ഈരാറ്റുപേട്ട: നിർമാണം അവസാനിപ്പിച്ച പഴയകാല ടൂവീലർ മോഡലുകളുടെ പേര് പെൻസിൽതുന്പിൽ ഒരുക്കി ശ്രീദേവ് കെ. ബിജു ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ ഇടംനേടി.
ചേന്നാട് മാളിക സ്വദേശിയായ ശ്രീദേവ് കെ. ബിജു പെൻസിൽ കാർവിംഗ് മൈക്രോ ആർട്ടിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഇപ്പോൾ പ്രൊഡക്ഷൻ ഇല്ലാത്ത 20 പഴയ സ്കൂട്ടറുകളുടെ പേരുകൾ പെൻസിലിൽ കൊത്തിയാണ് ഈ റിക്കാർഡ് ശ്രീദേവ് കരസ്ഥമാക്കിയത്. വാഹനങ്ങളോടുള്ള അതിയായ ഇഷ്ടമാണ് ശ്രീദേവിനെ ഈ റിക്കാർഡിലേക്ക് നയിച്ചത്.
വിരലുകളുടെ അടക്കവും ക്ഷമയും അതിയായ സൂക്ഷ്മതയും വേണ്ട കലയാണ് പെൻസിൽ കാർവിംഗ്. ആറു മണിക്കൂർ കൊണ്ടാണ് ശ്രീദേവ് ലക്ഷ്യം പൂർത്തീകരിച്ചത്.
ശ്രീദേവ് ഒരു വർഷം മുൻപാണ് പെൻസിൽ കാർവിംഗ് തുടങ്ങിയത്. കേരള പെൻസിൽ കാർവേഴ്സ് എന്ന സംഘടനയുടെ നിർമാതാവ് കൂടിയാണ് ശ്രീദേവ്. ഇതിൽ കേരളത്തിലുടനീളമുള്ള 180 ഓളം ആർട്ടിസ്റ്റുകളുണ്ട്.
ഗായിക കെ.എസ്. ചിത്രയുടെ ജന്മദിനത്തോടനുബന്ധിച്ച് നന്ദനം സിനിമയിലെ “കാർമുകിൽ വർണന്റെ’ എന്നു തുടങ്ങുന്ന ഗാനം ശ്രീദേവും ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് പെൻസിലിൽ ഒരുക്കി വീഡിയോ പുറത്തിറക്കിയിരുന്നു.
പ്ലസ്ടു പഠനം പൂർത്തീകരിച്ച ശ്രീദേവ് ഇലക്ട്രോണിക്സ് മേഖലയിൽ തുടർപഠനത്തിനുള്ള ഒരുക്കത്തിലാണ്.