മലയാളത്തിൽ കുറച്ചുകാലം മുന്പുവരെ തിളങ്ങിനിന്ന താരം റോമ ഒരിടവേളയ്ക്കു ശേഷം മടങ്ങിയെത്തുന്നു. വെള്ളേപ്പം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. എന്നാൽ, ഈ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
മലയാള സിനിമയിൽ നായികയായും സഹനായികയായും തിളങ്ങിയ താരമാണ് റോമ. നോട്ട് ബുക്ക് എന്ന സിനിമയിലൂടെയാണ് മലയാള ചലചിത്രരംഗത്തേക്ക് റോമ ചുവടുവക്കുന്നത്.
2017-ൽ റിലീസ് ചെയ്ത സത്യ എന്ന മലയാള ചിത്രത്തിലാണ് റോമ അവസാനമായി അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും സജീവമാകുന്നതിനിടയിലാണ് സിനിമയിൽ നിന്ന് താരം ഇടവേളയെടുത്തത്. അഭിനയമേഖലയിലെ ഈ അപ്രത്യക്ഷമാകലിനെക്കുറിച്ച് തുറന്നുപറയുകയാണ് റോമ.
സിനിമ മടുത്തതുകൊണ്ടാണ് സിനിമയിൽനിന്നു വിട്ടുനിൽക്കുന്നത്. ഒരേ ജനുസിൽപ്പെട്ട അച്ചായത്തി വേഷം, പ്രതിനായികയുടെ നിഴലാട്ടമാടുന്ന ഗ്ലാമർ കാമുകി വേഷം തുടങ്ങിയ കഥാപാത്രങ്ങളാണ് എനിക്ക് കൂടുതലായി വന്നുചേരുന്നത്.
ഇങ്ങനെ തുടർച്ചയായി ഒരേപോലെയുള്ള വേഷങ്ങൾ തേടിയെത്തിയപ്പോൾ ശരിക്കും മടുപ്പ് തോന്നി. അതുകൊണ്ടാണ് സിനിമയിൽനിന്ന് വിട്ടുനിന്നത്.
ഇതിനിടെ പലരും വിളിച്ചു. മികച്ച ക്രൂവിനൊപ്പമുള്ള, വലിയ സ്റ്റാർസിനൊപ്പമുള്ള ഒരുപാട് ചിത്രങ്ങൾ. പക്ഷേ എനിക്കു കിട്ടിയ കഥാപാത്രങ്ങൾ കാന്പില്ലാത്തവയായിരുന്നു. അന്നും ഇന്നും സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ചില ഡിമാൻഡുകൾ എനിക്കുണ്ട്. – റോമ പറയുന്നു.