എടത്വ: കോവിഡ് രോഗവ്യാപനമോ വെള്ളപ്പൊക്ക ദുരിതമോ തലവടിക്കാർക്ക് പ്രശ്നമല്ല. നദിയിൽ മഴവെള്ളപ്പാച്ചിൽ തുടങ്ങിയാൽ തലവടിക്കാർ ഉൗത്തപിടിത്തത്തിൽ സജീവമാകും.
പ്രളയം വന്നാലും വെള്ളപ്പൊക്കം വന്നാലും തലവടിയിലെ യുവാക്കളുടെ പ്രത്യേകതയാണ് നദീതീരങ്ങളിലും ഇടത്തോടുകളിലും വലയുമായി വീശാനിറങ്ങുക.
വൻമത്സ്യങ്ങളല്ല ചെറുമത്സ്യങ്ങളാണ് ഇവർക്ക് പ്രിയം. വെള്ളപ്പൊക്കത്തിൽ ജലാശയങ്ങൾ കലങ്ങിമറിയുന്നതോടെ ചെറുമത്സ്യങ്ങൾ കൂട്ടത്തോടെ തീരത്തടുക്കും. പത്തുവലകൾ വീശിയാൽ ഇവർക്ക് ഒരു ചെറുകുട്ട മത്സ്യങ്ങളെ കിട്ടും.
പരൽ, കരിനന്തൻ, പള്ളത്തി, ചില്ലാൻ തുടങ്ങിയവയാണ് അധികവും ലഭിക്കുന്നത്. വലവച്ചും തോടുകളിൽ കൂടുംവച്ചും മത്സ്യബന്ധനത്തിൽ ഏർപ്പെടാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മത്സ്യം പിടിക്കുന്നത് സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു.
പന്പനദി, ആച്ചൻകോവിലാറ് എന്നിവ സംഗമിക്കുന്ന സ്ഥലമായതിനാൽ വെള്ളപ്പൊക്കം തുടങ്ങുന്നതോടെ മത്സ്യത്തിന്റെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.
വലവച്ച് മത്സ്യം പിടിക്കുക മാത്രമല്ല ചൂണ്ടയിട്ട് മത്സ്യം പിടിക്കാനും ഗ്രാമീണർ ഒത്തുകൂടാറുണ്ട്. വലയിൽ മഞ്ഞക്കൂരി, പനയാരകൻ, വാള, കരിമീൻ, വളർത്തു മീനുകൾ എന്നിവ കുടുങ്ങാറുണ്ടെന്ന് യുവാക്കൾ പറയുന്നു.
സ്വന്തം ആവശ്യത്തിന് എടുത്തശേഷം ചന്തയിൽ എത്തി മത്സ്യങ്ങൾ വിൽക്കുകയാണ്. നേരംപോക്കിന് ഒപ്പം ഉപജീവനവും കൂടിയാണ് തലവടിക്കാർക്ക് മത്സ്യബന്ധനം.