അജിത് ജി നായര്‍
ഈ കോവിഡ് കാലത്ത് മലയാള സിനിമയ്ക്ക് പുതിയ ഒരു ദിശാബോധം ഉണ്ടാക്കിയ ചിത്രമാണ് സൂഫിയും സുജാതയും. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി നേടിയ ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും ഏവരെയും സൗന്ദര്യാത്മകതയുടെ ഒരു സ്വപ്നലോകത്തേക്കാണ് നയിക്കുന്നത്.
സിനിമ റിലീസ് ആകുന്നതിനു മുമ്പ് ഇറങ്ങിയ പോസ്റ്ററുകള്‍ സൂഫിയുടെയും സുജാതയുടെയും പ്രണയം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു. പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതും അതിമനോഹരം എന്നു വിശേഷിപ്പിക്കാവുന്ന ഈ സ്റ്റില്‍സ് തന്നെയായിരുന്നു.
പിന്നീട് ആളുകളുടെ അന്വേഷണം സൂഫിയുടെയും സുജാതയുടെയും പ്രണയം നിറഞ്ഞൊഴുകുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ ആ കാമറക്കണ്ണുകളെ തേടിയായിരുന്നു. കൊല്ലം ഓയൂര്‍ സ്വദേശിയായ വിഷ്ണു എസ് രാജനാണ് ഈ മനോഹര ചിത്രങ്ങള്‍ക്കായി കാമറ ചലിപ്പിച്ചത്.
സിനിമ പാരമ്പര്യമോ ഫോട്ടോഗ്രഫി അക്കാദമികളില്‍ നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലമോ ഇല്ലാതെ സ്വപ്രയത്നത്തിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയ കഥയാണ് എഞ്ചിനീയറായ വിഷ്ണുവിന് പറയാനുള്ളത്. സിനിമയെക്കുറിച്ചും തന്റെ ഫോട്ടോഗ്രഫി ജീവിതത്തെക്കുറിച്ചും വിഷ്ണു രാഷ്ട്രദീപികയോടു മനസ്സു തുറക്കുന്നു…
എഞ്ചിനീയറിംഗില്‍ നിന്നു സിനിമയിലേക്ക്…
ഒരു എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദമുള്ള ഒരു വ്യക്തി എങ്ങനെ ഫോട്ടോഗ്രഫി പ്രൊഫഷനാക്കി എന്നു ചോദിച്ചാല്‍ ‘പാഷന്’ എന്നേ ഉത്തരമുള്ളൂ. കൊല്ലം യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ പഠനത്തിനു ശേഷം ട്രിവാന്ട്രം മാര്‍ ബസേലിയസ് കോളജില്‍ നിന്ന് മെഷീന് ഡിസൈനില്‍ എം.ടെക്. തുടര്‍ന്ന് ദുബായില്‍ ജോലി ശരിയായെങ്കിലും ആ സമയത്തിനുള്ളില്‍ ഫോട്ടോഗ്രഫിയാണ് എന്റെ പ്രൊഫഷന് എന്ന് തിരിച്ചറിഞ്ഞിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തിപ്പെടുന്നതും.
ബിടെകിനു ശേഷം കാനന്‍ 600ഡി കാമറയുമായി ഫോട്ടോ എടുക്കാന്‍ ഇറങ്ങി. അങ്ങനെ പ്രകൃതിയുടെ ചിത്രങ്ങള്‍ എടുത്തെടുത്ത് ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കി. അവിടെ നിന്ന് പതിയെ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലേക്കും പരസ്യചിത്രങ്ങളിലേക്കും കടന്നു. അങ്ങനെ ഒരു വര്‍ഷം കടന്നു പോയി. പിന്നീട് എംടെക്കിനു ചേര്‍ന്നതോടെ വീണ്ടും പഠനത്തിന്റെ നാളുകള്‍. കോഴ്സ് പൂര്‍ത്തിയാക്കിയതോടെ വീണ്ടും ഫോട്ടോഗ്രഫിയിലേക്ക്.
