ സംഘടനയുടെ പെരുന്നാൾ ആഘോഷം. കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയാൻ സർവത്യാഗം ചെയ്യുന്ന പോലീസ്, പഞ്ചായത്ത് അധികൃതർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കാണ് നടുവട്ടത്തെ നൻമ പബ്ലിക് സർവീസ് സെന്റർ പ്രവർത്തകർ പെരുന്നാൾ ദിനത്തിൽ ഉച്ചഭക്ഷണമെത്തിച്ചത്.
കുടുംബത്തോടൊപ്പം കൂടാനാകാതെയും സുഖങ്ങൾ ത്യജിച്ചും നാടിന്റെ സുരക്ഷക്ക് വേണ്ടി പോരാടുന്ന ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബലിപെരുന്നാൾ സുദിനത്തിൽ ബിരിയാണി നൽകി സൽക്കരിക്കുകയായിരുന്നു.
ചങ്ങരംകുളം പോലീസ് സ്റ്റേഷൻ, ആലങ്കോട്, വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, വട്ടംകുളം പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് ഭക്ഷണമെത്തിച്ചത്. വാരിയത്ത് മുഹമ്മദലി, ടി. ഇസ്മാഈൽ, സി.വി ഇബ്രാഹിം മാസ്റ്റർ, അശ്ഫാഖ്, അൽത്വാഫ്, മുഹമ്മദ് സാരിയ, ശഫാഖ്, സഹൽ എന്നിവർ നേതൃത്വം നൽകി.