കടുത്തുരുത്തി: 25 വർഷത്തിനുശേഷം മധുവിനും കുടുംബത്തിനും സ്വന്തം പുരയിടത്തിൽ കിണറായി. ലോക്ക് ഡൗണ്‍ കാലത്തെ സമയം സ്വന്തം പുരയിടത്തിൽ അധ്വാനിച്ചാണ് മധുവും കുടുംബവും കിണർ നിർമിച്ചത്.
കുറുപ്പന്തറ കാഞ്ഞിരത്താനം വിഷ്ണു വിലാസത്തിൽ ടി.പി. തുളസീധരൻപിള്ളയും (മധു) ഭാര്യ ഷൈലാമണിയും മക്കളായ വിഷ്ണു, വിനോദ്, വിശാഖ് എന്നിവരും ചേർന്നാണ് ഒരു മാസം കൊണ്ട് വീട്ടുവളപ്പിൽ കിണർ നിർമിച്ചത്. മൂന്നു സെന്റ് ഭൂമിയിൽ താമസിക്കുന്ന മധുവും കുടുംബവും 25 വർഷമായി അയൽവാസിയുടെ കിണറ്റിൽനിന്നുമാണ് വെള്ളമെടുത്തിരുന്നത്.
നാലടി വിസ്താരമുള്ള കിണറിന് 11 കോൽ ആഴമുണ്ട്. ഒന്‍പതര കോൽ താഴ്ത്തിയശേഷമാണ് വെള്ളം കണ്ടത്. ഏപ്രിൽ ആദ്യവാരം തുടങ്ങിയ പണി 20 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.
ലോക്ക്ഡൗണായതുകൊണ്ട് മരപ്പണിക്കാരനായ മധുവിനും പണിയും മക്കൾക്കു പഠിത്തവും ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും കിട്ടുന്ന സമയം കിണർ കുഴിക്കാനായി ഇവർ ചെലവഴിച്ചു. സാന്പത്തിക പരാധീനതകൾക്കിടയിലും കിണറിന് ചുറ്റുമതിലും നിർമിച്ചു.
വെട്ടുകല്ലുള്ള പ്രദേശമായതിനാൽ കിണർ കുഴിക്കൻ കുറച്ചു ബുദ്ധിമുട്ടുണ്ടായെങ്കിലും കുടുംബാംഗങ്ങളുടെ പിന്തുണയിൽ ജോലികൾ വേഗത്തിൽ തീർക്കുകയായിരുന്നുവെന്ന് മധു പറഞ്ഞു. 30ൽ പരം കിണറുകൾക്ക് സ്ഥാനനിർണയം നടത്തിയിട്ടുള്ള ആളാണ് മധുവെങ്കിലും സ്വന്തം കിണറിനു സ്ഥാനം കാണാൻ കോവിഡ് കാലം തന്നെ വേണ്ടി വന്നുവെന്നതാണ് കൗതുകം.