ഫോട്ടോഗ്രഫി പാഷനായിരുന്നു കുറെ സുഹൃത്തുക്കള്‍ ആലപ്പുഴയില്‍ ഉണ്ടായിരുന്നു. പലര്‍ക്കും സിനിമബന്ധങ്ങളുമുണ്ടായിരുന്നു. അതിലൊരാളായിരുന്നു തേജസ് സതീശന്. ചെന്നൈയില്‍ നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ കഴിഞ്ഞ് സിനിമ ചെയ്യുക എന്ന ലക്ഷ്യത്തോടെ മുമ്പോട്ടു പോകുന്ന ആളായിരുന്നു തേജസ്. അങ്ങനെ ഞാനും തേജസും കൂടി ആലപ്പുഴയില്‍ ‘വെഡ് ഇങ്ക് സ്റ്റോറീസ്’ എന്ന പേരില്‍ ഒരു വെഡ്ഡിംഗ് ഫോട്ടോഗ്രഫി കമ്പനി തുടങ്ങി. അതായിരുന്നു തുടക്കം.
കോളജ് പഠനകാലത്ത് സിനിമയ്ക്ക് പോകുമ്പോള്‍ പോസ്റ്ററുകളില്‍ കൊടുത്തിരിക്കുന്ന പേരുകളില്‍ അവസാനത്തേതിനു തൊട്ടു മുകളിലത്തെ പേര് എന്നും ശ്രദ്ധിക്കുമായിരുന്നു. ആയിടയ്ക്കാണ് ഓംശാന്തി ഓശാന,സെവന്ത് ഡേ, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ ചിത്രങ്ങളുടെ ഫോട്ടോഗ്രാഫറിന്റെ പേര് മനസ്സില്‍ തട്ടിയത്. ഹാസിഫ് ഹക്കിം എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
അങ്ങനെയിരിക്കെ തീരം എന്ന സിനിമയിലെ ‘ആലപ്പുഴ’ എന്ന സോങിന്റെ വീഡിയോ ഷൂട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നത്. അങ്ങനെയാണ് സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത്. കാനന്‍ വണ്‍ ഡിഎക്സ് കാമറ ആ സമയത്ത് വാങ്ങിയിരുന്നു. ആ സമയത്താണ് ഏറെ ആരാധിച്ചിരുന്ന ഫോട്ടോഗ്രാഫര്‍ ഹാസിഫ് ഹക്കിം അനുരാജ് മനോഹറിന്റെ ‘ഇഷ്ക്ക്’ എന്ന സിനിമയില്‍ അസിസ്റ്റന്റിനെ തേടുന്നത് അറിഞ്ഞത്. സമീപകാലത്തെങ്ങും നടക്കില്ലെന്നു വിചാരിച്ചിരുന്ന കാര്യം അങ്ങനെ യാഥാര്‍ഥ്യമായി. പിന്നീട് ലൂക്ക എന്ന സിനിമയിലും അദ്ദേഹത്തെ അസിസ്റ്റു ചെയ്തു.
സൂഫിയിലേക്കുള്ള ‘അന്വേഷണം’
പ്രശോഭ് വിജയന് സംവിധാനം ചെയ്ത ജയസൂര്യച്ചിത്രം അന്വേഷണത്തിലൂടെയാണ് ഇന്‍ഡിപെന്‍ഡന്റ് ആകുന്നത്. ഈ സമയത്ത് സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടും നടത്തുമായിരുന്നു. അങ്ങനെ നടി ലെന ചേച്ചിയുടെ ഒരു ഫോട്ടോഷൂട്ട് കണ്ടാണ് വിജയ് ബാബു സാര്‍ സൂഫിയിലേക്ക് വിളിക്കുന്നത്. ഫോട്ടോഗ്രഫി പഠിച്ചിട്ടില്ലെന്നറിഞ്ഞപ്പോള് അദ്ദേഹത്തിന് അദ്ഭുതമായി അത്. അങ്ങനെ ഈ ചിത്രത്തിന്റെ ഭാഗമായി. ചിത്രത്തിന്റെ സ്ക്രിപ്റ്റ് നന്നായി വായിച്ചു നോക്കി. സംവിധായകന് നാറാണിപ്പുഴ ഷാനവാസ് കഥാസംഗ്രഹം മുഴുവന്‍ പറഞ്ഞു തന്നു.
