എടപ്പാൾ: ഗ്രാമീണ ശൈലിയിലുള്ള ഇന്പമാർന്നൊരു ഗാനം മലയാളി പാടി നടന്നു.ആ പാട്ടിനെ ഏവരും മനസിൽ ഏറ്റെടുത്തപ്പോഴും അതിന്റെ സൃഷ്ടി കർത്താവ് തിരശീലക്ക് പിറകിലായിരുന്നു.
വർഷങ്ങൾക്കു ശേഷം ഒരു സ്വകാര്യ ചാനലിലെ ശ്രദ്ധേയമായ ഒരു പരിപാടിയിൽ പങ്കെടുത്ത ആ സൃഷ്ടി കർത്താവ് അവിടെ വച്ച് പറഞ്ഞു
ആ പാട്ട് എന്റേതാണ്.’കൈതോലപ്പായ വിരിച്ച് പായേലൊരു പറ നെല്ലുമളന്ന് കാതുകുത്താൻ ഇപ്പൊ വരുംഅന്റമ്മാമൻമാര് പൊന്നോ ’ജിതേഷ് കക്കിടിപ്പുറം എന്ന കലാകാരൻ സ്ഫുടമായി, ആസ്വാദ്യകരമായ ഈണത്തിൽ ആ നാടൻ ഗാനം അവിടെ വീണ്ടും പാടി.
അന്നു മുതൽ ആ ഗാനം സനാഥമായി. ജിതേഷ് കക്കിടിപ്പുറം എന്ന ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കലാകാരൻ പുറംലോകത്തിനു മുന്നിൽ അറിയപ്പെട്ടു.
പക്ഷേ, ഇന്നലെ കാലയവനികക്കുള്ളിൽ ജിതേഷ് മറഞ്ഞപ്പോൾ കലാകേരളത്തിന് നഷ്ടമായത് സകലകലാ വല്ലഭനായ ഒരു കലാകാരനെയാണ്.
ഇന്നലെ പുലർച്ചെയാണ് കക്കിടിപ്പുറത്തെ താമസ വീട്ടിൽ ജിതേഷിനെ മരിച്ച നിലയിൽ കണ്ടത്. ജിതേഷ് ഒറ്റയ്ക്കായിരുന്നു താമസം. അടുത്ത കാലത്തായി കരൾ സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
’ ചോരാ വീണാലത്രേ പാലത്തിൻതൂണ് ഉറക്കൊള്ളുന്ന് ’ എന്ന് ഉറക്കെ പാടിയ ജിതേഷിന്റെ സ്വരമാധുര്യം പാലത്തിന്റെ തൂണുകളേക്കാൾ ഉറച്ചു പോയി മലയാളികളുടെ മനസിൽ. നാടൻപാട്ട് ജീവനാക്കിയ കലാകാരന്റെ സ്വരവും ഈണവും തിരിച്ചറിയാൻ കലാകേരളം ഏറെ വൈകി.
ഇരുപത്തിയഞ്ചിധികം നാടകങ്ങൾ നാട്ടിലെ ക്ലബുകൾക്കും യുവജനോൽസവങ്ങൾക്കുമായി രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ജിതേഷ് 250ൽപ്പരം നാടൻപാട്ടുകളും ലളിത ഗാനങ്ങളും രചിക്കുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. സിനിമാ, സീരിയൽ രംഗത്തും ജിതേഷ് കക്കിടിപ്പുറത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഫോക്ക്ലോർ അക്കാഡമിയുടെ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ അടുത്ത കാലത്ത് തേടിയെത്തിയിരുന്നു. നാടകം, നാടൻപാട്ട് രംഗത്ത് നിരവധി ശിഷ്യരും ജിതേഷ് കക്കിടിപ്പുറത്തിനുണ്ട്.
സ്കൂൾ കലോത്സവ വേദികളിൽ ജിതേഷ് നിറസാനിധ്യമായിരുന്നു. നല്ലൊരു ചെണ്ട വാദ്യകലാകാരൻ കൂടിയായ ജിതേഷ് തെയ്യം, തിറ തുടങ്ങിയ അനുഷ്ടാന കലകളുടെ അവതരണത്തിലും ശ്രദ്ധേയനായിരുന്നു.