അഗർത്തല: ത്രിപുര 12 ാം ക്ലാസ് പരീക്ഷയിൽ 15 ാം വയസിൽ വിവാഹിതയായി ഒരു കുട്ടിയുടെ അമ്മയായ 19 കാരിക്ക് റാങ്ക്. മാനവിക വിഷയത്തിൽ പരീക്ഷ എഴുതിയ സംഘമിത്ര ദേവ് ആണ് ആദ്യപത്ത് റാങ്കിൽ എത്തിയത്.
പരീക്ഷയിൽ 92.6 ശതമാനം മാർക്കാണ് സംഘമിത്രയ്ക്ക് ലഭിച്ചത്. ഇതോടെ എല്ലാ സ്ട്രീമുകളിലായി ഒമ്പതാം സ്ഥാനവും മാനവിക വിഷയത്തിൽ ഏഴാം റാങ്കുകാരിയുമായി. തലസ്ഥാനമായ അഗർത്തലയിൽനിന്ന് 10 കിലോമീറ്റർ മാറി ഗാന്ധിഗ്രാം ടൗണിലാണ് ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം സംഘമിത്ര കഴിയുന്നത്.
ഇവരുടെ ഭർത്താവ് രാജു ഘോഷ് ബിഎസ്എഫ് ജവാനാണ്. വീട്ടിലെ പണികളും കുട്ടിയുടെ കാര്യങ്ങളും നോക്കിയതിനു ശേഷമുള്ള സമയമാണ് പഠനത്തിനായി നീക്കിവച്ചതെന്ന് ഇവർ പറയുന്നു. ഭർതൃ മാതാവ് തന്നെ ജോലികളിൽ സഹായിച്ചിരുന്നതായും മികച്ച വിജയം നേടാനായതിൽ സന്തോഷമുണ്ടെന്നും സംഘമിത്ര പറയുന്നു.
ഇതേ രീതിയിൽ ബിരുദവും പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് സംഘമിത്ര 10 ാം ക്ലാസ് പരീക്ഷ എഴുതിയത്. 10 ാം ക്ലാസിൽ 77 ശതമാനം മാർക്കാണ് സംഘമിത്രക്ക് ലഭിച്ചത്.