ഫ്രൈഡേ ഫിലിംസിനൊപ്പമുള്ള ആദ്യ സിനിമയായതിനാല്‍ അല്പം ടെന്‍ഷനോടെയാണ് വര്‍ക്ക് ചെയ്തത്. ഷൂട്ടിംഗിനിടയില്‍ തന്നെ ചില ചിത്രങ്ങള്‍ പ്രത്യേകം സെറ്റ് ചെയ്ത് പകര്‍ത്തിയതാണ്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ട് എല്ലാവരും നല്ലത് പറഞ്ഞു. ഇത് ആത്മവിശ്വാസം പകര്‍ന്നു. ഇന്ത്യയിലെ വലിയ വലിയ സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമായ നടിയാണ് അതിഥി റാവു ഹൈദാരി. അവരും ജയസൂര്യയുമൊക്കെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞപ്പോള്‍ അവാര്‍ഡ് കിട്ടിയതുപോലെയായിരുന്നു.
മലയാളത്തിലെ ആദ്യ ഒടിടി റിലീസിംഗിന്റെ ഭാഗമായപ്പോള്‍…
ഒടിടി റിലീസിംഗിന്റെ ഭാഗമായപ്പോള്‍ ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നീട് ചെറിയ ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്ക്കും മികച്ച അഭിപ്രായമായിരുന്നു. ഇതോടെ ടെന്‍ഷന്‍ നീങ്ങി. പിന്നെ പാട്ടും ക്യാരക്ടര്‍ പോസ്റ്ററുകളും ഇറങ്ങിയതോടെ ജനങ്ങള്‍ ചിത്രം ഏറ്റെടുത്തു. ചിലര്‍ ഈ തീമില്‍ സേവ് ദി ഡേറ്റ് വീഡിയോകളും പോസ്റ്റ് വെഡ്ഡിംഗ് ആല്‍ബവുമൊക്കെ ചെയ്തു കണ്ടപ്പോള്‍ ഒരു ഗ്രേറ്റ് ഫീലായിരുന്നു.
സിനിമ രംഗത്തു നിന്നുള്ള പ്രതികരണങ്ങള്‍…
ചിത്രങ്ങള്‍ക്കു താഴെ നിരവധി ആളുകളാണ് കമന്റു ചെയ്തത്. സൂഫിയുടെയും സുജാതയുടെയും പ്രണയം ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നുണ്ടെന്ന് പലരും പറഞ്ഞു. രാധാകൃഷ്ണന് ചാക്യാത്ത് സാറിനെപ്പോലെയുള്ള പ്രഗത്ഭരും മലയാളത്തിലെ പ്രമുഖ സംവിധായകരുള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകരും താരങ്ങളും വിളിച്ചിരുന്നു
പൃഥിരാജ് സല്മാന്ഖാന്
സൂഫി ചെയ്യുന്നതിനു മുമ്പു തന്നെ ഞാന്‍ ചെയ്ത ശ്രദ്ധേയമായ ഒരു വര്‍ക്ക് എന്നു പറയുന്നത് അമര്‍ അക്ബര്‍ അന്തോണിയിലെ പൃഥിരാജിന്റെ സല്മാന് ഖാന് ലുക്ക് ആയിരുന്നു. അന്ന് ആ ചിത്രം പൃഥിരാജിന് വരെ ഇഷ്ടമായി. തുടര്‍ന്ന് അദ്ദേഹം ആ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേവരെ പൃഥിരാജിനെ കാണാനോ ചിത്രമെടുക്കാനോ പറ്റിയിട്ടില്ലെന്നതാണ് സത്യം
പുതിയ ചിത്രമായ വാലാട്ടിയെക്കുറിച്ച്
നല്ല പ്രതീക്ഷയുള്ള സിനിമയാണ്, സ്ക്രിപ്റ്റ് കേട്ടിരുന്നു.ടോമി,അമലു,കരിദാസ് എന്നീ നായകളാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. കൊല്ലത്താണ് ലൊക്കേഷന്‍. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ഈ മാസം ചിത്രം തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുടുംബം,ഭാവി സ്വപ്നങ്ങള്‍…
ആര്യയെന്നാണ് വൈഫിന്റെ പേര്. ഏപ്രിലിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് മെയ് 10ന് ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. കുറച്ച് നല്ല സിനിമകള്‍ ചെയ്യണം അതിനു ശേഷം സിനിമാറ്റോഗ്രാഫര്‍ ആകണം. സ്വന്തമായി സിനിമ ചെയ്യണം അങ്ങനെ പോകുന്നു ആഗ്രഹങ്ങള്‍… വിഷ്ണു പറയുന്നു.