തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ ഈ പശ്ചാത്തലത്തിൽ അതീവ ശ്രദ്ധയും കരുതലും വേണമെന്ന് ആരോഗ്യ വകുപ്പ്. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും കോവിഡ് 19 ലക്ഷണങ്ങൾക്ക് സമാനമാണ്.
അതുകൊണ്ട് കൂടുതൽ ജാഗ്രത ഈ മഴക്കാലത്ത് പുലർത്തുകയും മഴക്കാല രോഗങ്ങൾ വരാതെ ശ്രദ്ധപുലർത്തുകയും വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മാസ്കുകളുടെ ഉപയോഗത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. നനഞ്ഞ മാസ്കുകൾ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്കുകൾ മാറ്റിവക്കുന്നതും നന്നല്ല.
പുറത്തു പോകുമ്പോൾ കൂടുതൽ മാസ്കുകൾ കൈയിൽ കരുതുന്നത് നല്ലതാണ്. ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയരുതെന്നും ആരോഗവകുപ്പ് നിർദേശിച്ചു.
പനിയോ ജലദോഷ രോഗ ലക്ഷണങ്ങളോ കണ്ടാൽ ഇ സഞ്ജീവനി ഓൺലൈൻ ടെലി-മെഡിസിൻ പ്ലാറ്റ്ഫോമിനെ ആശ്രയിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ തുടരണം. രോഗശമനമില്ലെങ്കിൽ ചികിത്സക്കായി അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കണം.
കണ്ടെയ്ന്മെന്റ് സോണുകളിൽ താമസിക്കുന്ന വ്യക്തികളിൽ ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെടണം.
അവരുടെ നിർദേശങ്ങൾ പാലിച്ചുവേണം ചികിത്സക്കായി ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.